മലപ്പുറം: കേരളത്തിലെ കോവിഡ് ആശങ്കകള്‍ക്ക് ആശ്വാസം നല്‍കി മലപ്പുറം കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടിയുടെ മരണകാരണം കോവിഡ് അല്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ഷൈലജ. അവസാനമായി നല്‍കിയ സാമ്പിള്‍ പരിശോധനയുടെ ഫലവും നെഗറ്റീവാണ്. നേരത്തേ കോവിഡ്ബാധ സ്ഥിരീകരിച്ച ഇയാളുടെ പരിശോധന പിന്നീട് നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് അയച്ച് മൂന്നാം ദിവസമാണ് മരണമടഞ്ഞത്. ഇതോടെ ആശങ്കകള്‍ ഉയര്‍ന്നെങ്കിലും മരിക്കുന്നതിന് തൊട്ടു മുമ്പ് അയച്ച സാമ്പിളും നെഗറ്റീവാണ്.
വീരാന്‍കുട്ടിയുടേത് കോവിഡ് മരണമല്ലെന്നും അദ്ദേഹം മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിരുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഹൃദയ, വൃക്ക രോഗം ഉള്‍പ്പെടെ പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ വീരാന്‍കുട്ടി നേരിട്ടിരുന്നതായും മന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ചല്ല മരണം എന്ന് ഉറപ്പായതോടെ മൃതദേഹം വീട്ടുകാര്‍ക്ക് കൈമാറും. എങ്കിലും കൂടുതല്‍ രോഗബാധിതര്‍ ഉള്ള ജില്ല എന്ന നിലയില്‍ വലിയ ജാഗ്രത നില നില്‍ക്കുന്ന ജില്ലയായതിനാല്‍ സംസ്‌ക്കാര ചടങ്ങുകള്‍ക്ക് 20 പേരില്‍ കൂടാനാകില്ല. കോവിഡുമായി ബന്ധപ്പെട്ട് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ ആക്കിയിരുന്ന മകനും ഇന്ന ആശുപത്രി വിടുകയാണ്. നേരത്തേ മൂന്ന് തവണ പരിശോധന നടത്തിയിട്ടും നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് വീരാന്‍ കുട്ടിയെ വീട്ടിലേക്ക് വിട്ടത്. എന്നാല്‍ ഇദ്ദേഹം കുറേക്കാലമായി പ്രായാധിക്യമായ പ്രശ്‌നങ്ങളാല്‍ വലയുകയായിരുന്നു.
40 വര്‍ഷമായി ഹൃദയ സംബന്ധമായ പ്രശ്‌നം നേരിടുന്ന ഇദ്ദേഹത്തിന് കോവിഡ് വന്നതോടെ വൃക്കകളും പ്രശ്‌നത്തിലായിരുന്നു. ഏപ്രില്‍ 2 നാണ് വീരാന്‍കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. നേരത്തേ ഉംറയ്ക്ക് പോയ ഇദ്ദേഹത്തിന്റെ മകനില്‍ നടത്തിയ പരിശോധനയില്‍ ഫലവും വീട്ടിലെ മറ്റംഗങ്ങളെയും പരിശോധന നടത്തിയിരുന്നെങ്കിലും അവരുടെയും ഫലം നെഗറ്റീവായിരുന്നു. അതിനിടയിലാണ് വീരാന്‍കുട്ടിക്ക് രോഗം കണ്ടെത്തിയത്. പരിശോധനാഫലം മൂന്ന് തവണ നടത്തിയ പരിശോധനയിലും നെഗറ്റീവായിട്ടും ആരോഗ്യനില മോശമായതോടെയാണ് നാലാം തവണ സാമ്പിള്‍ കോഴിക്കോട്ടേയ്ക്ക് പരിശോധനയ്ക്ക വിട്ടിരുന്നു. എന്നാല്‍ ഈ ഫലവും നെഗറ്റീവായി.