MoviesNEWS

നിത്യഹരിതനായകന്‍ പ്രേംനസീറിന് ജന്മനാട്ടില്‍ സ്മാരകമുയരുന്നു

തിരുവനന്തപുരം: പ്രേംനസീര്‍ ആരാധകരുടെയും ചിറയിന്‍കീഴ് നിവാസികളുടെയും ചിരകാല സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നു. നിത്യഹരിതനായകന് ജന്മനാട്ടില്‍ സ്മാരകമുയരുന്നു. നസീര്‍ കളിച്ചുവളര്‍ന്ന ശാര്‍ക്കര പറമ്പിന് സമീപം മലയാളം പള്ളിക്കൂടത്തിലാണ് സ്മാരകം നിര്‍മിക്കുന്നത്. ഇതിനായി 72 സെന്റ് വസ്തു പൊതുവിദ്യാഭ്യാസ വകുപ്പ് റവന്യൂവകുപ്പ് വഴി സാംസ്‌കാരിക വകുപ്പിന് കൈമാറി. സ്ഥലം എംഎല്‍എ കൂടിയായ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഒരുകോടി രൂപയും സര്‍ക്കാര്‍ വിഹിതമായ 1.30 കോടിയും ചേര്‍ത്ത് 2.30 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്

1394 ചതുരശ്ര മീറ്ററില്‍ മൂന്ന് നിലകളിലായാണ് സ്മാരകം നിര്‍മ്മിക്കുന്നത്. പ്രേംനസീറിന്റെ മുഴുവന്‍ സിനിമകളുടെയും ശേഖരം, ലൈബ്രറി, മിനി തിയേറ്റര്‍, താമസസൗകര്യം, ചലച്ചിത്ര പഠനത്തിനുള്ള സൗകര്യം തുടങ്ങിയവ സ്മാരകത്തിലുണ്ടാകും. സ്മാരക നിര്‍മ്മാണത്തിനുള്ള മണ്ണ് പരിശോധന അടക്കമുള്ളവ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനോദ്ഘാടനം 26ന് വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

നാല് ദശകത്തോളം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന പ്രേംനസീര്‍ 1989 ജനുവരി 16 നാണ് വിട പറഞ്ഞത്. എതിരാളികളില്ലാതെ തേരോട്ടം നടത്തിയ നടന്‍, എണ്ണമറ്റ വിജയങ്ങളിലൂടെ മലയാള സിനിമയിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍, ഇങ്ങിനെ വിശേഷണങ്ങള്‍ ഒട്ടനവധിയുണ്ട് മലയാളത്തിന്റെ നിത്യഹരിത നായകന്.1952ല്‍ പുറത്തിറങ്ങിയ മരുമകളിലൂടെയായിരുന്നു പ്രേം നസീറിന്റെ അരങ്ങേറ്റം. രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയിലെത്തിയപ്പോഴാണ് പേര് മാറ്റിയത്. തിക്കുറിശ്ശി സുകുമാരന്‍ നായരാണ് അബ്ദുള്‍ ഖാദറിനെ പ്രേം നസീറാക്കുന്നത്. പ്രേംനസീര്‍-ഷീല ജോഡി മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് പ്രണയ ജോഡികളിലൊന്നാണ്.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close