INDIA

നാനോടെക്‌നോളജി 2600 വര്‍ഷം മുമ്പെ നിലനിന്നതിനു തമിഴ്‌നാട്ടില്‍ നിന്ന് തെളിവ്

ചെന്നൈ: നാനോടെക്‌നോളജി പുതിയ കാലത്തിന്റെ സംഭാവനയല്ല എന്ന് തെളിയിക്കുന്ന ചില കണ്ടെത്തലുകള്‍ നടന്നിരിക്കുകയാണ്. മനുഷ്യനിര്‍മിതമായ നാനോ പദാര്‍ഥങ്ങള്‍, 2600 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്നതിന് തെളിവുമായി പുരാവസ്തു ഗവേഷകര്‍. മനുഷ്യര്‍ ‘നാനോവിദ്യകള്‍’ ഉപയോഗിച്ചതിന് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും പഴക്കമേറിയ തെളിവാണ്, തമിഴ്നാട്ടിലെ കീലാടി ഉത്ഖനനകേന്ദ്രത്തില്‍ നിന്ന് കണ്ടെത്തിയത്.മണ്‍പാത്രങ്ങളിള്‍ പൂശിയ മനുഷ്യനിര്‍മിത നാനോപദാര്‍ഥങ്ങളാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. കാര്‍ബണ്‍ നാനോട്യൂബുകള്‍ കൊണ്ടുള്ള പദാര്‍ഥമാണ് മണ്‍പാത്രങ്ങളില്‍ പൂശിയിട്ടുള്ളതെന്ന്, ‘സയന്റിഫിക് റിപ്പോര്‍ട്ട്സ്’ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. 2600 വര്‍ഷം ഈ നാനോപദാര്‍ഥം നിലനിന്നു എന്നത് അത്ഭുതകരമാണ്.ഏതു വിദ്യകളുപയോഗിച്ചാകാം ഉന്നത ഊഷ്മാവില്‍ ഈ പാത്രങ്ങള്‍ നിര്‍മിച്ചതെന്ന ചോദ്യം അവശേഷിക്കുന്നു. മനുഷ്യനിര്‍മിത നാനോപദാര്‍ഥങ്ങളുടെ കാര്യത്തില്‍, ഇതുവരെ ലഭിച്ചതില്‍ ഏറ്റവും പഴക്കമേറിയതാണിതെന്ന്, പഠനത്തില്‍ പങ്കെടുത്ത വെല്ലൂര്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകന്‍ വിജയാനന്ദ് ചന്ദ്രശേഖരന്‍ പറഞ്ഞു. എ.ഡി. എട്ടാം നൂറ്റാണ്ടില്‍ അല്ലെങ്കില്‍ ഒന്‍പതാം നൂറ്റാണ്ടില്‍ ഉള്ളവയായിരുന്നു ഇതുവരെ അറിഞ്ഞതില്‍ ഏറ്റവും പഴക്കമേറിയവ.കാര്‍ബണ്‍ ആറ്റങ്ങള്‍ കൃത്യമായി ക്രമീകരിച്ച നിലയിലാണ് ഈ പദാര്‍ഥങ്ങളില്‍ ഉള്ളത്. മണ്‍പാത്രങ്ങളില്‍ പൂശാനുപയോഗിക്കുന്ന വസ്തുക്കള്‍ സാധാരണയായി കാലാവസ്ഥാമാറ്റങ്ങളില്‍ പെട്ട് നശിക്കാറാണ് പതിവ്. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയവയ്ക്ക് കേടുപാടില്ലെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. കാര്‍ബണ്‍ നാനോപദാര്‍ഥങ്ങളുടെ രൂപകല്‍പനയിലെ പ്രത്യേകത കാരണമാവാം 2600 വര്‍ഷത്തോളം അവയ്ക്ക് മാറ്റം സംഭവിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം കാര്‍ബണ്‍ നാനോട്യൂബുകള്‍ക്ക് വൈദ്യുത, താപ ചാലകശേഷി കൂടുതലാണെന്ന് തിരുവനന്തപുരം ഐസറിലെ ശാസ്ത്രജ്ഞന്‍ എം.എം.ഷൈജു മോന്‍ പറഞ്ഞു. മണ്‍പാത്രനിര്‍മാണത്തിനിടെ ഉയര്‍ന്ന താപനിലയില്‍ ആകസ്മികമായി ഇവ രൂപപ്പെട്ടതാകാമെന്ന് അദ്ദേഹം പറഞ്ഞു.മണ്‍പാത്രങ്ങളില്‍ പൂശാനുപയോഗിച്ച സസ്യസത്ത്, ഉയര്‍ന്ന താപനിലയില്‍ യാദൃശ്ചികമായി നാനോപദാര്‍ഥമായി മാറിയിരിക്കാമെന്ന്, ഗവേഷകര്‍ അനുമാനിക്കുന്നു. പ്രാചീനകാലത്ത് സസ്യങ്ങളുടെ ചാറും സത്തും മറ്റും മണ്‍പാത്രങ്ങളില്‍ പൂശാന്‍ ഉപയോഗിച്ചിരുന്നു. ഇവ 1100-1400 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ചുട്ടെടുത്തിരുന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന്, അളഗപ്പ യൂണിവേഴ്‌സിറ്റിയിലെ ചരിത്രാധ്യാപകനായ രാജവേലു എസ് പറഞ്ഞു. ചൂടാക്കുന്നത് മൂലം മണ്‍പാത്രങ്ങള്‍ക്ക് ദൃഢതയും ഈടും വര്‍ധിച്ചു. അന്നത്തെ ജനങ്ങള്‍ക്ക് കാര്‍ബണ്‍ ഘടനയെ കുറിച്ച് ധാരണയുണ്ടായിരിക്കാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു.സംഘകാല ചരിത്രത്തെ കുറിച്ചുള്ള ഗവേഷണങ്ങളാണ് കീലാടിയിലെ പഠനങ്ങള്‍ക്കുള്ള പ്രാധാന്യം. സംഘകാല സാഹിത്യത്തില്‍ ഉരുക്ക് നിര്‍മാണത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ഇരുമ്പ് യുഗം നിലനിന്നിരുന്നതായുള്ള വാദം ദൃഢപ്പെടുത്തുന്നതാണ് ഈ ഖനനങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. പുരാതനകാലഘട്ടത്തിലെ നിര്‍മാണപ്രക്രിയകളെ കുറിച്ചുള്ള കൂടുതല്‍ വിവരം ലഭിച്ചാല്‍ അത് ആധുനികകാലത്ത് ഉപയോഗപ്രദമാക്കാവുന്നതാണെന്ന് ബെംഗളൂരു നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ശാരദാ ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close