NEWSWORLD

നീരവ് മോദിയെ ബ്രിട്ടൻ ഇന്ത്യക്ക് കൈമാറും; ഉത്തരവിൽ ഒപ്പിട്ട് ബ്രിട്ടീഷ് ആഭ്യന്തരസെക്രട്ടറി പ്രീതി പട്ടേൽ

ലണ്ടൻ: നീരവ് മോദിയെ ഇന്ത്യക്കു കൈമാറാനുള്ള ഉത്തരവിൽ ബ്രിട്ടീഷ് ആഭ്യന്തരസെക്രട്ടറി പ്രീതി പട്ടേൽ ഒപ്പിട്ടു. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു വായ്പത്തട്ടിപ്പു നടത്തി രാജ്യംവിട്ട വജ്രവ്യവസായി പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നും ഇന്ത്യൻ കോടതിക്കു മുമ്പാകെ ഹാജരാകണമെന്നും വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.

ഉത്തരവിനെതിരേ ലണ്ടൻ ഹൈക്കോടതിയെ സമീപിക്കാൻ 14 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നിലവിൽ സൗത്ത് വെസ്റ്റ് ലണ്ടനിലെ വാൻ‍ഡ്സ്‌വർത്ത് ജയിലിൽ കഴിയുകയാണ് നീരവ്. ഫെബ്രുവരി 25-നാണ് വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി നീരവിനെ ഇന്ത്യക്ക് കൈമാറണമെന്ന് ഉത്തരവിട്ടത്. ഇന്ത്യക്ക് കൈമാറിയാൽ ന്യായയുക്തമായ വിചാരണ നടക്കില്ലെന്ന് കരുതാൻ ന്യായമില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനു തുടർച്ചയായാണ് ആഭ്യന്തരസെക്രട്ടറി കൈമാറൽ ഉത്തരവിൽ ഒപ്പിട്ടത്.

നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്ന് പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് കേസ്. വ്യാജരേഖകൾ ഹാജരാക്കി വായ്പയെടുത്തശേഷം മുങ്ങിയ നീരവ് മോദി 2019 മാർച്ച് 19-നാണ് ലണ്ടനിൽ അറസ്റ്റിലായത്. സി.ബി.ഐ.യും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റുമാണ് നീരവ് മോദിക്കെതിരായ കേസുകൾ അന്വേഷിക്കുന്നത്.

ഇന്ത്യയിലേക്ക് നാടുകടത്തിയാൽ തനിക്ക് നീതിയുക്തമായ വിചാരണപോലും ലഭിക്കുകയില്ലെന്നു പറഞ്ഞ നീരവ്, അതിനുമുമ്പ് താൻ ജീവനൊടുക്കുമെന്നും കോടതിയിൽ വ്യക്തമാക്കിയിരുന്നു. നാല് ദശലക്ഷം പൗണ്ടിന്റെ ജാമ്യാപേക്ഷയാണ് അഭിഭാഷകൻ മുഖേന നീരവ് മുന്നോട്ടുവെച്ചത്. എന്നാൽ, ജാമ്യം ലഭിക്കുകയാണെങ്കിൽ നീരവ് രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്ന് താൻ ആശങ്കപ്പെടുന്നതായി വ്യക്തമാക്കിയ ജഡ്ജി എമ്മ ആർബത്ത്‌നോട്ട്, ജാമ്യാപേക്ഷ നിരസിക്കുകയായിരുന്നു. സാക്ഷികളെ സ്വാധീനിച്ച് തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയും കോടതി ചൂണ്ടിക്കാട്ടി.

നാല് ദശലക്ഷം പൗണ്ട് ജാമ്യത്തിനുപുറമെ, ഭീകരവാദികളെന്ന് കുറ്റാരോപിതരായവരെ വീട്ടുതടങ്കലിൽ പാർപ്പിക്കുന്ന കർശന വ്യവസ്ഥകളും പാലിക്കാമെന്ന് നീരവിന്റെ അഭിഭാഷകൻ വാഗ്ദാനം ചെയ്തിരുന്നു. സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്താമെന്നും 24 മണിക്കൂറും ക്യാമറ നിരീക്ഷണത്തിൽ കഴിയാമെന്നും ഫോൺ, ഇന്റർനെററ് തുടങ്ങിയവയെല്ലാം നിയന്ത്രിക്കാമെന്നും നീരവിന്റെ അഭിഭാഷകൻ വ്യക്തമാക്കിയെങ്കിലും കോടതി അംഗീകരിച്ചില്ല. നീരവിന് വിഷാദരോഗമാണെന്ന തരത്തിൽ ഇന്ത്യൻ മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയതിലെ ആശങ്ക വ്യക്തമാക്കുക കൂടി ചെയ്തുകൊണ്ടാണ് ജഡ്ജി ജാമ്യം നിഷേധിച്ചത്.

ഇഡിയും സിബിഐയും ഫയൽ ചെയ്ത 2 പ്രധാന കേസുകളാണ് നീരവിനു നേരിടേണ്ടി വന്നത്. നീരവും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്ന് 14,000 കോടിയുടെ തട്ടിപ്പാണ് പഞ്ചാബ് നാഷനൽ ബാങ്ക് വഴി നടത്തിയത്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം സഹോദരി പൂർവി മോദിയുടെ അക്കൗണ്ടിലൂടെ കടത്തിയെന്നാണ് ഇഡി ആരോപിക്കുന്നത്. വൻകിട ബിസിനസുകാർക്കു ബാങ്ക് ഗാരന്റിയുടെ അടിസ്ഥാനത്തിൽ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് രേഖകൾ ഉപയോഗിച്ചാണ് നീരവ് വിദേശത്തു തട്ടിപ്പുകൾ നടത്തിയത്. പിഎൻബിയുടെ ഉറപ്പിന്റെ പിൻബലത്തിൽ വിദേശബാങ്കുകളിൽ നിന്ന് ഇയാൾ വൻ തോതിൽ പണം പിൻവലിച്ചു.

കഴിഞ്ഞ വർഷം ജനുവരി ഒന്നിനാണ് നീര വ് മോദി രാജ്യം വിട്ടത്. ജനുവരി 29നാണ് നീരവിനെതിരെയുള്ള 280 കോടിയുടെ തട്ടിപ്പിന്റെ പരാതി പിഎൻബി സിബിഐയ്ക്കു നൽകുന്നത്. 31ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ലുക്ക്ഔട്ട് നോട്ടിസും പുറത്തിറക്കി. തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുള്ള നീരവിന്റെ സഹോദരൻ വിശാലും ജനുവരി ഒന്നിന് രാജ്യം വിട്ടു.അമേരിക്കൻ പൗരത്വമുള്ള ഭാര്യ ആമിയും ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുൽ ചിന്നുഭായ് ചോക്‌സിയും ജനുവരി ആറിനു രാജ്യം വിട്ടു. നാലു പേർക്കെതിരെയും ലുക്കൗട്ട് നോട്ടിസ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഉൾപ്പെടെ അയച്ചിരുന്നു.

ഇന്ത്യയിൽ നിന്ന് കോടികളുടെ തട്ടിപ്പു നടത്തിയിട്ടും കുലുക്കമില്ലാത്ത ആഡംബര ജീവിതമായിരുന്നു നീരവിന്റേത്. നീരവ് ലണ്ടനിലുണ്ടെന്ന് യുകെ സർക്കാർ സ്ഥിരീകരിച്ചെങ്കിലും തട്ടിപ്പുകാരന്റെ യഥാർഥ ചിത്രം പുറത്തുകൊണ്ടുവന്നത് ‘ടെലിഗ്രാഫ്’ പത്രമായിരുന്നു. മുംബൈയിൽ കടൽത്തീരം കൈയേറി നീരവ് അനധികൃതമായി നിർമ്മിച്ച 100 കോടി രൂപ വിലവരുന്ന ഫ്‌ളാറ്റ് റവന്യൂ ഉദ്യോഗസ്ഥർ ഡയനമൈറ്റ് വച്ച് തകർത്തിരുന്നു. അതിന് പിന്നാലെയാണ് ലണ്ടനിലെ ആഡംബരങ്ങളുടെ വിവരങ്ങൾ പുരത്തു വന്നത്. ലണ്ടനിൽ 72 കോടി രൂപയുടെ പുതിയ ആഡംബര വില്ല പണിയുകയാണ് ഈ പിടികിട്ടാപ്പുള്ളി എന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ട്. മാസം 10 ലക്ഷം രൂപ വാടകയുള്ള മൂന്ന് ബെഡ്റൂം ഫ്‌ളാറ്റിലാണ് താമസം. വീഡിയോയിൽ നീരവ് ധരിച്ചിരിക്കുന്ന കോട്ടിനും പത്ത് ലക്ഷത്തോളം രൂപ വിലയുണ്ട്. ലണ്ടനിലെ സോഹോയിൽ പുതിയ വജ്ര വ്യാപാരം ആരംഭിച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് ഓഫീസിലേക്ക് എല്ലാ ദിവസവും ഇയാൾ വളർത്തുനായയോടൊപ്പം നടക്കാറുണ്ട്.

പണക്കാരായ വിദേശികൾക്ക് സഹായങ്ങൾ നൽകുന്ന പ്രമുഖ ബിസിനസ് ഉപദേശക സ്ഥാപനവുമായി നീരവിന് ഇടപാടുണ്ട്. ബ്രിട്ടനിലെ പെൻഷൻ മന്ത്രാലയത്തിൽ നിന്ന് ഇയാൾക്ക് ഇൻഷ്വറൻസ് നമ്പർ അനുവദിച്ചതായും ഓൺലൈൻ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാനുള്ള അനുമതി ഉണ്ടെന്നും ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. പി.എൻ.ബി തട്ടിപ്പും ബ്രിട്ടനിൽ അഭയം തേടിയതുമുൾപ്പെടെ നീരവിനോട് ടെലഗ്രാഫ് ലേഖകൻ ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചോദ്യങ്ങൾക്കെല്ലാം പ്രതികരിക്കുന്നില്ലെന്നായിരുന്നു മോദിയുടെ മറുപടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close