KERALANEWSTop News

നിയമസഭയിലും ഇന്ന് മുഴങ്ങിക്കേട്ടത് സഖാവ് എകെജിയുടെ പ്രശസ്തമായ വാക്കുകൾ; പാവങ്ങളുടെ പടത്തലവന്റെ പാർലമെന്ററി പോരാട്ടങ്ങളെ അനുസ്മരിച്ച് സ്പീക്കർ എം ബി രാജേഷ്; ജനാധിപത്യത്തിന്റെ സത്ത കാത്തുസൂക്ഷിക്കുമെന്നും ഉറപ്പ്

തിരുവനന്തപുരം: സ്പീക്കർ എന്ന നിലയിൽ നിയമസഭയിൽ‌ നടത്തിയ പ്രസം​ഗത്തിലും കമ്മ്യൂണിസ്റ്റ് ആചാര്യൻ എ. കെ. ജിയുടെ വാക്കുകൾ ചേർത്ത് എം ബി രാജേഷ്. “My English may be broken. But the cause I represent is never” എന്ന് പാർലമെന്റിൽ പറഞ്ഞ മഹാനായ എ. കെ ജി. യും ആ വാക്കുകൾക്ക് ആദരവോടെ കാതോർത്ത ജവഹർലാൽ നെഹ്‌റുവും ജനാധിപത്യത്തിന്റെ ഉജ്ജ്വല മാതൃകകളാണ്. ആ മാതൃകകളാണ് നമുക്ക് വഴികാണിക്കുന്നത്- സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. തൃത്താലയിലെ വിജയത്തിന് പിന്നാലെയും എം ബി രാജേഷ് എകെജിയെ സ്മരിച്ചിരുന്നു. വിജയം എ കെ ജിക്ക് സമർപ്പിയ്ക്കുന്നു എന്നായിരുന്നു അന്ന് എംബി രാജേഷ് പറഞ്ഞത്. എ കെ ജിയെ അപമാനിച്ചതിന് ജനങ്ങൾ നൽകിയ മറുപടിയാണിത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം..

നിയമനിർമ്മാണ സഭകൾ പുറത്തെ ജനകീയ പ്രശ്നങ്ങൾ പ്രതിധ്വനിക്കുന്ന വേദികളാണ്. ഇവിടെ ബഹുമാന്യരായ ഒട്ടേറെ അംഗങ്ങള്‍ അതു ചൂണ്ടിക്കാണിക്കുകയുണ്ടായി. “My English may be broken. But the cause I represent is never” എന്ന് പാർലമെന്റിൽ പറഞ്ഞ മഹാനായ എ. കെ ജി. യും ആ വാക്കുകൾക്ക് ആദരവോടെ കാതോർത്ത ജവഹർലാൽ നെഹ്‌റുവും ജനാധിപത്യത്തിന്റെ ഉജ്ജ്വല മാതൃകകളാണ്. ആ മാതൃകകളാണ് നമുക്ക് വഴികാണിക്കുന്നത്. ദീര്‍ഘവും അനുസ്യൂതവുമായ പോരാട്ടങ്ങളിലൂടെ നാം രൂപപ്പെടുത്തിയ ഭരണഘടനയുടെയും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെയും സത്തയും ഉന്നതമൂല്യങ്ങളും മുറുകെ പിടിച്ചുകൊണ്ടായിരിക്കും ഞാന്‍ പ്രവര്‍ത്തിക്കുക എന്ന് ഈ സഭയ്ക്ക് ഉറപ്പ് നല്‍കുന്നു. ഇന്ത്യ എന്ന ആധുനിക രാഷ്ട്ര സങ്കല്‍പ്പവും അതിന്റെ അടിത്തറയായ ഭരണഘടനയും ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയില്‍ നിന്നുയിര്‍ക്കൊണ്ടതാണ്. മനുഷ്യാന്തസ്സിനും സമത്വത്തിനും സാഹോദര്യത്തിനും ഊന്നല്‍ നല്‍കുന്ന ഉദാത്തമായ രാഷ്ട്രീയ രേഖയാണ് ഇന്ത്യന്‍ ഭരണഘടന. മതനിരപേക്ഷത ആ രാഷ്ട്ര സങ്കല്‍പ്പത്തിന്റെയും ഭരണഘടനയുടെയും ഹൃദയമാണ്. 1949 നവം. 25ന് ഭരണഘടനാ അസംബ്ലിയുടെ സംവാദങ്ങള്‍ ഉപസംഹരിച്ചു കൊണ്ട് നടത്തിയ പ്രൌഡമായ പ്രസംഗത്തില്‍
ഡോ. ബി.ആര്‍. അംബേദ്‌കര്‍ പറഞ്ഞു. “Will history repeats itself? Will Indians place the country above their creed or will they place creed above their country”- എം ബി രാജേഷ് ചൂണ്ടിക്കാട്ടി.

സ്പീക്കറുടെ പ്രസം​ഗത്തിന്റെ പൂർണരൂപം..

സഭാനേതാവ് കൂടിയായ ആദരണീയനായ മുഖ്യമന്ത്രി, ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ്, ബഹുമാന്യരായ കക്ഷി നേതാക്കളെ, ബഹുമാന്യരായ സാമാജികരെ…

പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എന്നെ തെരഞ്ഞെടുത്ത സഭയോടും ബഹുമാന്യരായ എല്ലാ അംഗങ്ങളോടും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. നിയമനിര്‍മ്മാണത്തില്‍ ഇന്ത്യയിലെ തന്നെ മികച്ച സഭകളിലൊന്നായി നമ്മുടെ സഭയെ മാറ്റിയ കഠിനാധ്വാനികളും പ്രതിഭാശാലികളുമായ പൂര്‍വ്വസൂരികളുടെ പിന്‍ഗാമിയായി ഈ സഭയുടെ അദ്ധ്യക്ഷനായിരിക്കാന്‍ കഴിയുന്നത് അഭിമാനകരമായ ഒരു ബഹുമതിയായി ഞാന്‍ കണക്കാക്കുന്നു.

ജനാധിപത്യത്തിന്റെ ഈ ഉയർന്ന വേദിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ സാമാജികരേയും അഭിനന്ദിക്കുകയാണ്. “ജനാധിപത്യം അപരനോടുള്ള കരുതലാണ്” എന്ന് പറഞ്ഞത് ബർട്രൻഡ്‌ റസ്സൽ ആണ്. “ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിൽ ആയിരം സൗരമണ്ഡലം” എന്ന് മഹാകവി അക്കിത്തം എഴുതിയതിലും കാണുന്നത് അപരനോടുള്ള ഈ കരുതല്‍ തന്നെയാണ്.

നമ്മുടെ നാട് മഹാമാരിയുടെ കഠിനകാലത്തിലൂടെ കടന്ന് പോകുമ്പോള്‍ ഈ സഭയുടെ ഉത്തരവാദിത്തം വളരെ വലുതാണ്‌. പകര്‍ച്ചവ്യാധിയുടെ മുമ്പില്‍ പകച്ചു പോകാതെ ഒറ്റക്കെട്ടായി നിന്ന ഒരു ജനതയുടെ പ്രതിനിധികള്‍ ആണ് നാമെല്ലാവരും. അവരുടെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ ഈ സഭയിലെ എല്ലാ അംഗങ്ങള്‍ക്കും കഴിയുമെന്ന് ഉറപ്പുണ്ട്. ഉറ്റവരെ നഷ്ടപ്പെട്ട എല്ലാ മനുഷ്യരുടെയും ദു:ഖത്തിലും വേദനയിലും ഞാന്‍ പങ്കുചേരുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കഴിവുറ്റ നേതൃത്വത്തിന്റെയും ആദരണീയനായ പ്രതിപക്ഷ നേതാവിന്റെ മികവുറ്റ മാര്‍ഗ നിര്‍ദ്ദേശങ്ങളുടെയും സഭാംഗങ്ങളുടെയെല്ലാം പൂര്‍ണ്ണ പങ്കാളിത്തത്തിന്റെയും പിന്‍ബലത്തില്‍ പകര്‍ച്ചവ്യാധി ഉള്‍പ്പെടെ ഏതു പ്രതിസന്ധിയെയും നമുക്ക് അതിജീവിക്കാനാവും.

നിയമനിർമ്മാണ സഭകൾ പുറത്തെ ജനകീയ പ്രശ്നങ്ങൾ പ്രതിധ്വനിക്കുന്ന വേദികളാണ്. ഇവിടെ ബഹുമാന്യരായ ഒട്ടേറെ അംഗങ്ങള്‍ അതു ചൂണ്ടിക്കാണിക്കുകയുണ്ടായി. “My English may be broken. But the cause I represent is never” എന്ന് പാർലമെന്റിൽ പറഞ്ഞ മഹാനായ എ. കെ ജി. യും ആ വാക്കുകൾക്ക് ആദരവോടെ കാതോർത്ത ജവഹർലാൽ നെഹ്‌റുവും ജനാധിപത്യത്തിന്റെ ഉജ്ജ്വല മാതൃകകളാണ്. ആ മാതൃകകളാണ് നമുക്ക് വഴികാണിക്കുന്നത്.

സുദീര്‍ഘവും അനുസ്യൂതവുമായ പോരാട്ടങ്ങളിലൂടെ നാം രൂപപ്പെടുത്തിയ ഭരണഘടനയുടെയും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെയും സത്തയും ഉന്നതമൂല്യങ്ങളും മുറുകെ പിടിച്ചുകൊണ്ടായിരിക്കും ഞാന്‍ പ്രവര്‍ത്തിക്കുക എന്ന് ഈ സഭയ്ക്ക് ഉറപ്പ് നല്‍കുന്നു. ഇന്ത്യ എന്ന ആധുനിക രാഷ്ട്ര സങ്കല്‍പ്പവും അതിന്റെ അടിത്തറയായ ഭരണഘടനയും ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയില്‍ നിന്നുയിര്‍ക്കൊണ്ടതാണ്. മനുഷ്യാന്തസ്സിനും സമത്വത്തിനും സാഹോദര്യത്തിനും ഊന്നല്‍ നല്‍കുന്ന ഉദാത്തമായ രാഷ്ട്രീയ രേഖയാണ് ഇന്ത്യന്‍ ഭരണഘടന. മതനിരപേക്ഷത ആ രാഷ്ട്ര സങ്കല്‍പ്പത്തിന്റെയും ഭരണഘടനയുടെയും ഹൃദയമാണ്. 1949 നവം. 25ന് ഭരണഘടനാ അസംബ്ലിയുടെ സംവാദങ്ങള്‍ ഉപസംഹരിച്ചു കൊണ്ട് നടത്തിയ പ്രൌഡമായ പ്രസംഗത്തില്‍ ഡോ. ബി.ആര്‍. അംബേദ്‌കര്‍ പറഞ്ഞു. “Will history repeats itself? Will Indians place the country above their creed or will they place creed above their country”

അദ്ദേഹം അന്ന് പങ്കുവച്ചത് മതത്തെ രാഷ്ട്രത്തിന് മുകളില്‍ പ്രതിഷ്ഠിക്കുന്ന മതരാഷ്ട്ര വീക്ഷണം ഇന്ത്യയുടെ ഭാവിക്ക് നേരെ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ആശങ്കയാണ്. അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള മുന്നറിയിപ്പ് ഉള്‍ക്കൊള്ളുകയും ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കുന്നതില്‍ എന്നും നിതാന്തജാഗ്രത പുലര്‍ത്തുകയും ചെയ്ത സഭയാണ് കേരള നിയമസഭയെന്നതില്‍ നമുക്കെല്ലാവര്‍ക്കും അഭിമാനിക്കാം.

പൗരത്വ നിയമ ഭേദഗതിക്കും കര്‍ഷക സമരത്തിനു നിദാനമായ നിയമഭേദഗതികള്‍ക്കും എതിരായി ഇന്ത്യയില്‍ തന്നെ ആദ്യം പ്രമേയം പാസ്സാക്കി ഒറ്റക്കെട്ടായി നിലപാട് വ്യക്തമാക്കിയത് നമ്മുടെ നിയമസഭയാണ്. മതനിരപേക്ഷതയോടും ജനകീയാവശ്യങ്ങളോടും നമ്മുടെ സഭ പുലര്‍ത്തുന്ന വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണങ്ങളാണ് ഇവയെല്ലാം.

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ നിയമനിര്‍മ്മാണസഭകള്‍ ജനങ്ങളുടെ ഇച്ഛയും അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്നവയും അതനുസരിച്ചുള്ള ജനപക്ഷ നിയമനിര്‍മ്മാണങ്ങള്‍ നടത്തുകയും ചെയ്യുന്നവയാവണം എന്ന് തെളിയിച്ച സഭ കൂടിയാണ് നമ്മുടെ സഭ. രാഷ്ട്രീയപാര്‍ട്ടികളും തൊഴിലാളികളും കര്‍ഷകരും സ്ത്രീകളും യുവാക്കളും വിദ്യാര്‍ഥികളും തെരുവുകളിലുയര്‍ത്തിയ മുദ്രാവാക്യങ്ങളാണ് പിന്നീട് നിയമങ്ങളായി മാറിയത്. ജനകീയ സമരങ്ങളും നിയമനിര്‍മ്മാണങ്ങളും തമ്മിലുള്ള ഗാഢബന്ധം എക്കാലത്തും പ്രതിഫലിപ്പിച്ച ചരിത്രമാണ് നമ്മുടെ സഭയ്ക്കുള്ളത്. ജനപക്ഷ നിയമനിര്‍മ്മാണങ്ങളിലൂടെ കേരളത്തിന്റെ ഭാഗധേയം മാറ്റിയെഴുതുകയും തലവിധിയെന്നു കരുതിയിരുന്ന മനുഷ്യ ദുരിതങ്ങളില്‍ പലതും തിരുത്തിക്കുറിക്കുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും ജീവിതത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കുകയും ചെയ്ത നിയമ നിര്‍മ്മാണങ്ങളുടെ ഉജ്ജ്വല പാരമ്പര്യമാണ് നമ്മുടെ നിയമസഭയ്ക്കുള്ളത്. അതുയര്‍ത്തിപ്പിടിച്ചു കൊണ്ടുതന്നെ ഇനിയും നമുക്ക് മുന്നോട്ട് കൊണ്ടുപോകാനാവണം.

കേരള നിയമസഭ, ഇന്ത്യയിലെ പാര്‍ലമെന്ററി ചരിത്രത്തില്‍ പ്രവര്‍ത്തന മികവിന്റെ മുദ്രകള്‍ പതിപ്പിച്ചിട്ടുണ്ട്. പലപ്പോഴും ഉദാഹരണമായി ഉദ്ധരിക്കപ്പെടുകയും പല കാര്യങ്ങളിലും മാതൃക കാണിക്കുകയും ചെയ്ത ഈ സഭയുടെ സമ്പന്നമായ ചരിത്രത്തിലും സംഭാവനകളിലും നമുക്ക് അഭിമാനിക്കാം. ഇന്ത്യന്‍ പാര്‍ലമെന്റ് സ്ഥിരം സമിതികള്‍ രൂപീകരിക്കുന്നതിന് മുമ്പുതന്നെ കേരള നിയമസഭ സബ്ജക്റ്റ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിരുന്നുവെന്നുള്ളത് ഓര്‍ക്കുക. സഭാസമിതികളുടെ പ്രവര്‍ത്തനത്തിന് കേരള നിയമസഭ രാജ്യത്തിനുതന്നെ വഴികാട്ടിയായി മാറുകയായിരുന്നു ഇതിലൂടെ.

നിയമ നിര്‍മ്മാണങ്ങളിലും ജനകീയ പ്രശ്നങ്ങളിലും മണ്ഡലത്തിലെ ആവശ്യങ്ങളും സഭയില്‍ ഉയര്‍ത്തുന്നതിലും നിങ്ങള്‍ക്കെല്ലാവര്‍ക്കും ബഹുമാന്യരായ എല്ലാ അംഗങ്ങള്‍ക്കും അവസരം ഉറപ്പുവരുത്തുംവിധം സഭാനടപടികള്‍ നടത്തിക്കൊണ്ടുപോവുക എന്നത് എന്റെ ഉത്തരവാദിത്തമായി കണക്കാക്കുന്നു. അതോടൊപ്പം സര്‍ക്കാരിന്റെ ബിസിനസ്സ് നടത്തിക്കൊണ്ടുപോകുന്നതിന് വഴിയൊരുക്കുക എന്നതും സ്പീക്കറുടെ ഉത്തരവാദിത്തമാണ്. അതിന് എല്ലാ ബഹുമാന്യ അംഗങ്ങളുടെയും പൂര്‍ണ്ണമായിട്ടുള്ള സഹകരണം അഭ്യര്‍ത്ഥിക്കുകയാണ്. ഭരണ – പ്രതിപക്ഷ ഭേദമില്ലാതെ അംഗങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിലും – ഇവിടെ പല ബഹുമാന്യരായ അംഗങ്ങളും അക്കാര്യം ചൂണ്ടിക്കാണിക്കുകയുണ്ടായി. തീര്‍ച്ചയായും ഭരണ – പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ അംഗങ്ങളുടെയും താല്‍പര്യം സംരക്ഷിക്കുന്നതിലും ജനങ്ങളെ ബാധിക്കുന്ന ഏത് പ്രശ്നവും ഉയര്‍ത്തുന്നതിനുള്ള പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതിനും സ്പീക്കര്‍ എന്ന നിലയില്‍ ഞാന്‍ പ്രതിജ്ഞാബദ്ധനായിരിക്കും.

സഭയ്ക്കു പുറത്ത് രാഷ്ട്രീയം പറയും എന്ന മാധ്യമങ്ങളില്‍ വന്ന പ്രസ്താവനയെക്കുറിച്ച് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് ചൂണ്ടിക്കാണിച്ചു. അങ്ങനെയൊരു പ്രസ്താവന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു കാണുമ്പോള്‍ പ്രതിപക്ഷ നേതാവിന് ഉണ്ടായിട്ടുള്ള ആശങ്ക മറ്റു പലര്‍ക്കുമുണ്ടായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഞാന്‍ പറഞ്ഞത് കക്ഷിരാഷ്ട്രീയം പറയുമെന്നല്ല. കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി സ്പീക്കര്‍ പ്രവര്‍ത്തിക്കുകയില്ല. എന്നാല്‍ സഭയ്ക്ക് പുറത്തുയര്‍ന്നുവരുന്ന പൊതുവായ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വിഷയങ്ങളില്‍ അഭിപ്രായം പറയും എന്നുള്ളതാണ്. ഈ ഉത്തരവാദിത്തത്തിന്റെ അന്തസ്സും ഇത് നിര്‍വഹിക്കുമ്പോള്‍ പാലിക്കേണ്ട ഔചിത്യവും പാലിച്ചുകൊണ്ടു മാത്രമായിരിക്കും അത്തരം അഭിപ്രായ പ്രകടനങ്ങള്‍ ഉണ്ടാവുക എന്നും ഈ സഭയ്ക്ക് ഞാന്‍ ഉറപ്പു നല്‍കുന്നു. സ്പീക്കര്‍ എന്ന നിലയില്‍ സഭയുടെ സമയം കരുതലോടെയും കാര്യക്ഷമമായും വിനിയോഗിക്കാനും അനാവശ്യമായി പാഴാക്കാതിരിക്കാനുമുള്ള നിഷ്കര്‍ഷയും ഉണ്ടാകും. സഭ പ്രവര്‍ത്തിക്കുന്നത് ചട്ടങ്ങള്‍, നടപടിക്രമങ്ങള്‍, കീഴ്വഴക്കങ്ങള്‍, എന്നിവയുടെ അടിസ്ഥാനത്തിലാണല്ലോ. ഏതെങ്കിലുമൊരു ചട്ടം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട് എന്ന് എപ്പോഴെങ്കിലും നമുക്ക് തോന്നുകയാണെങ്കില്‍ അതിനുള്ള ഏത് നിര്‍ദ്ദേശവും തുറന്ന മനസ്സോടെ തന്നെ സമീപിക്കും. House is the master of its own procedure എന്നാണല്ലോ തത്വം. ഏത് ചട്ടവും കൂടുതല്‍ മെച്ചപ്പെടുത്താനും ഭേദഗതി ചെയ്യാനും ഈ സഭയ്ക്ക് അധികാരമുണ്ട്. ഞാനിത് പറയുന്നത് പത്തു വര്‍ഷത്തെ ലോകസഭ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്. ചട്ടങ്ങളും നടപടിക്രമങ്ങളും എല്ലാം സഭയുടെ സുഗമമായ നടത്തിപ്പിനാണ്.

മറ്റുപലരെയും പോലെ ഞാനും എം.എല്‍.എ. എന്ന നിലയില്‍ ഈ സഭയില്‍ പുതുമുഖമാണ്. ഈ മഹത്തായ സഭയുടെ അദ്ധ്യക്ഷ ചുമതല നിര്‍വ്വഹിക്കുന്നതില്‍ മുതിര്‍ന്ന ഒട്ടേറെ അംഗങ്ങള്‍ ഈ സഭയിലുണ്ട്. അവരുടെയെല്ലാം വിലപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങളും പിന്തുണയും സഹായകരമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ധാരാളം പുതുമുഖങ്ങളായിട്ടുള്ള അംഗങ്ങള്‍ ഈ സഭയിലുണ്ട്. അവരെല്ലാവരും നിയമസഭാ ചട്ടങ്ങള്‍ പഠിക്കുകയും അതില്‍ പ്രാവീണ്യം നേടുകയും ചെയ്യുക എന്നത് സഭയുടെ നടപടിക്രമങ്ങളുടെ ചര്‍ച്ചകളുടെ സംവാദങ്ങളുടെയെല്ലാം ഗുണമേന്മ ഇവിടെ പലരും ചൂണ്ടിക്കാണിച്ചതുപോലെ ഉയര്‍ത്താന്‍ സഹായകരമാണ്. അംഗങ്ങള്‍ ചട്ടങ്ങളില്‍ ഊന്നിയാല്‍ സ്പീക്കര്‍ ഉള്‍പ്പെടെ ആര്‍ക്കും അവര്‍ക്ക് അവസരം നിഷേധിക്കാനാവുകയില്ല.

നിയമസഭയെ കാലാനുസൃതമായി നവീകരിക്കുന്നതിനും ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്നതിനും സഭാ നടപടികൾ സുതാര്യമാക്കുന്നതിനും കഴിഞ്ഞ നിയമസഭയുടെ കാലത്ത് എന്റെ മുന്‍ഗാമി തുടങ്ങിവച്ച ‘ഇ’ നിയമസഭ, സഭാ ടി. വി. എന്നീ പദ്ധതികൾ നമുക്ക് പൂർത്തിയാക്കാനാവണം. നിയമസഭയെ കടലാസ് രഹിതമാക്കുക, രേഖകൾ ഡിജിറ്റലായി ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കേണ്ടതുണ്ട്.

ബഹുമാനപ്പെട്ട പല അംഗങ്ങളും പ്രതിപക്ഷത്തിന്റെ അവകാശ സംരക്ഷിക്കുന്നതിനെക്കുറിച്ച് പറഞ്ഞു. പത്തുകൊല്ലം പാര്‍ലമെന്റില്‍ പ്രവര്‍ത്തിച്ചത് പ്രതിപക്ഷ അംഗമായിട്ടാണ്. പ്രതിപക്ഷത്തിന്റെ പ്രാധാന്യം ജനാധിപത്യത്തില്‍ എത്രയുണ്ട് എന്ന് മനസ്സിലാക്കിയിട്ടുള്ള ഒരംഗമാണ്. അത് മനസ്സില്‍ വച്ചുകൊണ്ടുതന്നെയായിരിക്കും പ്രതിപക്ഷത്തിന്റെ കൂടി അവകാശങ്ങള്‍ ഉറപ്പാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുക എന്നും ഉറപ്പുനല്‍കുകയാണ്.

ധാരാളം പുതുമുഖങ്ങള്‍ ഈ സഭയില്‍ അംഗങ്ങളായുണ്ട്. അവരുടെ ആവേശവും ഊര്‍ജ്ജസ്വലതയും ഒപ്പം മുതിര്‍ന്ന അംഗങ്ങളുടെ അനുഭവസമ്പത്തും സമന്വയിക്കുന്നതാണ് ഈ നിയമസഭ. ഈ മഹത്തായ സഭയുടെ സുഗമമായ നടത്തിപ്പിന് എല്ലാ ബഹുമാന്യരായ അംഗങ്ങളുടെയും നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെയും പിന്തുണയും സഹകരണവും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് കൂട്ടായ പരിശ്രമത്തിലൂടെ പതിനഞ്ചാം നിയമസഭയെ രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു അദ്ധ്യായമാക്കിത്തീര്‍ക്കാം എന്ന പ്രത്യാശ പങ്കുവച്ചുകൊണ്ട് ഈ പതിനഞ്ചാം കേരള നിയമസഭയുടെ അദ്ധ്യക്ഷനെന്ന ചുമതല ഞാന്‍ വിനയപൂര്‍വ്വം സ്വീകരിക്കുന്നു.”

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close