INDIANEWS

നിയമസഭ തെരഞ്ഞെടുപ്പ് :ജമ്മു കശ്മീരില്‍ ജില്ലാ വികസന കൗണ്‍സിലുകള്‍ രൂപീകരിച്ച് കേന്ദ്രം

ന്യുഡല്‍ഹി: ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഉടന്‍ നടക്കാനുള്ള സാധ്യത കുറയുന്നു.തെരഞ്ഞെടുപ്പിന് പകരമായി ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന ജില്ലാ വികസന കൗണ്‍സിലുകള്‍ രൂപീകരിച്ച് കേന്ദ്രം ഉത്തരവിറക്കി. പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങാന്‍ ആറു പ്രമുഖ കക്ഷികള്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

ജമ്മു കശ്മീരിലെ 22 ജില്ലകളിലും വികസന കൗണ്‍സിലുകള്‍ സ്ഥാപിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതിനായി നിയമഭേദഗതി നടപ്പാക്കി ഓര്‍ഡിനന്‍സ് പുറത്തിറക്കി. പതിനാല് അംഗങ്ങള്‍ വീതമുള്ള ജില്ലാ കൗണ്‍സിലുകള്‍ സ്ഥാപിക്കാനാണ് നിര്‍ദ്ദേശം.കൗണ്‍സില്‍ അംഗങ്ങളെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കും. അംഗങ്ങള്‍ അദ്ധ്യക്ഷന്‍ അല്ലെങ്കില്‍ അദ്ധ്യക്ഷയെ നിശ്ചയിക്കും. നിലവില്‍ മന്ത്രിമാരുടെ അദ്ധ്യക്ഷതയിലുള്ള ജില്ലാ വികസന ബോര്‍ഡിനു പകരമാണ് ഈ സംവിധാനം. ആദ്യം വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കും എന്നാണ് കേന്ദ്ര പ്രഖ്യാപനം.നേരത്തെ ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് ഉചിതമായ സമയത്ത് തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. മണ്ഡല പുനര്‍നിര്‍ണയത്തിന് സമിതി രൂപീകരിച്ചെങ്കിലും നടപടി വൈകുകയാണ്. പിഡിപി നേതാവ് മെഹബൂബ മുഫ്തി നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണ്‍, സിപിഎം നേതാവ് മൊഹമ്മദ് യൂസഫ് താരിഗാമി തുടങ്ങിയവര്‍ ഒത്തു ചേര്‍ന്ന് കേന്ദ്രതീരുമാനങ്ങള്‍ക്കെതിരെ യോജിച്ച നിലപാടെടുക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close