നിബന്ധനകള്‍ പാലിച്ച് സിനിമ/ടിവി ഷൂട്ടിങ് ആവാം:ജാവദക്കര്

ന്യൂഡല്‍ഹി: നിബന്ധനകള്‍ പാലിച്ച് ഇന്ത്യയില്‍ ചലച്ചിത്ര/ടിവിപരമ്പര ഷൂട്ടിങുകള്‍ പുനഃസ്ഥാപിക്കാമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദക്കര്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടുവേണം വാതില്‍പ്പുറ ചിത്രീകരണം അടക്കം നടത്താന്‍. ചിത്രീകരണത്തില്‍ ഏര്‍പ്പെടുന്ന സാങ്കേതികപ്രവര്ത്തകരടക്കം എല്ലാവരും മുഖാവരണം ധരിക്കണം. സാമൂഹിക അകലം പാലിക്കുകയും വേണം. രോഗ വ്യാപനം തടയാനുള്ള മറ്റു നിര്‍ദ്ദേശങ്ങളും മന്ത്രാലയും മുന്നോട്ടു വച്ചിട്ടുണ്ട്.
കോടിക്കണക്കിനു രൂപ നിക്ഷേപിച്ചിട്ടുള്ള ബിഗ് ബജറ്റ് ബോളിവുഡ് സിനിമകള്‍ വരെ അഞ്ചുമാസമായി ചിത്രീകരണം നിര്‍ത്തിവച്ച് കടുത്ത പ്രതിസന്ധിയിലായിരുന്നു. ലക്ഷക്കണക്കിനു തൊഴിലാളികള്‍ നേരിട്ടും പരോക്ഷമായും പ്രവര്‍ത്തിക്കുന്ന ചലച്ചിത്രമേഖല നിശ്ചലമായതോടെ അവരെല്ലാം തൊഴില്‍രഹിതരുമായിരുന്നു. ഈ സാഹചര്യത്തിലാണ് വ്യവസായത്തിന് ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വന്നിരിക്കുന്നത്.
മാസങ്ങളായി അടച്ചിട്ടിരിക്കുന്ന സിനിമാശാലകളും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു തുറക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.