Breaking NewsElection 2021KERALANEWS

നാലുപേരെങ്കിലും ജയിച്ചില്ലെങ്കിൽ അം​ഗീകാരം കിട്ടില്ല; ജോസഫിനും പാർട്ടിക്കും ജനവിധി നിർണായകമാകുന്നത് ഇങ്ങനെ

കോട്ടയം: പിസി തോമസിന്റെയും പി ജെ ജോസഫിന്റെയും കേരള കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പ് ഫലം നിർണായകമാകും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം കിട്ടാൻ പാർട്ടിക്ക് ഏറ്റവും കുറഞ്ഞത്‌ നാല് എം.എൽ.എ.മാരെങ്കിലും നിയമസഭയിലെത്തണം. നിലവിലെ ചട്ടപ്രകാരം, സംസ്ഥാനപാർട്ടിയെന്ന അംഗീകാരത്തിന്‌ നാല് എം.എൽ.എ.മാരോ, ഒരു എം.പി.യോ വേണം. അതുമല്ലെങ്കിൽ ആകെ സാധുവായതിന്റെ ആറുശതമാനം വോട്ടുനേടണം.

മത്സരിച്ച 10 സീറ്റുകളിലും വിജയിക്കുമെന്നാണ്‌ പി.ജെ. ജോസഫും പാർട്ടിയും അവകാശപ്പെടുന്നത്. ഏത് ചിഹ്നം സ്വീകരിക്കണമെന്നതിൽ അന്തിമതീരുമാനമായിട്ടില്ലെന്നും പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്‌ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പ് പി.ജെ. ജോസഫ് നയിക്കുന്ന കേരള കോൺഗ്രസ് വിഭാഗം പി.സി.തോമസിന്റെ കേരള കോൺഗ്രസുമായി ലയിക്കുകയായിരുന്നു. പി.ജെ.ജോസഫ് ചെയർമാനും പി.സി.തോമസ് ഡപ്യൂട്ടി ചെയർമാനും എന്നതാണു ധാരണ. മോൻസ് ജോസഫ് വൈസ് ചെയർമാനും.

1968-ല്‍ കേരള കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിൽ പിച്ച വച്ച ജോസഫ്, 1970 ഇൽ തൊടുപുഴയിൽ നിന്ന് നിയമസഭയിലെത്തി. തുടർന്ന് ഒൻപത് തവണ തൊടുപുഴ എം ൽ എ ആയും ഏഴു തവണ മന്ത്രിയായും രാഷ്ട്രീയത്തിലെ സ്ഥാനം ശക്‌തിപ്പെടുത്തി. രണ്ട തവണയാണ് ആകെ അദ്ദേഹം പരാജയം രുചിക്കുന്നത്. 1991 ൽ ഇടുക്കിയിൽ നിന്ന് ലോകസഭയിലേക് മത്സരിച്ചപ്പോഴും 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൊടുപുഴയിൽ നിന്നും.

1978 ലെ എ കെ ആന്റണി മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായി തുടങ്ങി, പിന്നീട് കെ കരുണാകരൻ മന്ത്രിസഭയിൽ റെവന്യു മന്ത്രിയായും ഇ കെ നായനാർ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായും പ്രവർത്തിച്ചു. ഉമ്മന്ചാണ്ടി മന്ത്രിസഭയിൽ ജലവിഭവ വകുപ്പ് മന്ത്രിയായി. ചെറിയ കാലയളവിൽ വി എസ് മന്ത്രിസഭയിൽ പൊതുമരാമത്തു വകുപ്പ് ഭരിച്ചു. പലതവണ ലയിച്ചും പിരിഞ്ഞും, കെ എം മാണി ഗ്രൂപ്പുമായി പിരിഞ്ഞ് 1979 ലാണ് കേരള കോൺഗ്രസ്സ് (ജോസഫ്) ഗ്രൂപ്പ് രൂപീകരിക്കുന്നത്. പിന്നീട് 1985 ൽ ഗ്രൂപ്പുകളെല്ലാം ചേർന്ന് ഐക്യ കേരള കോൺഗ്രസ് രൂപീകരിച്ചെങ്കിലും 1987 ൽ അതും പിളർന്നു. 1991 മുതൽ ഇടത് മുന്നണിക്കൊപ്പം ചേർന്ന ജോസഫ് വിഭാഗം 2010ൽ വീണ്ടും മാണി വിഭാഗത്തിൽ ലയിച്ചു. കെ എം മാണിയുടെ മരണത്തോടെ വീണ്ടും പാർട്ടിയിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയും പാലാ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം പാർട്ടി പിരിയുകയും ചെയ്തു.

രണ്ടില ചിഹ്നത്തിന്റെ അവകാശം ജോസ് കെ മാണിക് കിട്ടിയതോടെ ജോസഫ് വിഭാഗം 2021 മാർച്ചിൽ പി സി തോമസിന്റെ കേരള കോൺഗ്രസ്സിൽ ലയിച്ചു. സി എഫ് തോമസ്, മോൻസ് ജോസഫ് എന്നിവരും പാർട്ടിയിലെ പ്രമുഖരാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close