കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചതില്‍ പ്രതിഷേധവുമായി കോണ്‍?ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. കണ്ടെയിന്‍മെന്റ് സോണ്‍ അല്ലാത്തിടത്ത് 144 പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും ഈ സര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസിന് ലംഘിക്കേണ്ടി വരുമെന്നും പറഞ്ഞ മുരളീധരന്‍ സമരങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമമാണിതെന്നും അഭിപ്രായപ്പെട്ടു.രോഗ വ്യാപനം എന്ന പേരില്‍ 144 പ്രഖ്യാപിക്കുന്നത് ശരിയല്ല. തീരുമാനം തികച്ചും തെറ്റാണ്. 144 ലംഘിക്കേണ്ടി വരും. കേസ് എടുക്കുന്നെങ്കില്‍ എടുക്കട്ടെ. കുറച്ച് മാസം കഴിഞ്ഞാല്‍ ആ കേസ് കോണ്‍ഗ്രസ് തന്നെ കൈകാര്യം ചെയ്യും.കള്ളക്കടത്തുകാരിലും കരിഞ്ചന്തക്കാരിലുമാണ് സിപിഎമ്മിന്റെ രക്ഷ. ഐ ഫോണ്‍ കിട്ടിയെന്ന കാര്യം ചെന്നിത്തല തന്നെ നിഷേധിച്ചു. കോണ്‍ഗ്രസിന് ആരുടെ കയ്യില്‍ നിന്നും ഒന്നും വാങ്ങണ്ട കാര്യമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിദേശത്ത് നിന്നടക്കം അധ്വാനിച്ച് തങ്ങള്‍ക്ക് വേണ്ടതെല്ലാം കൊണ്ടുത്തരുന്നുണ്ട് എന്നും മുരളീധരന്‍ പറഞ്ഞു.
പ്രത്യക്ഷസമരങ്ങള്‍ നിര്‍ത്താനുള്ള യുഡിഎഫിന്റെ തീരുമാനത്തിലും മുരളീധരന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മരങ്ങള്‍ നിര്‍ത്താനുള്ള തീരുമാനങ്ങള്‍ ആരോടും ആലോചിക്കാതെ എടുത്തതായിരുന്നെന്നും പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തിയിരുന്നു. സമരങ്ങള്‍ നിര്‍ത്താനുള്ള തീരുമാനം എടുത്തത് പേടിച്ചിട്ടാണെന്ന് തോന്നുമെന്നും മുരളീധരന്‍ വിമര്‍ശിച്ചു.കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പ്രത്യക്ഷ സമരങ്ങള്‍ നിര്‍ത്തുകയാണെന്ന് യുഡിഎഫ് നേരത്തെ തീരുമാനിച്ചിരുന്നു. വിവിധ ആരോപണങ്ങളില്‍ സര്‍ക്കാരിനെതിരായി നടത്തിവരുന്ന പ്രത്യക്ഷ സമരങ്ങളാണ് യുഡിഎഫ് നിര്‍ത്തിയിരിക്കുന്നത്. അതേസമയം സര്‍ക്കാരിനെതിരെ മറ്റു മാര്‍ഗങ്ങളിലൂടെയുള്ള പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ സമരങ്ങള്‍ തുടരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. സമരം ജനാധിപത്യപരമായി നിര്‍ത്താന്‍ സാധിക്കില്ലെന്നും ബിജെപിയുടെ നിലപാട് സര്‍വകക്ഷിയോഗത്തില്‍ അറിയിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.”ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. സമരം ജനാധിപത്യപരമായി നിര്‍ത്താന്‍ സാധിക്കില്ല. ജനങ്ങളുടെ പ്രതിഷേധമാണ് സമരം. സമരത്തില്‍ എത്ര ആളുകള്‍ വേണം എന്ന കാര്യത്തിലൊക്കെ ചര്‍ച്ച ആവാം. രാജ്യം മുഴുവന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കര്‍ഷകസമരം നടക്കുന്നു എന്നാണ് പറയുന്നത്. മോദി സര്‍ക്കാരിനെതിരെ സമരം ആകാം, പിണറായി സര്‍ക്കാരിനെതിരെ സമരം പറ്റില്ല എന്ന നില സ്വീകരിക്കണോ എന്നതാണ് ബിജെപിയുടെ ചോദ്യം” സുരേന്ദ്രന്‍ പറഞ്ഞിരുന്നു.