KERALANEWS

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തലസ്ഥാനത്ത് ബിജെപിയില്‍ പൊട്ടിത്തെറി;തദ്ദേശ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് പാര്‍ട്ടിക്കുള്ളില്‍ കലഹം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തലസ്ഥാനത്ത് ബിജെപിയില്‍ പൊട്ടിത്തെറി. തദ്ദേശ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് പാര്‍ട്ടിക്കുള്ളില്‍ കലഹം ഉയരുന്നത്. തിരുവനന്തപുരം നഗരസഭാ ഭരണം പിടിക്കാന്‍ സാധിക്കുമെന്ന് വിശ്വസിച്ചിരുന്ന ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് നേതൃമാറ്റം ആവശ്യപ്പെട്ട് പ്രതിഷേധമുയരുന്നത്. തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് എസ്.കെ.പി രമേശും രണ്ട് ജനറല്‍ സെക്രട്ടറിമാരും തമ്മില്‍ തുടക്കം മുതലേ ഐക്യമില്ലായ്മയിലും കടുത്ത ഭിന്നതയിലുമാണ്. പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ബി.ജെ.പി ജില്ലാ നേതൃത്വം മണ്ഡലം കമ്മിറ്റി പിരിച്ചുവിടുന്നത്.തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവും മോശം പ്രകടനം തിരുവനന്തപുരം മണ്ഡലത്തിലായിരുന്നു. സീറ്റുനിര്‍ണയത്തിലെ പാളിച്ചകള്‍ കൊണ്ട് ആറ്റുകാല്‍, ശ്രീവരാഹം എന്നീ ഉറപ്പുണ്ടായിരുന്ന വാര്‍ഡുകള്‍ നഷ്ടമായത് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. അതേസമയം വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. മോശം പ്രകടനവും തമ്മിലടിയും കാരണം തിരുവനന്തപുരം മണ്ഡലം കമ്മിറ്റി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടു. നേതൃത്വം സംഘടനാ പ്രശ്‌നം പരിഹരിക്കുന്നില്ലെന്ന പരാതിയില്‍ പാറശാല, വര്‍ക്കല മണ്ഡലം പ്രസിഡന്റുമാര്‍ രാജിവെക്കുക കൂടി ചെയ്തതോടെ പ്രശ്‌നം രൂക്ഷമായി. വട്ടിയൂര്‍കാവ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ നേതൃമാറ്റം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.തിരുവനന്തപുരം നഗരസഭാ വാര്‍ഡുകളില്‍ 62 എണ്ണത്തില്‍ വിജയിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ സീറ്റുനിര്‍ണയത്തിലെ പാളിച്ചകള്‍ കാരണം 11 സിറ്റിങ് വാര്‍ഡുകള്‍ നഷ്ടമാകുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. മുമ്പുണ്ടായിരുന്ന 35 സീറ്റില്‍ ഒന്നുപോലും അധികം നേടാനാകാതെ വീണ്ടും പ്രതിപക്ഷത്തിരിക്കേണ്ടിവന്നതിന് പിന്നാലെയുണ്ടായ അസംതൃപ്തികളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close