INDIANEWSTop News

നാരദ കൈക്കൂലി കേസ്: മന്ത്രിമാരടക്കം മുതിർന്ന തൃണമൂൽ നേതാക്കൾ അറസ്റ്റിൽ; സിബിഐ ഓഫീസിലെത്തി നാടകീയമായ രംഗങ്ങൾ സൃഷ്ടിച്ച് മമത

കൊൽക്കൊത്ത: നാരദ കൈക്കൂലിക്കേസിൽ രണ്ട് മന്ത്രിമാരടക്കം തൃണമൂൽ കോൺഗ്രസ്സിന്റെ നാല് നേതാക്കൾ അറസ്റ്റിൽ. മന്ത്രിമാരായ ഫിർഹദ് ഹക്കീം, സുബ്രത മുഖർജി, തൃണമൂൽ എം‌എൽ‌എ മദൻ മിത്ര, മുൻ തൃണമൂൽ നേതാവ് സോവൻ ചാറ്റർജി എന്നിവരെയാണ് സിബിഐ അറസ്റ് ചെയ്തത്. അറസ്റ്റിൽ സിബിഐ ഓഫീസിവിലെതിപ്രീഅതിഷേധം അറിയിച്ച മമത നേതാക്കൾക്ക് ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ചു.

നിലവിൽ സുബ്രത മുഖര്‍ജി പഞ്ചായത്ത് മന്ത്രിയും ഫിര്‍ഹാദ് ഹക്കിം ഗതാഗത മന്ത്രിയുമാണ്. നാല് പേര്‍ക്കെതിരേയും അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ അനുമതി നല്‍കിയിരുന്നു. കേസില്‍ സി.ബി.ഐ. ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. നാല് പേരെയും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടും. കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചില്ലെങ്കില്‍ ജാമ്യം ലഭിക്കുന്നത് വരെ ഇവര്‍ പോലീസ് ലോക്കപ്പില്‍ തന്നെ തുടരേണ്ടി വരും.

പശ്ചിമ ബംഗാളിൽ നാരദ ന്യൂസ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനുകളുടെ പരമ്പരയാണ് നാരദ കേസ്. 12 ടി‌എം‌സി മന്ത്രിമാരും നേതാക്കളും ഒരു ഐ‌പി‌എസ് ഉദ്യോഗസ്ഥനും ഒരു സാങ്കൽപ്പിക കമ്പനിയുടെ പ്രതിനിധികളിൽ നിന്ന് കൈക്കൂലി വാങ്ങുന്നത്തിന്റെ ദൃശ്യങ്ങളാണ് ടേപ്പുകളിൽ പുറത്ത് വിട്ടിരിക്കുന്നത്. 2016 ൽ ബംഗാൾ നിയമസഭാ ഇലക്ഷന് മുന്നോടിയായാണ് നാരദ സ്റ്റിങ് ഓപ്പറേഷന്റെ കൈക്കൂലി ദൃശ്യങ്ങൾ പുറത്തു വന്നത്.

ക്യാമറയിൽ പിടിക്കപ്പെട്ട നേതാക്കളിൽ സുബ്രത മുഖർജി, സോവൻ ചാറ്റർജി, മദൻ മിത്ര, ഫിർഹാദ് ഹക്കീം, സൗഗതാ റോയ്, കക്കോലി ഘോഷ് ദസ്തിദാർ, പ്രസുൻ ബാനർജി എന്നിവരും ഉൾപ്പെട്ടിരുന്നു. അക്കാലത്ത് തൃണമൂൽ കോൺഗ്രസിൽ ഉണ്ടായിരുന്ന ഇപ്പോൾ ബിജെപി നേതാക്കളായ മുകുൾ റോയ്, സുവേന്ദു അധികാരി എന്നിവരും ‘നാരദ ടേപ്പുകളിൽ’ പണം സ്വീകരിക്കുന്നതായി തെളിഞ്ഞിരുന്നു. 2017 മാർച്ചിൽ, നാരദ ടേപ്പുകളിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹർജി അടിസ്ഥാനമാക്കി, കേസിൽ സിബിഐ പ്രാഥമിക അന്വേഷണം നടത്താൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ആവശ്യമെങ്കിൽ കേസിൽ ഉൾപ്പെട്ടവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും സിബിഐക്ക് നിർദേശം നൽകി. ഇതിനെതിരെ അന്നത്തെ ബംഗാൾ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി തള്ളി.

ആ സമയം പോലീസ് സൂപ്രണ്ടായിരുന്ന എം എച്ച് അഹമ്മദ് മിർസയും പണം സ്വീകരിക്കുന്നതായി കണ്ടിരുന്നു. 2019 ൽ കേസിൽ ആദ്യ പ്രതിയായി അറസ്റ്റിലായത് മിർസയാണ്. പിന്നീട് കേസിൽ പുരോഗതി ഉണ്ടാവുന്നത് ഇപ്പോഴാണ്. എം.എല്‍.എമാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സ്പീക്കര്‍ അനുമതി നല്‍കേണ്ടതുണ്ട്. എന്നാല്‍ സ്പീക്കറെ സമീപിക്കാതെ നേരിട്ട് ഗവര്‍ണറില്‍ നിന്ന് അനുമതി തേടിയാണ് മന്ത്രിമാരേയും എംഎല്‍എമാരേയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ ബിജെപി നേതൃത്വത്തിലുള്ള മുകുൾ റോയെയും സുവേന്ദു അധികാരിയെയും അറസ്റ് ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

അതെ സമയം മമതയുടെ സിബിഐ ഓഫീസിലേക്കുള്ള വരവ് നാടകീയമായ രംഗങ്ങൾക്ക് ഇടയാക്കി. മന്ത്രിമാരെ കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെ സിബിഐ ആസ്ഥാനത്തേക്ക് പാഞ്ഞെത്തിയ മമത തന്നെയും അറസ്റ് ചെയ്യാൻ ഓഫീസർമാരോട് ആവശ്യപ്പെട്ടു. ബി.ജെ.പി തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും സി.ബി.ഐയെ രാഷ്ട്രിയ ചട്ടുകമാക്കാനാണ് ആഗ്രഹിയ്ക്കുന്നതെങ്കില്‍ അത് അനുവദിക്കില്ലെന്നും മമതാ ബാനർജി പറഞ്ഞു. ഇപ്പോള്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റായ മുകുള്‍ റോയിക്കെതിരെയും എംഎൽഎ ആയ സുവേന്ദു അധികാരിക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് രാഷ്ട്രിയ ഇടപെടൽ വ്യക്തമാക്കുന്നതായി മമത ആരോപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close