INSIGHTTrending

നിങ്ങളുയർത്തിയ മുദ്രാവാക്യം ഞങ്ങളീ മണ്ണിൽ സഫലമാക്കും; പോരാട്ട ഭൂമിയിൽ പിടഞ്ഞുവീണ ധീരന്മാർക്ക് പൊരുതി നേടിയ പിൻഗാമികളുടെ ഉറപ്പ്; രക്തസാക്ഷികൾ ഉറങ്ങുന്ന മണ്ണിൽ രക്തപുഷ്പങ്ങളർപ്പിച്ച് നിയുക്ത മുഖ്യമന്ത്രിയും മന്ത്രിമാരും; ഇനി സ്ഥാനാരോഹണം

ആലപ്പുഴ: 1957 മുതൽ കമ്മ്യൂണിസ്റ്റുകാർ അധികാരമേൽക്കാൻ യാത്ര തിരിക്കുന്നത് പുന്നപ്ര വയലാറിൽ നിന്നാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിന് ഊർജ്ജമായ പോരാട്ടങ്ങളിൽ പ്രധാനമാണ് പുന്നപ്ര വയലാർ സമരം. അതുകൊണ്ട് തന്നെ ഇക്കുറിയും തങ്ങളുടെ  മുൻഗാമികൾ പിടഞ്ഞുവീണ മണ്ണിലെത്തി പോരാട്ട സ്മരണങ്ങൾ പുതുക്കിയാണ് പിണറായി വിജയനും മറ്റ് മന്ത്രിമാരും പുന്നപ്ര – വയലാർ രക്തസാക്ഷികളുറങ്ങുന്ന വലിയചുടുകാട്ടിലും വയലാർ രക്തസാക്ഷി സ്മാരകത്തിലും എത്തി പുഷ്പാർച്ചന ന‌ടത്തിയത്.

ആലപ്പുഴ ജില്ലയിലെ രണ്ടു ഗ്രാമങ്ങളാണ് പുന്നപ്രയും വയലാറും. 1946 ഒക്ടോബറിലാണ് ഈ പ്രദേശത്ത്, കർഷകരുടെയും കാർഷിക തൊഴിലാളികളുടെയും ഭാഗത്തുനിന്ന് ജന്മികളുടെ അതിക്രമങ്ങൾക്കെതിരെയും, കയർ തൊഴിലാളികളുടെ ഭാഗത്തുനിന്ന് അവരുടെ മുതലാളിമാർക്കെതിരെയും, പൊതുജനങ്ങളിൽ നിന്ന് തിരുവിതാംകൂർ ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ ദുർഭരണത്തിനെതിരേയുമുള്ള ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടാവുന്നത്. അന്ന് ആലപ്പുഴയിൽ ആഞ്ഞടിച്ച വിപ്ലവക്കൊടുങ്കാറ്റുകളുടെ പ്രഭവകേന്ദ്രമായിരുന്നു പുന്നപ്ര വയലാർ ഗ്രാമങ്ങൾ. 1938 -ൽ ആദ്യത്തെ ജനകീയ പൊതുസമരത്തിനു വേദിയായ പ്രദേശം, നാല്പത്താറിലെ സമരത്തോടെ വീണ്ടും തീച്ചൂളയായി മാറി. തോക്കുകളുമേന്തി വന്ന പോലീസുകാരും, വാരിക്കുന്തങ്ങളേന്തിയ സമരക്കാരും അന്ന് പുന്നപ്രയിലെ വയലാറിലും പരസ്പരം ഏറ്റുമുട്ടി. 190 എന്നാണ് ഔദ്യോഗിക മരണക്കണക്കുകൾ എങ്കിലും, ചുരുങ്ങിയത് ആയിരം പേരെങ്കിലും അന്നവിടെ നടന്ന പോരാട്ടത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.  

രണ്ടാം ലോകമഹായുദ്ധാനന്തരം രാജ്യത്ത് കടുത്ത ക്ഷാമവും, തൊഴിലില്ലായ്മയും ഒക്കെ ഉണ്ടായപ്പോൾ, കേരളവും അതിന്റെ പിടിയിലമർന്നു. അന്ന് അരിക്കും, ഉടുതുണിക്കും, പഞ്ചസാരയ്ക്കും, മണ്ണെണ്ണയ്ക്കുമെല്ലാം കൊടിയ ക്ഷാമമുണ്ടായി. റേഷനായി മാത്രം കിട്ടിയിരുന്ന അതൊക്കെ പിന്നീട് കരിഞ്ചന്തയിൽ നാലിരട്ടി വിലയ്ക്ക് മാത്രമായി ലഭ്യം. അന്ന് പുന്നപ്രയിലെ പാട്ടക്കുടിയാന്മാരും, കർഷകതൊഴിലാളികളും ജന്മികളാൽ നിരന്തരം മർദ്ദിക്കപ്പെടുമായിരുന്നു. അവരുടെ പെണ്ണുങ്ങൾ ബലാത്സംഗങ്ങൾക്ക് ഇരയാകുമായിരുന്നു. നിസ്സാര പ്രശ്നങ്ങളുടെ പേരിൽ അവരുടെ ചെറ്റക്കുടിലുകൾക്ക് തീവെയ്ക്കപ്പെടുമായിരുന്നു. തൊഴിലാളികൾ അന്നവിടെ നിർബന്ധിതരായിരുന്നത് അക്ഷരാർത്ഥത്തിൽ അടിമപ്പണിക്കു  തന്നെ ആയിരുന്നു.

അന്നവിടെ,കയർ തൊഴിലാളി സംഘങ്ങളുടെ ബാനറിൽ, അവരെ സംഘടിപ്പിച്ചത് കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. അക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഈ തൊഴിലാളികളെ സംഘടിപ്പിച്ച്, ചകിരിപിരി തൊഴിലാളി യൂണിയൻ, മത്സ്യത്തൊഴിലാളി യൂണിയൻ, മരപ്പണിത്തൊഴിലാളി യൂണിയൻ, തയ്യൽത്തൊഴിലാളി യൂണിയൻ, തൂമ്പാത്തൊഴിലാളി യൂണിയൻ, പോർട്ട് വർക്കേഴ്സ് യൂണിയൻ, ചെത്തുതൊഴിലാളി യൂണിയൻ, അലക്കുതൊഴിലാളി യൂണിയൻ, ഡൊമസ്റ്റിക് വർക്കേഴ്സ് യൂണിയൻ എന്നിങ്ങനെ ഏതാണ്ട് പന്ത്രണ്ടോളം യൂണിയനുകൾ രൂപീകരിക്കുകയുണ്ടായി.

ദിവാന്റെ ദുർഭരണം

പക്ഷേ, അന്ന് തൊഴിലാളികളുടെ യാതൊരുവിധ ആവശ്യങ്ങളോടും അനുഭാവം പ്രകടിപ്പിക്കാൻ ദിവാൻ തയ്യാറായില്ല. അന്ന് ഇന്ത്യയിൽ ചേരാനും തിരുവിതാംകൂർ വിസമ്മതിച്ചപ്പോൾ, കർഷക സമരങ്ങൾ ദിവാന്റെ ആ അമേരിക്കൻ മോഡലിനെതിരെയുള്ള സമരങ്ങൾ കൂടിയായി മാറി. അന്ന്, “അമേരിക്കൻ മോഡൽ അറബിക്കടലിൽ” എന്ന മുദ്രാവാക്യവുമായി കമ്യൂണിസ്റ്റു പാർട്ടി ദിവാന്റെ പരിഷ്‌കാരങ്ങൾ തുറന്നെതിർക്കുന്നു.

1945 ജൂലൈ ആഗസ്റ്റ് സമയത്ത്, ആലപ്പുഴയിലെയും, ചേർത്തലയിലെയും മുഹമ്മയിലെയും തൊഴിലാളികൾ അവശ്യസാധനങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു സമരം നടത്തുന്നു. കർഷകരുടെ സമരം ശക്തമായതോടെ പട്ടാളനിയമം നടപ്പിൽ വരുന്നു. അതോടെ പൊലീസിന് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം കൈവരുന്നു. തിരുവിതാംകൂർ സംസ്ഥാന പൊലീസും, റിസർവ് പൊലീസും കൊല്ലം, ആലപ്പുഴ, കോട്ടയം, പുനലൂർ ഭാഗങ്ങളിൽ എന്തിനും സജ്ജരായി നിൽപ്പുറപ്പിച്ചു. എല്ലാ വിധത്തിലുള്ള സമരങ്ങളും, പ്രതിഷേധങ്ങളും നിരോധിക്കപ്പെട്ടു. പത്രവാർത്തകൾക്കും വിലക്ക് വന്നു. പൊലീസിന്റെ ഗുണ്ടായിസം അതിന്റെ പരകോടിയിലെത്തി. യൂണിയൻ ഓഫീസുകൾ തച്ചു തകർക്കപ്പെട്ടു, തീവെയ്ക്കപ്പെട്ടു. എല്ലാത്തിനും ഒത്താശ ചെയ്തു നൽകിക്കൊണ്ട് ജന്മികളും പൊലീസിനൊപ്പം കൂടി.

ഈ സാഹചര്യത്തിൽ കർഷക തൊഴിലാളികളും അന്ന് സായുധമായി സംഘടിക്കുന്നു, ആയുധ പരിശീലനം നേടുന്നു. അന്നത്തെ അറിയപ്പെടുന്ന നേതാക്കളായ ടിവി തോമസ്, ആർ സുഗതൻ, പിടി പുന്നൂസ്, എംഎൻ ഗോവിന്ദൻ നായർ തുടങ്ങിയവരാണ് അന്ന് ഇതിനൊക്കെ നേതൃത്വം നൽകിയത്. അതിനു പിന്നാലെ പാർട്ടി നിരോധിക്കപ്പെടുന്നു. നേതാക്കളൊക്കെയും അറസ്റ്റുചെയ്യപ്പെടുന്നു.

പട്ടാളത്തിന്റെ നരനായാട്ട്

ഓൾ ട്രാവൻകൂർ ട്രേഡ് യൂണിയൻ കോൺഗ്രസ് ആഹ്വാനം ചെയ്ത പൊതു പണിമുടക്ക് തുടങ്ങുന്നത് 1946 ഒക്ടോബർ 22 -നാണ്. 1946 ഒക്ടോബർ 24 മുതൽ 27 വരെയുള്ള ദിവസങ്ങളിലാണ്  ‘പുന്നപ്ര-വയലാറി’ലെ ഈ തൊഴിലാളി കലാപങ്ങൾ നടന്നത്.സമരാനുകൂലികൾ, തങ്ങളുടെ സഖാക്കളെ വിട്ടുകിട്ടാൻ വേണ്ടി, മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് അന്നേദിവസം, ആലപ്പുഴയിൽ നിന്നും പുന്നപ്രയിലേക്ക്, പുന്നപ്രയിലെ റിസർവ് പൊലീസ് ക്യാമ്പുകളിലേക്ക് ജാഥ നടത്തുന്നു. അന്നത്തെ ക്യാമ്പ് മേധാവി ആ പ്രകടനത്തിന് നേരെ നിറയൊഴിക്കാൻ ഉത്തരവിട്ടതോടെ പ്രദേശം കലാപ ഭൂമിയായി മാറി. നിരവധി സമരക്കാർ വെടിയേറ്റ് മരിച്ചപ്പോൾ, തുടർന്നുണ്ടായ സംഘർഷത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും നാലു പേർക്ക് ജീവനാശമുണ്ടായി.

പുന്നപ്രയിൽ ഈ ഏറ്റുമുട്ടലുണ്ടായി ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ തന്നെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളുടെ നിയന്ത്രണം പട്ടാളത്തിന് കൈമാറപ്പെട്ടു. തുടർന്ന് ഗ്രാമത്തിൽ തുടർച്ചയായ റെയ്ഡുകൾ നടന്നു, നിരവധി പേർ വെടിയേറ്റ് കൊല്ലപ്പെട്ടു. നൂറുകണക്കിന് വീടുകൾ അന്ന് ചുട്ടെരിക്കപ്പെട്ടു.  ഒക്ടോബർ 27 -ന് മാരാരിക്കുളത്തുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് റോഡുമാർഗ്ഗമുള്ള യാത്ര സുഗമമല്ലെന്ന് മനസ്സിലാക്കിയ പട്ടാളം, ബോട്ടുകളിൽ വയലാർ ക്യാമ്പ് ആക്രമിക്കുകയും തൊഴിലാളികളോട് കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. കീഴടങ്ങാൻ കൂട്ടാകാതെ പട്ടാളത്തെ നേരിടാൻ തയ്യാറായ തൊഴിലാളികൾക്കു നേരെ പട്ടാളം വെടിയുതിർക്കുന്നു. മുളകൊണ്ടും അടയ്ക്കാമരം കൊണ്ടും ഉണ്ടാക്കിയ കൂർപ്പിച്ച കുന്തങ്ങൾ, കല്ലുകൾ തുടങ്ങിയവയായിരുന്നു അന്നത്തെ തൊഴിലാളികളുടെ ആയുധങ്ങൾ. വയലാറിലെ ആ പോരാട്ടത്തിൽ മാത്രം കൊല്ലപ്പെട്ടത് അൻപതിലധികം പേരാണ്.

പട്ടാളത്തിന്റെ ഈ വേട്ടയാടലുകൾക്കു ശേഷം അന്ന് ദിവാൻ വീമ്പു പറഞ്ഞത് ആലപ്പുഴയിൽ ഇനി ഒരു കമ്യൂണിസ്റ്റുകാരൻ പോലും ശേഷിക്കുന്നില്ല എന്നാണ്. അന്ന് പുന്നപ്ര വയലാർ ഭാഗങ്ങളിലെ തൊഴിലാളികളുടെ സമരം അടിച്ചമർത്തപ്പെട്ട എങ്കിലും അത് അവിടത്തെ രാഷ്ട്രീയ കാലാവസ്ഥ പാടെ മാറ്റിമറിച്ച ഒരു സംഭവമായിത്തന്നെ ചരിത്രത്തിൽ ഇടം നേടി. ഈ ഒരു പൊലീസ്-പട്ടാള നരനായാട്ടിൽ കനത്ത നഷ്ടങ്ങൾ കമ്യൂണിസ്റ്റു പാർട്ടിക്ക് നേരിടേണ്ടി വന്നു എങ്കിലും അത് അവരുടെ മുന്നോട്ടുളള രാഷ്ട്രീയ പ്രയാണത്തിനുള്ള ഇന്ധനമായി.  ദിവാന്റെ ക്രൂരതയ്‌ക്കെതിരായ ജനവികാരം കമ്യൂണിസ്റ്റ് പാർട്ടിക്കുള്ള പിന്തുണയായി അന്ന് തിരുവിതാംകൂറിലെ ജനങ്ങൾക്കിടയിൽ പടർന്നു. ഈ സമരം നടന്ന് ഒരു വർഷത്തിനുള്ളിൽ തന്നെ ദിവാന് തന്റെ രാജ്യം വിട്ട് അപമാനിതനായി പോകേണ്ടി വന്നു. ജനാധിപത്യപരമായ ഒരു ഭരണക്രമത്തിലേക്ക് മാറുന്നതിന് അധികം താമസിയാതെ മഹാരാജാവിനും സമ്മതം മൂളേണ്ടി വന്നു.

സമരങ്ങളുടെ തുടർച്ച

പുന്നപ്രയിലെയും വയലാറിലെയും സായുധ ജനകീയപ്രതിരോധങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നില്ല. സമാനമായ കർഷക പ്രക്ഷോഭങ്ങൾ കരിവെള്ളൂർ, കാവുമ്പായി, തില്ലങ്കേരി എന്നിങ്ങനെ പലയിടങ്ങളിലും അലയടിച്ചുയർന്നു. അന്ന് പുന്നപ്രയിലും, വയലാറിലും പരിസരപ്രദേശങ്ങളിലുമായി നടന്ന പോരാട്ടങ്ങളിൽ രക്തസാക്ഷികളായ നൂറുകണക്കിന് പേരുടെ പ്രാണത്യാഗം ഒരിക്കലും വ്യർത്ഥമായിരുന്നില്ല. അത് ചെലുത്തിയ സമ്മർദ്ദമാണ് പിന്നീട് ആദ്യം തിരുകൊച്ചി സംസ്ഥാന രൂപീകരണത്തിലേക്കും, പിന്നീട് മലബാറുമായി ചേർത്തുകൊണ്ട് ഇന്നുകാണുന്ന, കേരള സംസ്ഥാന രൂപീകരണത്തിലേക്കും നയിച്ചത്. 1998-ൽ, ഏറെ വാദപ്രതിവാദങ്ങൾക്ക് ശേഷമാണെങ്കിലും, ഭാരതസർക്കാർ പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ചു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close