Breaking NewsKERALANEWSTop News

നിയമസഭയിൽ ഇന്ന് സ്പീക്കർ തെരഞ്ഞെടുപ്പ്; ആൾബലം കുറവെങ്കിലും അങ്കത്തിന് മാറ്റ് കുറയ്ക്കേണ്ടെന്ന തീരുമാനത്തിൽ കോൺ​ഗ്രസ്; പതിനഞ്ചാം നിയമസഭ ഇന്ന് മുതൽ സാക്ഷ്യം വഹിക്കുക പിണറായി-സതീശൻ പോരാട്ടത്തിന്

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ സ്പീക്കറെയും ഡെപ്യുട്ടി സ്പീക്കറെയും ഇന്ന് തെരഞ്ഞെടുക്കും. ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് നിയമസഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. അതിന് ശേഷം ഡെപ്യുട്ടി സ്പീക്കറുടെ തെരഞ്ഞെടുപ്പും നടക്കും. തൃത്താല എംഎൽഎ എം ബി രാജേഷ്ണ് ഭരണപക്ഷത്തിന്റെ സ്പീക്കർ സ്ഥാനാർത്ഥി. കുണ്ടറയിൽ നിന്നും ജയിച്ച കോൺ​ഗ്രസ് നേതാവ് പി സി വിഷ്ണുനാഥിനെയാണ് പ്രതിപക്ഷം സ്പീക്കർ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്. രാവിലെ പതിനൊന്നരയോടെ വോട്ടെടുപ്പ് തീർന്ന് വോട്ടെണ്ണൽ തുടങ്ങും.

ബാലറ്റ് പേപ്പറിലാണ് അംഗങ്ങൾ വോട്ട് ചെയ്യേണ്ടത്. കേരള നിയമസഭയുടെ ഇരുപത്തിമൂന്നാമത് സ്പീക്കറെയാണ് തെരഞ്ഞെടുക്കന്നത്. 99 എം എൽ എമാരുടെ പിന്തുണയുള്ള ഇടത് സ്ഥാനാ‍ർത്ഥിയെ തോൽപ്പിക്കാനുള്ള കരുത്ത് യുഡിഎഫിനില്ല. രണ്ടാാം പിണറായി സർക്കാറിനുള്ളത് വൻഭൂരിപക്ഷമാണെങ്കിലും രാഷ്ട്രീയപ്പോരിൽ ഒട്ടും പിന്നോട്ട് പോകണ്ടെന്ന് സതീശന്‍റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന പാർലമെൻററി പാർട്ടി യോഗം തീരുമാനിച്ചിരുന്നു. അതിന്‍റെ ഭാഗമായാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ എം ബി രാജേഷിനെതിരെ പിസി വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയായി നിർത്താനുള്ള തീരുമാനം. പുതിയ നിയമസഭ സമ്മേളനം ഇന്നാണ് സ്പീക്കറെ തീരഞ്ഞെടുക്കുക.

സ്പീക്കർ തെരഞ്ഞെടുപ്പോടെ നിയമസഭയിൽ പുതിയ പോർമുഖത്തിനാണ് തുടക്കമാകുന്നത്. തുടർച്ചയായി മുഖ്യമന്ത്രി പദത്തിലെന്ന അപൂർവ്വ നേട്ടവുമായി കൂടുതൽ തിളക്കത്തോടെ ഭരണപക്ഷ നായകനായി പിണറായി വിജയനെത്തുമ്പോൾ പ്രതിപക്ഷനിരയിൽ പുതിയ ആവേശത്തോടെ എത്തുന്ന വി ഡി സതീശനാകും പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുക. അതുകൊണ്ടുതന്നെ പതിനഞ്ചാം സഭയെ ശ്രദ്ധേയമാക്കുന്നതും പിണറായി-സതീശൻ പോരാട്ടമാകും.

ഇന്നലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെയാണ് കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കമായത്. 136 എംഎൽഎമാർ പ്രോ ടേം സ്പീക്കർ പിടിഎ റഹീമിന് മുമ്പിൽ സത്യപ്രതിജ്ഞ ചെയ്തു. ജൂൺ മാസം 14 വരെ നീളുന്ന ആദ്യ സഭാ സമ്മേളനത്തിന്‍റെ നയപ്രഖ്യാപന പ്രസംഗം ഈ മാസം 28 നാണ്. ജൂൺ നാലാം തിയതിയായിരിക്കും പുതിയ ബജറ്റ് അവതരിപ്പിക്കുക.

അതേസമയം സ്ഥാനമാനങ്ങൾ മാറിയതിനൊപ്പം സഭയ്ക്കുള്ളിലെ പുതിയ ക്രമീകരണങ്ങളും ശ്രദ്ധേയമായി. ഒന്നാം നിരയിൽ മുഖ്യമന്ത്രിയുടെ തൊട്ടരികിൽ രണ്ടാമനായി എം വി ഗോവിന്ദനാണ് ഇരിപ്പുറപ്പിച്ചത്. ഘടകകക്ഷി നേതാക്കൾ കഴിഞ്ഞാൽ ഒന്നാം നിരയിൽ സിപിഎമ്മിൽ കെ രാധാകൃഷ്ണനും, കെ എൻ ബാലഗോപാലും മാത്രമാണുള്ളത്. മുൻ മന്ത്രിമാരായ കെ കെ ഷൈലജ, കടകംപള്ളി സുരേന്ദ്രൻ, എ സി മൊയ്തീൻ, ടി പി രാമകൃഷണൻ, എം എം മണി എന്നിവർ മൂന്നാം നിരയിലേക്ക് ഒരുമിച്ച് മാറി.

പ്രതിപക്ഷത്ത് വി ഡി സതീശൻ ഒന്നാമനായപ്പോൾ രമേശ് ചെന്നിത്തല രണ്ടാം നിരയിലേക്ക് മാറി. പ്രത്യകേ പരിഗണന വേണ്ടെന്ന് ചെന്നിത്തല നിയമസഭാ ഉദ്യോഗ്യോഗസ്ഥരെ അറിയിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി മടങ്ങി വന്നതോടെ മുൻ പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറും രണ്ടാംനിരയിലായി. സതീശനും കുഞ്ഞാലിക്കുട്ടിക്കും പിജെ ജോസഫിനും അനൂപ് ജേക്കബിനുമൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷനിരയിൽ മുന്നിലുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close