INSIGHTSPORTS

നിറം മങ്ങിയ കായിക ലോകം; 2020 നു വിട

2020 വിട പറയുകയാണ്. ഒരു പക്ഷേ കായിക ലോകത്തിന് കാര്യമായൊന്നും സമ്മാനിക്കാതെ പോയെ മറ്റൊരു വര്‍ഷമുണ്ടോയെന്നു സംശയമാണ്. കൊവിഡ് തട്ടിയെടുത്ത സ്‌പോര്‍ട്‌സ് സീസണില്‍ ചില ശ്രദ്ധേയ വാര്‍ത്തകളുണ്ടായി. ഒളിമ്പിക്‌സും യൂറോകപ്പും കോപ അമേരിക്കയും, ട്വന്റി 20 ലോകകപ്പും നടക്കാതെ പോയ 2020 ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടന്നു എന്നതു നേട്ടമാണ്. പ്രധാന കായിക സംഭവങ്ങളിലൂടെ ഒന്ന് തിരിഞ്ഞു നോക്കാം.

കോവിഡ് വ്യാപനത്തിനും മുമ്പ് ഫെബ്രുവരിയില്‍ നടന്ന ഐ സി സി അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കീഴടക്കി ബംഗ്ലാദേശ് ചാമ്പ്യന്‍മാരായി. ക്രിക്കറ്റില്‍ ബംഗ്ലാദേശിന്റെ ആദ്യ ലോകകപ്പ് കിരീട നേട്ടമായിരുന്നു ഇത്. ഐ സി സി വനിതാ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയ ചാമ്പ്യന്‍മാരായി. മാര്‍ച്ചില്‍ അന്താരാഷ്ട്ര വനിതാ ദിനത്തിലായിരുന്നു കിരീടധാരണം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ എണ്‍പത്താറായിരം പേര്‍ മത്സരം കാണാനെത്തിയിരുന്നു. ഫൈനലില്‍ ഇന്ത്യയെയാണ് തോല്‍പ്പിച്ചത്.

കോവിഡ് പിടിമുറുക്കിയതിന് ശേഷം ആദ്യം ചലിച്ചു തുടങ്ങിയത് കാല്‍പന്തായിരുന്നു. കാണികളില്ലാത്ത ഗ്രൗണ്ടില്‍ ആവേശം ചോരാതെ മത്സരങ്ങള്‍ തുടങ്ങി. ജൂണില്‍ ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായി. പ്രീമിയര്‍ ലീഗ് യുഗം ആരംഭിച്ചതിന് ശേഷം ലിവര്‍പൂളിന്റെ ആദ്യ ലീഗ് കിരീടം. ഏഴ് മത്സരങ്ങള്‍ ശേഷിക്കെയാണ് ലിവര്‍പൂള്‍ ചാമ്പ്യന്‍മാരായത്.

കൊവിഡ് മഹാമാരിക്കിടെ നടന്ന ഇംഗ്ലണ്ട്-വിന്‍ഡീസ് ടെസ്റ്റ് പരമ്പര ശ്രദ്ധേയമായി. ജുലൈയില്‍ പൂര്‍ത്തിയായ പരമ്പര ഇംഗ്ലണ്ട് 2-1ന് ജയിച്ചു. കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനമില്ലായിരുന്നു. പന്തില്‍ ഉമിനീര് പുരട്ടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയും ഹസ്തദാനം ഒഴിവാക്കിയുമായിരുന്നു പരമ്പര സംഘടിപ്പിച്ചത്.

ആഗസ്റ്റില്‍, മൊണാക്കോ ഡയമണ്ട് ലീഗില്‍ പുരുഷവിഭാഗം 5000മീറ്ററില്‍ പുതിയ ലോക റെക്കോര്‍ഡ് സംഭവിച്ചു. ജോഷ്വ ചെപ്‌ടെഗിയാണ് 12:35.36 സെക്കന്‍ഡ്‌സില്‍ ലോക റെക്കോര്‍ഡ് കുറിച്ചത്. എത്യോപ്യയുടെ ഇതിഹാസം കെനെനിസ ബെകെലെയുടെ പേരില്‍ പതിനാറ് വര്‍ഷമായി തുടര്‍ന്ന ലോക റെക്കോര്‍ഡാണ് തകര്‍ന്നത്.

ആഗസ്റ്റില്‍ തന്നെ നടന്ന ഓണ്‍ലൈന്‍ ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യയും റഷ്യയും സംയുക്ത ചാമ്പ്യന്‍മാരായി. ഫൈനലിനിടെ ഇന്റര്‍നെറ്റ് സംവിധാനം താറുമാറായതിനെ തുടര്‍ന്നാണ് സംയുക്ത ജേതാക്കളെ പ്രഖ്യാപിച്ചത്.

സെപ്തംബറില്‍ യുഎസ് ഓപ്പണ്‍ ടെന്നീസ് മൈതാനങ്ങള്‍ക്ക് ആവേശമായി. ഓസ്ട്രിയയുടെ ഡൊമിനിക് തീം യു എസ് ഓ്പപണില്‍ ചാമ്പ്യനായി. തീമിന്റെ കന്നി ഗ്രാന്‍സ്ലാം കിരീടമായിരുന്നു ഇത്. 2014 യു എസ് ഓപണ്‍ മരിന്‍ സിലിച് നേടിയതിന് ശേഷം ആദ്യമായിട്ടാണ് ഗ്രാന്‍സ്ലാമില്‍ ഒരു കന്നി ജേതാവുണ്ടാകുന്നത്.

ഒക്ടോബറിന്റെ തുടക്കത്തില്‍ ടെന്നീസില്‍ റാഫേല്‍ നദാല്‍ പുതുചരിതം കുറിച്ചു. ഫ്രഞ്ച് ഓപണ്‍ പതിമൂന്നാം തവണയും നേടിയ നദാല്‍ റോജര്‍ ഫെഡററുടെ ഇരുപത് ഗ്രാന്‍സ്ലാം റെക്കോര്‍ഡിനൊപ്പമെത്തി. ലോക ഒന്നാം നമ്പര്‍ നൊവാക് ജൊകോവിചിനെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്.

എഫ് വണ്‍ കാര്‍ റേസില്‍ മൈക്കല്‍ ഷുമാക്കറുടെ 91 വിജയങ്ങളുടെ ലോക റെക്കോര്‍ഡ് ബ്രിട്ടന്റെ ലൂയിസ് ഹാമില്‍ട്ടണ്‍ പഴങ്കഥയാക്കി. ഒക്ടോബറില്‍ പോര്‍ച്ചുഗീസ് ഗ്രാന്‍ഡ് പ്രീയിലായിരുന്നു ഇത്. ഏഴ് തവണ വേള്‍ഡ് ഡ്രൈവേഴ്‌സ് ചാമ്പ്യനായ ഇതിഹാസം മൈക്കല്‍ഷുമാര്‍ക്കര്‍ക്കൊപ്പമെത്താനും ഹാമില്‍ട്ടണിന് സാധിച്ചു.

നവംബറില്‍, മുംബൈ ഇന്ത്യന്‍സ് ഐ പി എല്‍ ചാമ്പ്യന്‍മാരായി. ദുബൈയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്. മുംബൈയുടെ അഞ്ചാം കിരീടമാണിത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമാകാനും മുംബൈക്ക് സാധിച്ചു. അഞ്ച് കിരീട നേട്ടത്തിലും നായകന്‍ രോഹിത് ശര്‍മയായിരുന്നു.

2020 വിട പറയുന്നത് ക്രിക്കറ്റില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവു കണ്ടാണ്. ഓസ്‌ട്രേലിയക്കെതിരായ അഡലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യ 36 റണ്‍സിന് ഓള്‍ ഔട്ടായതും ടെസ്റ്റ് എട്ട് വിക്കറ്റിന് ഓസീസ് ജയിച്ചതും പഴങ്കഥയായി. പക്ഷേ ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ കണക്കു തീര്‍ത്തു. കോഹ് ലിയും ഷമിയുമില്ലാതെ രഹാനെയുടെ നായകത്വത്തില്‍ ഇന്ത്യ വിജയക്കുതിപ്പു നടത്തി.

2020 കോവിഡ് കവര്‍ന്നെടുത്തെങ്കില്‍ 2021 പ്രതീക്ഷകളുടേതാണ് കായിക ലോകത്തിന്. പുത്തന്‍ വേഗവും പുത്തന്‍ ഉയരവും താണ്ടാന്‍ പുതു പ്രതിഭകളുണ്ടാകട്ടെ..പുതുവത്സരാശംസകള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close