KERALANEWS

നിയമസഭാ രേഖകളിലെ വ്യത്യസ്ത റെക്കോര്‍ഡുകളില്‍ ഇടംപിടിച്ച് സ്പീക്കറും ധനമന്ത്രിയും ! എത്തിക്‌സ് കമ്മറ്റിക്ക് മുന്നിലെത്തിയ ആദ്യ മന്ത്രിയായി തോമസ് ഐസക്. മന്ത്രിക്കെതിരായ അവകാശ ലംഘന പരാതി എത്തിക്‌സ് കമ്മറ്റിക്ക് വിട്ട ആദ്യ സ്പീക്കറായി ശ്രീരാമകൃഷ്ണനും. സിപിഎമ്മിലെ പുതിയ വിവാദം നിയമസഭാ രേഖകളില്‍ ഇടംപിടിക്കുന്നത് ഇങ്ങനെ

പ്രത്യേക ലേഖകന്‍

തിരുവനന്തപുരം: മന്ത്രിമാര്‍ക്കെതിരെ അവകാശ ലംഘന നോട്ടീസുകള്‍ വരുന്നത് പുത്തരിയല്ല. ഒരു സഭാ സമ്മേളന കാലയളില്‍ തന്നെ അവകാശ ലംഘനത്തിന്റെ പേരില്‍ സ്പീക്കര്‍ക്ക് ലഭിക്കുന്ന നോട്ടീസുകള്‍ നിരവധിയാണ്. സാധാരണ ഗതിയില്‍ നോട്ടീസ് ലഭിച്ചാല്‍ മന്ത്രിമാരോട് സ്പീക്കര്‍ വിശദീകരണം ചോദിക്കുകയും തുടര്‍ന്ന് നടപടികള്‍ അവസാനിപ്പിക്കുകയുമാണ് പതിവ്. ഇത്തവണ ഈ പതിവ് ലംഘിച്ചതോടെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ധനമന്ത്രി തോമസ് ഐസക്കും നിയമസഭയുടെ രേഖകളിലെ അപൂര്‍വ്വ റെക്കോര്‍ഡ് ആയി സ്ഥാനം പിടിക്കും. ഒരു മന്ത്രിയെ എത്തിക്‌സ് കമ്മറ്റിക്ക് മുന്നില്‍ വിശദീകരണം നല്‍കാന്‍ വിധിച്ച സ്പീക്കര്‍ എന്നത് പി ശ്രീരാമകൃഷ്ണനും, ആദ്യമായി എത്തിക്‌സ് കമ്മറ്റിക്ക് മുന്നില്‍ ഹാജരായ മന്ത്രി എന്ന നിലയില്‍ തോമസ് ഐസക്കും സഭാ രേഖയില്‍ ഇടംപിടിക്കും.

കേരളാ നിയമസഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു മന്ത്രിക്ക് അവകാശ ലംഘനത്തിന്റെ പേരില്‍ നിയമസഭാ എത്തിക്‌സ് കമ്മറ്റിക്ക് മുന്നില്‍ ഹാജരാകേണ്ടി വരുന്നത്. എത്തിക്‌സ് കമ്മറ്റി വധശിക്ഷ വിധിക്കാനുള്ള കോടതിയല്ലെന്നു ധനമന്ത്രി തോമസ് ഐസക് തന്നെ പറയുന്നുണ്ടെങ്കിലും ഇതു അദ്ദേഹത്തിനുണ്ടാക്കുന്ന മാനക്കേട് ചില്ലറയാകില്ല. നേരത്തെ സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുമ്പേ ചോര്‍ത്തി എന്നാരോപിച്ചാണ് ധനമന്ത്രിക്കെതിരെ വിഡി സതീശന്‍ എംഎല്‍എ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്‍കിയ പ്രതിപക്ഷ എംഎല്‍എ പോലും സ്പീക്കര്‍ ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്നു ചിന്തിച്ചിട്ടില്ലെന്നു വ്യക്തമാണ്. എന്നാല്‍ സ്പീക്കറുടെ തീരുമാനം സ്വതന്ത്രമാണെന്നാണ് പറയുന്നതെങ്കിലും അതത്ര വിശ്വസിക്കാന്‍ കേരള സമൂഹം തയ്യാറല്ല.

സിപിഎം കേന്ദ്രകമ്മറ്റിയംഗവും മന്ത്രിസഭയിലെ തന്നെ മുതിര്‍ന്ന ഒരു അംഗവുമായ തോമസ് ഐസക്കിനെതിരെ സ്പീക്കര്‍ ഇത്തരമൊരു നടപടിയെടുക്കുമ്പോള്‍ മുഖ്യമന്ത്രിയോട് ആലോചിച്ചിട്ടില്ല എന്നതു ഒട്ടും വിശ്വസിനീയമല്ല. ഇവിടെയാണ് കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ മുഖ്യമന്ത്രിക്ക് തോമസ് ഐസക്കിനോടുണ്ടായ അതൃപ്തി ചര്‍ച്ചയാകുന്നത്. മുഖ്യമന്ത്രിയുടെ വകുപ്പിനു നേരെയുണ്ടായ ഐസക്കിന്റെ കടുത്ത പരാമര്‍ശങ്ങള്‍ പിണറായി വിജയനെ ചൊടിപ്പിച്ചു എന്നു തന്നെയാണ് ഐസക്കിനെതിരായ ഈ നടപടി വിലയിരുത്തുന്ന പലരും പറയുന്നത്. പാര്‍ട്ടിയിലും സര്‍ക്കാരിനും ഐസക് ഏതാണ്ട് ഒറ്റപ്പെട്ടു എന്നു തന്നെയാണ് യാഥാര്‍ത്ഥ്യം. എത്തിക്‌സ് കമ്മറ്റിയിലുള്ള ഒന്‍പതു പേരില്‍ ആറുപേര്‍ ഇടതു അംഗങ്ങളായതിനാല്‍ ഐസക്കിനെതിരെ തുടര്‍ നടപടികളൊന്നുമുണ്ടാകില്ല എന്നതു ഉറപ്പാണ്. പക്ഷേ അദ്ദേഹത്തിനുണ്ടാ ക്ഷീണം പക്ഷേ ഇതുകൊണ്ടൊന്നും മാറില്ല.

അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തിന്റെ പേരില്‍ വലിയ പ്രതിരോധത്തിലായിരുന്ന സ്പീക്കര്‍ പി ശ്രീമാരകൃഷ്ണന് പാര്‍ട്ടി നേതൃത്വത്തിന്റെ പിന്തുണ കിട്ടാന്‍ പുതിയ സംഭവവികാസങ്ങള്‍ തുണയായി എന്നു വേണം കരുതാന്‍. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായരുടെ വ്യവസായ സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പോയത് വിവാദമായിരുന്നു. തുടര്‍ന്ന് എല്ലാക്കാര്യങ്ങളിലും നിശബ്ദനായിരുന്നു സ്പീക്കര്‍. എന്നാല്‍ കിട്ടിയ സന്ദര്‍ഭത്തില്‍ പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിന്റെ പിന്തുണയോടെ സജീവമാകാന്‍ കഴിഞ്ഞതാണ് ശ്രീരാമകൃഷ്ണന്റെ നേട്ടം. ശ്രീരാമകൃഷ്ണനെതിരെ അടുത്ത സമ്മേളനത്തില്‍ പ്രതിഷേധ പ്രമേയം അവതരിപ്പിക്കാന്‍ യുഡിഎഫ് തീരുമാനമെടുത്തിട്ടുണ്ട്.

ReplyForward

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close