NEWSTrendingWORLD

നിശബ്ദമാക്കപ്പെട്ട കോടിക്കണക്കിനാളുകളുടെ, അവകാശങ്ങളുടെ മേൽ കടമകളുടെ ഭാരം കയറ്റി വച്ച് നരകിപ്പിക്കുന്ന ഒരു പാർട്ടി മാത്രമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി; ഉയ്ഘർ ജനതയെ നിർബന്ധിത വന്ധ്യംകരണത്തിലൂടെ ഇല്ലായ്മ ചെയ്യുന്ന കൊടും ക്രൂരത; സിസിപിയുടെ പരാക്രമങ്ങൾ മൂടി വെയ്ക്കപ്പെടേണ്ടതോ?..

ബെയ്ജിംഗ് : ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നൂറാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ചൈനയുടെ നേട്ടങ്ങളുടെ നീണ്ട നിര ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുകയാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് ആശംസകളർപ്പിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്യൂണിസ്റ്റ് ആശയങ്ങളിൽ വിശ്വസിക്കുന്ന പാർട്ടികളും സംഘടനകളും ലേഖനങ്ങളെഴുതുന്നുമുണ്ട്. എന്നാൽ പാശ്ചാത്യ ലോകം ഈ അവസരത്തിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ ഭാഗമായും, വളർച്ചയുടെ നാളുകളിലും ചൈനയിൽ ചെയ്തു കൂട്ടിയ, ഇപ്പോഴും ചെയ്യുന്ന ക്രൂരതകളുടെ കണക്കെടുക്കുകയാണ്. നിശബ്ദമാക്കപ്പെട്ട കോടിക്കണക്കിനാളുകളുടെ, അവകാശങ്ങളുടെ മേൽ കടമകളുടെ ഭാരം കയറ്റി വച്ച് നരകിപ്പിക്കുന്ന ഒരു പാർട്ടിയായി മാത്രമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടികളെ പാശ്ചാത്യ മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.

സ്വന്തം ജനതയ്ക്ക് മേൽ അതിക്രൂരമായ ശിക്ഷാരീതികളാണ് കമ്യൂണിസ്റ്റ് പാർട്ടി കുത്തകയാക്കി വച്ചിരിക്കുന്ന ചൈനീസ് സർക്കാർ അടിച്ചേൽപ്പിക്കുന്നത്. അതിൽ വധശിക്ഷ മുതൽ വന്ധ്യംകരണവും ലൈംഗിക ചൂഷണവുമെല്ലാം ഉൾപ്പെടുന്നുണ്ട്. ന്യൂനപക്ഷങ്ങളെ തീവ്രവാദ ഭയത്താൽ തടങ്കൽപ്പാളയങ്ങൾ തീർത്ത് ക്രൂരമായി പീഡിപ്പിക്കുന്ന നിരവധി റിപ്പോർട്ടുകളാണ് ചൈനയ്ക്ക് പുറത്തുനിന്നുമുള്ള മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത്. നിലവിലെ ചൈനയുടെ ഏകാധിപതിയായ സി ജിൻപിംഗിന്റെ ശിക്ഷാരീതികൾ അദ്ദേഹത്തിന്റെ മുൻഗാമിയായ മാവോയുടേതിന് സാമ്യമേറെയുള്ളതാണ്. രാജ്യത്തെ മുസ്ലീം ന്യൂനപക്ഷമായ ഉയ്ഘർ ജനതയെ നിർബന്ധിത വന്ധ്യംകരണത്തിലൂടെ ഇല്ലായ്മ ചെയ്യാനുള്ള ചൈനയുടെ ശ്രമം അങ്ങേയറ്റം അപലപനീയവും ക്രൂരവുമാണ്.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നൂറാം വർഷം ആഘോഷിക്കുമ്പോൾ ലോകം തങ്ങളുടെ കാൽക്കീഴിലേക്ക് ചുരുങ്ങുന്നു എന്ന അഹന്ത നിറഞ്ഞ ആവകാശവാദമാണ് ചൈന ഉയർത്തുന്നത്.21ാം നൂറ്റാണ്ടിലെ ഭൂമിയിൽ ആധിപത്യം പുലർത്താനുള്ള അധികാരം തങ്ങൾക്കാണുള്ളതെന്ന വീമ്പിളക്കത്തിലാണ് ചൈനീസ് ഭരണാധികാരികൾ ഇപ്പോൾ. രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കിയും,തങ്ങൾക്ക് ഭീഷണിയായി വളരുന്ന വ്യവസായ ഭീമൻമാരെ പോലും കൽത്തുറങ്കിലടച്ചുമാണ് ചൈനീസ് പാർട്ടിയുടെ വളർച്ച. പാർട്ടി 100 വർഷം ആഘോഷിക്കുമ്പോൾ എത്ര ദശലക്ഷം ജീവനുകളാണ് പകവീട്ടലിൽ അസ്തമിച്ചതെന്ന കൃത്യമായ ഒരു കണക്കും എവിടെയുമില്ല.ആധുനിക ലോകത്തെ ഏറ്റവും മോശമായ സ്വേച്ഛാധിപതികളിൽ ഒരാളായാണ് ആധുനിക ചൈനയുടെ സൃഷ്ടാവായ മാവോയെ പാശ്ചാത്യർ വിശേഷിപ്പിക്കുന്നത്. സോഷ്യലിസത്തെ തന്റെ കാഴ്ചപ്പാടിന് അനുസരിച്ച് വളച്ചൊടിച്ചപ്പോൾ ഒഴുകിയ രക്തം ചൈനയിലെ ദശലക്ഷക്കണക്കിന് ആളുകളുടേതായിരുന്നു. ഒരു കൊലപാതക ഭരണകൂടമായിരുന്നു മാവോ യഥാർത്ഥത്തിൽ പടുത്തുയർത്തിയത്.മാവോയുടെ ഭരണകാലത്ത് 65 ദശലക്ഷം ചൈനക്കാർ ഇല്ലാതാക്കപ്പെട്ടതായി കണക്കാക്കുന്നു.ലോകത്തിന്റെ വിവിധ ഇടങ്ങളിൽ ഭരണകൂടം ഏകാധിപത്യത്തിലേക്ക് നീങ്ങുമ്പോൾ സിനിമ, മാദ്ധ്യമം, സാഹിത്യം എന്നിവയിലൂടെ വിമർശനങ്ങൾ നേരിട്ടുവെങ്കിൽ ചൈനയിൽ അതും ഉണ്ടായില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ പൂർണനിയന്ത്രണത്തിലുള്ള കലയും സാഹിത്യവും മാത്രമേ ചൈനയിൽ നിന്നും മുളപൊട്ടിയുള്ളു എന്നതായിരുന്നു കാരണം. 1989 ലെ ടിയാനൻമെൻ സ്‌ക്വയറിലെ വിദ്യാർത്ഥികളുടെ സമരത്തെ അതിക്രൂരമായി അടിച്ചമർത്തിയതോടെയാണ് ശരിക്കും ചൈനീസ് ക്രൂരത ലോകത്തിന് മുന്നിൽ തെളിഞ്ഞത്. പതിറ്റാണ്ടോളം അഭിഭാഷകർ, മനുഷ്യാവകാശ പ്രവർത്തകർ, ന്യൂനപക്ഷങ്ങളിലെ അംഗങ്ങൾ എന്നിവരെ വെളിച്ചം കടക്കാത്ത തടവറയിൽ കെട്ടിയിടുകയായിരുന്നു ചൈനീസ് ഭരണകൂടം.ചൈനീസ് പാർട്ടി നൂറാം വർഷം ആഘോഷിക്കുമ്പോഴും സിൻജിയാങ്ങിലെ ആയിരക്കണക്കിന് മുസ്ലീം ന്യൂനപക്ഷങ്ങളെ കൂട്ടത്തോടെ തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് ചർച്ചയാവുന്നില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്. പുനവിദ്യാഭ്യാസ ക്യാമ്പുകൾ എന്ന് വിളിക്കുന്ന ഒരു ശൃംഖലയിൽ ലക്ഷക്കണക്കിന് ആളുകളെ തടവിലാക്കിയിട്ടുണ്ട് എന്നാൽ ഈ ക്യാമ്പുകളുടെ അവസ്ഥ ജയിലറകളെ കാലും കഷ്ടമാണ്. ക്യാമ്പുകളിലെ സ്ത്രീകളെ വന്ധ്യംകരിക്കുന്നതായും തുടർച്ചയായി പീഡനങ്ങൾക്ക് ഇരയാക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഫാക്ടറികളിൽ നിർബന്ധിത തൊഴിലാളികളായി ഇവരെ ഉപയോഗിക്കുന്നു.നൂറ് വർഷം കൊണ്ട് ചൈനയെ കെട്ടിപ്പടുക്കുന്നതിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പങ്ക് നിസ്തുലമാണ്. ആ നേട്ടങ്ങളെ ഇപ്പോൾ കൊട്ടിഘോഷിക്കുന്ന തിരക്കിൽ ഭരണകൂടത്തിന്റെ മർദ്ദന മുറകളാൽ ഇല്ലായ്മ ചെയ്യപ്പെട്ട, അവരെ ഓർത്ത് ഒന്നു തേങ്ങികരയാൻ പോലും അവകാശമില്ലാത്ത പിൻതലമുറ ഇപ്പോഴും അവിടെ ഉണ്ടെന്നതും നാം മറക്കരുത്.

നിയമപരമായി അനുവദനീയമായ എട്ട് കീഴ്‌ക്കോടതികളെ യുണൈറ്റഡ് ഫ്രണ്ടായി സിസിപി നയിക്കുന്നു. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിച്ചതും രാജ്യം ഭരിക്കുന്നതുമായ ഏക ഭരണകക്ഷി കൂടിയാണ് സിസിപി.

1921 ൽ സോവിയറ്റ് യൂണിയൻറെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഫാർ ഈസ്റ്റേൺ ബ്യൂറോയുടെയും കമ്മ്യൂണിസ്റ്റ് ഇൻറർനാഷണലിൻറെ ഫാർ ഈസ്റ്റേൺ സെക്രട്ടേറിയറ്റിൻറെയും സഹായത്തോടെയാണ് ചൈനയിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ചത്. ചെൻ ഡക്സിയു, ലി ദാവാവോ എന്നിവരാണ് പാർട്ടി സ്ഥാപകർ. സ്വാഭാവികമായും നിലനിന്നിരുന്ന അടിച്ചമർത്തൽ ഭരണത്തിനെതിരെ പോരാട്ടം വ്യാപിച്ചതോടെ ജനങ്ങൾ
പാർട്ടിയിലേക്ക് ഒഴികിയെത്തി. ചാരവൃത്തിസംശയിച്ച് പിന്നീട് നൻഹു തടാകത്തിലെ ബോട്ടിലേക്കു മാറ്റിയ യോഗത്തിലാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പിറന്നത്. 1941 മുതൽ ജൂലായ് ഒന്നാണ് സി.സി.പി.യുടെ ജന്മദിനം. 1921 ജൂലായ് 23-നാണ് പാർട്ടി രൂപംകൊണ്ടെതെന്ന് കണ്ടെത്തിയെങ്കിലും ജന്മദിനം മാറിയില്ല.

ഓരോ അഞ്ചാം വർഷവും വിളിച്ചു ചേർക്കുന്ന നാഷണൽ കോൺഗ്രസാണ് സി.സി.പിയുടെ ഏറ്റവും ഉയർന്ന സംഘടന സ്ഥാപനം. നാഷണൽ കോൺഗ്രസ് സെഷനുകളുടെ അഭാവത്തിൽ കേന്ദ്രകമ്മിറ്റിയാണ് രാജ്യത്തെ ഏറ്റവും ഉയർന്ന സ്ഥാപനം. എല്ലാ പ്രധാന ചുമതലകളും പോളിറ്റ് ബ്യൂറോയ്ക്കും സ്റ്റാന്റിംഗ് കമ്മിറ്റിക്കുമാണ്. 2012 നവംബർ 15 ന് നടന്ന 18ാമത് കേന്ദ്ര കമ്മിറ്റിയിൽ തെരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി ഷി ജിൻപിങ്ങാണ് ഇപ്പോൾ പാർട്ടിയുടേയും രാജ്യത്തിന്റേയും ഭരണത്തലവൻ.
ചൈനീസ് ആഭ്യന്തരയുദ്ധത്തിന് ശേഷം 1949 ഒക്ടോബർ 1 ന് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിക്കുന്നതിലേക്ക് പാർട്ടി ശക്തിപ്പെട്ടു. ഇന്ന് പാർട്ടിയാണ് ചൈനയിൽ അവസാന വാക്ക്. സായുധ സേന, പീപ്പിൾസ് ലിബറേഷൻ ആർമി, കോടതി, പൊലീസ് എല്ലാം നിയന്ത്രിക്കുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. യുഎസ്എസ്ആറിൻറെ അനുഗ്രഹാശിരസുകളോടെ ലോകമെങ്ങും ഉയർന്നുവന്ന കമ്മ്യൂണിസ്റ്റ് സർക്കാറുകൾ സ്വാഭാവികമായ പരിണാമഗുപ്തിയിൽ തകർന്നടിഞ്ഞപ്പോൾ ഇന്നും സക്രീയമായി പ്രവർത്തനക്ഷമമായ ഏക പാർട്ടി സംവിധാനമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close