KERALANEWSTop News

നിങ്ങളെ കണ്ടാൽ പട്ടികജാതിക്കാരനാണെന്ന് തോന്നില്ലല്ലോ എന്ന് മുഖത്ത് നോക്കി പറഞ്ഞത് സാക്ഷാൽ കാൻഷിറാമിനോട്; അന്ന് ​ഗൗരിയമ്മ ഒരു യെസ് പറഞ്ഞിരുന്നെങ്കിൽ മാറിമറിയുക കേരള രാഷ്ട്രീയം തന്നെ; പാർട്ടി ചതിച്ചിട്ടും വിപ്ലവത്തെ ഒറ്റികൊടുക്കാൻ തയ്യാറാകാതിരുന്ന കമ്മ്യൂണിസ്റ്റിന്റെ കഥ

ആലപ്പുഴ: കെ ആർ ​ഗൗരിയമ്മയെ സിപിഎം പുറത്താക്കിയതിന് പിന്നാലെ ദളിത് രാഷ്ട്രീയത്തിന്റെ നേതാവാകാൻ ക്ഷണിച്ച് നേരിട്ടെത്തിയത് ബി.എസ്​.പി സ്ഥാപക നേതാവും രാജ്യത്തെ ദലിത്-പിന്നാക്ക രാഷ്​ട്രീയത്തി​ൻെറ ആചാര്യനുമായ സാക്ഷാൽ കാൻഷി റാം. എന്നാൽ, തന്റേത് ജാതി രാഷ്ട്രീയമല്ലെന്നും വർ​ഗ രാഷ്ട്രീയമാണെന്നും അർത്ഥശങ്കയ്ക്കിടയില്ലാതെ ​ഗൗരിയമ്മ കാൻഷിറാമിനോട് വ്യക്തമാക്കി. ഒരു പക്ഷേ അന്ന് ​ഗൗരയമ്മ കാൻഷി റാമിനോട് നോ പറഞ്ഞിരുന്നില്ലെങ്കിൽ കേരള രാഷ്ട്രീയത്തിന്റെ ​ഗതി തന്നെ മറ്റൊന്നാകുമായിരുന്നു.

കാൻഷി റാം ഗൗരിയമ്മയുടെ ചാത്തനാ​ട്ടെ വീട്ടിലെത്തിയപ്പോൾ അവർ അവിടെയില്ല. കൈനകരിയിൽ ഒരു യോഗത്തിൽ പ​ങ്കെടുക്കാൻ പോയിരിക്കുകയാണ്​. എല്ലാവരുടെയും കാത്തിരിപ്പിന്​ വിരാമിട്ട്​ ഒന്നര മണിക്കൂറോളം കഴിഞ്ഞാണ്​ ഗൗരിയമ്മ എത്തിയത്​. കാൻഷി റാമുമായി സംസാരം തുടങ്ങിയപ്പോൾ തന്നെ ശരംപോലെ ഗൗരിയമ്മയുടെ ചോദ്യമെത്തി- ‘നിങ്ങളെ കണ്ടിട്ട്​ പട്ടികജാതിക്കാരനാ​ണെന്ന്​ തോന്നുന്നില്ലല്ലോ’. അപ്രതീക്ഷിതമായ ഈ ചോദ്യം കാൻഷിറാം അടക്കം എല്ലാവരെയും ഞെട്ടിച്ചു. കാൻഷിറാമിൽ നിന്ന്​ മറുപടിയായി ഒരു പുഞ്ചിരി മാത്രമാണുണ്ടായത്​. പിന്നീട്​ സജീവമായ രാഷ്​ട്രീയ ചർച്ച നടത്തിയ കാൻഷിറാം ദേശീയ രാഷ്​ട്രീയത്തിലേക്ക്​ ഗൗരിയമ്മയെ ക്ഷണിച്ചെങ്കലും അവർ നിരസിക്കുകയായിരുന്നു.

ഗൗരിയമ്മയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി 1987-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട സിപിഎം വിജയത്തിനു ശേഷം നിയമസഭാ കക്ഷി നേതാവായി ഇ.കെ. നായനാരെ തിരഞ്ഞെടുത്തതോടെയാണ് പാര്‍ട്ടിയും ഗൗരിയമ്മയും തമ്മില്‍ അകലം ഏറിയത്. സംസ്ഥാന കമ്മിറ്റിയില്‍നിന്നു ക്ഷോഭിച്ച് ഇറങ്ങിപ്പോയ ഗൗരിയമ്മയെ അനുനയിപ്പിച്ചു വ്യവസായം, എക്സൈസ് വകുപ്പുകളുടെ മന്ത്രിയാക്കി.

പക്ഷേ, ദൂരപരിധി കണക്കാക്കി കള്ളുഷാപ്പുകള്‍ നിലനിര്‍ത്തിയതിന്റെ പേരില്‍ സിഐടിയു വിഭാഗം പിണങ്ങിയതോടെ എക്സൈസ് വകുപ്പ് ടി.കെ. രാമകൃഷ്ണനിലേക്കു മാറ്റി. തുടര്‍ന്നങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങളിലും കല്ലുകടിച്ചു. വിവിധ വ്യവസായ മേഖലകളില്‍ സിഐടിയുവിന്റെ താല്‍പര്യത്തിനു വിരുദ്ധമായി ഗൗരിയമ്മ നടപ്പാക്കിയ പദ്ധതികള്‍ ജനശ്രദ്ധ പിടിച്ചുപറ്റി. പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഏറ്റവുമധികം സമ്മര്‍ദ്ദം അനുഭവിച്ച നാളുകളായിരുന്നു അത്. ആ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും തിരുവനന്തപുരത്ത് ഇന്ത്യയിലെ ആദ്യ ഐടി പാര്‍ക്ക് ആയ ടെക്‌നോപാര്‍ക്ക് ഉള്‍പ്പെടെ കേരളത്തിന്റെ തലവര മാറ്റിയ പല വ്യവസായ സംരംഭങ്ങളും ഗൗരിയമ്മ കൊണ്ടുവന്നു.

മികച്ച നിയമസഭാ സാമാജികയ്ക്കുള്ള ബഹുമതികള്‍ കിട്ടിയതിനെ തുടര്‍ന്നു ചേര്‍ത്തലയില്‍ മറ്റു പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘടിപ്പിച്ച സ്വീകരണയോഗങ്ങളില്‍ ഗൗരിയമ്മ പങ്കെടുത്തത് അച്ചടക്കലംഘനമായി പാര്‍ട്ടി കണ്ടു. പാര്‍ട്ടി വിവരങ്ങള്‍ പത്രങ്ങള്‍ക്കു ചോര്‍ത്തിക്കൊടുക്കുന്നു എന്നും അവര്‍ക്കെതിരെ ആരോപണമുയര്‍ന്നു. യുഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം രൂപം നല്‍കിയ സ്വാശ്രയസമിതിയില്‍ ഗൗരിയമ്മ അധ്യക്ഷയായതും പാര്‍ട്ടിയെ ചൊടിപ്പിച്ചു. സ്ഥാനം ഒഴിയാതിരുന്നതോടെ ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. തുടര്‍ന്ന് ജില്ലാ കമ്മിറ്റി ഒരുക്കിയ ‘കുറ്റപത്രം’ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതോടെ പാര്‍ട്ടിയില്‍നിന്നു തന്നെ പുറത്തേക്ക്.

1994 ജനുവരി ഒന്നിന് ഗൗരിയമ്മ സിപിഎമ്മില്‍നിന്നു പുറത്തായി. തുടര്‍ന്നു ജെഎസ്എസ് രൂപീകരിച്ചു. പുറത്താക്കപ്പെട്ടവര്‍ ചേര്‍ന്ന് അന്നു രൂപംനല്‍കിയ ജനാധിപത്യ സംരക്ഷണ സമിതിയാണു പില്‍ക്കാലത്തു ജെഎസ്എസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയായത്. യുഡിഎഫിലായിരുന്ന അവര്‍ 2016-ല്‍ യുഡിഎഫുമായി ഇടഞ്ഞു മുന്നണി വിട്ടു. 1957, 67, 80, 87 കാലത്തെ ഇടതുപക്ഷമന്ത്രിസഭകളിലും 2001-2006 കാലത്ത് എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളിലും അംഗമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close