നിയമസഭ കൂടുക ഒറ്റദിവസത്തേക്ക്: അവിശ്വാസ പ്രമേയത്തിന്റെ കാര്യം അനിശ്ചിതത്വത്തില്‍

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ഇരുപതാം സമ്മേളനം വരുന്ന 27ന് ഒറ്റദിവസത്തേക്കു മാത്രമായി ചേരാനാണ് വിജ്ഞാപനം എന്നിരിക്കെ പ്രതിപക്ഷം നല്‍കിയിട്ടുള്ള അവിശ്വാസ പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കുമോ എന്ന കാര്യം അനിശ്ചിതത്വത്തില്‍. ധനകാര്യ ബില്ലുകളടക്കം സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന അടിയന്തര പ്രാധാന്യമുള്ളവ പാസാക്കാന്‍ മാത്രമായിട്ടാണ് ഒറ്റദിവസത്തേക്ക് സമ്മേളനം വിളിച്ചുചേര്‍ക്കുന്നത്. സ്വാഭാവികമായി മറ്റ് ഇനങ്ങളൊന്നും അന്ന് അനുവദിക്കപ്പെടുന്ന കീഴ് വഴക്കമില്ല. അതുകൊണ്ടുതന്നെ അവിശ്വാസപ്രമേത്തിന് അവതരണാനുമതി നല്കുന്ന കാര്യം പരുങ്ങലിലാണ്.
കോളിളക്കം സൃഷ്ടിച്ച ഡിപ്ളോമാറ്റിക്ക് സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുമുള്ള പങ്ക് വിവാദമായിരിക്കെയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷജനാധിപത്യ സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷകക്ഷികള്‍ പ്രമേയാനുമതിക്കായി സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. പ്രമേയം അവതരിപ്പിക്കുകയാണെങ്കില്‍ അതിന്മേല് ചര്‍ച്ചയ്ക്കു ശേഷമാണ് വോട്ടെടുപ്പു നടക്കുക. സമയക്കുറവുകൊണ്ട് ഇതിന് സ്പീക്കര്‍ അനുമതി നല്‍കുമോ എന്നതാണ് ചോദ്യം. വേണ്ടത്ര ഭൂരിപക്ഷമുള്ളതുകൊണ്ട് പ്രമേയം അവതരിപ്പിക്കപ്പെട്ടാലും സര്‍ക്കാരിന്റെ നിലനില്‍പ്പിന്റെ കാര്യത്തിലൊന്നും ഇടതുമുന്നണിക്ക് ആശങ്കപ്പെടേണ്ട കാര്യം തല്ക്കാലമില്ലെങ്കിലും സര്‍ക്കാരിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയ സ്വര്‍ണ്ണക്കടത്തു കേസ് എന്നന്നേക്കുമായി സഭാരേഖകളില്‍ ഇടംപിടിക്കും.
മറിച്ച് അവതരണാനുമതി നിഷേധിച്ചാല്‍ തീര്‍ച്ചയായും പ്രതിപക്ഷം സഭ ശബ്ദമുഖരിതമാക്കുമെന്നതില് സംശയമില്ല.സമാധാനപരമായി സഭ നടത്തിക്കൊണ്ടുപോവുക എന്നത് സ്പീക്കറെ സംബന്ധിച്ചിടത്തോളം എളുപ്പമാവില്ല. എങ്കിലും ബഹളത്തിനിടെയിലും വേണമെങ്കില്‍ ധനകാര്യ ബില്ലുകള്‍ പാസാക്കിയതായി പ്രഖ്യാപിച്ച് സഭ അവസാനിപ്പിക്കാം എന്നു മാത്രം. പക്ഷേ അങ്ങനെവരുന്ന സാഹചര്യത്തില്‍, സഭയ്ക്കു പുറത്ത് പ്രതിപക്ഷം കൂടുതല്‍ വീറോടെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ സര്‍വശക്തിയുമെടുത്ത് പോരാടാനൊരുങ്ങിയേക്കാം. എന്നാലും സഭാരേഖകളില്‍ സ്വര്‍ണ്ണക്കടത്ത് കടന്നുവരാതിരിക്കാന്‍ ചിലപ്പോള്‍ സാധിച്ചേക്കും.
അവിശ്വാസപ്രമേയം അവതരിപ്പിക്കാതിരുന്നാല്‍ അതേറെ സഹായകമാവുന്നത് സാങ്കേതികമായി ഐക്യജനാധിപത്യമുന്നണിയുടെ ഭാഗം തന്നെയായ കേരളകോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിനായിരിക്കും. പ്രമേയം വോട്ടിനിട്ടാല്‍ ആര്‍ക്ക് വോട്ടു ചെയ്താലും പ്രതിസന്ധിയിലാവും എന്ന അവരുടെ പ്രതിസന്ധി അവരെ ഒഴിഞ്ഞുപോകുമെന്നതാണ് കാരണം.