
കൊച്ചി: സംസ്ഥാനത്ത് ഇന്ന് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ ആകെ നാലു ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് ഉള്ളത്. കോഴിക്കോട് നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം എന്നിവിടങ്ങളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്.
നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് തുടരുകയാണ്. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ഇടുക്കി എന്നീ ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ ദിവസം മുഴുവന്‍ 11 മുതല്‍ 24 സെന്റിമീറ്റര്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മണ്‍സൂണ്‍ കാറ്റ് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വീശാന്‍ സാധ്യതയുള്ളതുകൊണ്ട് പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡു വരെയുളള തീരദേശങ്ങളില്‍ 3- 3.3 മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നേക്കാം.