
ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി സെപ്റ്റംബര്‍ 13-നും ഒക്ടോബര്‍ 14-നുമായി നടത്തിയ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ (നീറ്റ്) ഫലം പ്രസിദ്ധീകരിച്ചു. ഒഡിഷയില്‍ നിന്നുള്ള ഷൊയ്ബ് അഫ്താബ് 720-ല്‍ 720 മാര്‍ക്കും നേടി അഖിലേന്ത്യാതലത്തില്‍ ഒന്നാമനായി. 710 മാര്‍ക്ക് നേടി അഖിലേന്ത്യാ തലത്തില്‍ പന്ത്രണ്ടാം റാങ്ക് നേടിയ കൊയിലാണ്ടി കൊല്ലം ഷാജിയില്‍ എ.പി. അബ്ദുള്‍ റസാക്കിന്റെയും ഷെമീമയുടെയും മകള്‍ എസ്. അയിഷയാണ് കേരളത്തില്‍ ഒന്നാമതെത്തിയത്. അഖിലേന്ത്യാ തലത്തില്‍ ആദ്യ 50 റാങ്കില്‍ അയിഷയ്ക്ക് പുറമേ കേരളത്തില്‍നിന്ന് മൂന്നുപേര്‍കൂടിയുണ്ട്. ലുലു എ. റാങ്ക് (22), സനിഷ് അഹമ്മദ് (25), ഫിലെമോന് കുര്യാക്കോസ് (50) എന്നിവര്‍. വളരെയേറെ പ്രതിസന്ധികള്‍ക്കിടയിലാണ് ഇക്കൊല്ലത്തെ പരീക്ഷ നടത്തിയതെന്ന് വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാല്‍ പറഞ്ഞു.
ആദ്യമായാണ് എയിംസ് ഉള്‍പ്പെടെ എല്ലാ മെഡിക്കല്‍ കോളേജുകളിലേക്കുമുള്ള പ്രവേശനത്തിന് ഒറ്റപ്പരീക്ഷ നടത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ വിജയകരമായി നടത്തിയതിലും കേന്ദ്രവുമായി സഹകരിച്ചതിലും എല്ലാ മുഖ്യമന്ത്രിമാര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. സെപ്റ്റംബര്‍ 13-ന് 13,67,032 പേരും ഒക്ടോബര്‍ 14-ന് 290 പേരുമാണ് പരീക്ഷ എഴുതിയത്. ntaresults.nic.in എന്ന വെബ്സൈറ്റില്‍ ഫലം ലഭിക്കും. ഒ.ബി.സി. വിഭാഗത്തില്‍ രണ്ടാംറാങ്കും അയിഷയ്ക്ക്കൊയിലാണ്ടി: അഖിലേന്ത്യാ തലത്തില്‍ ഒ.ബി.സി. വിഭാഗത്തില്‍ രണ്ടാം റാങ്കും അയിഷയ്ക്കാണ്. കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടുവിന് പഠിക്കുമ്പോള്‍തന്നെ നീറ്റ് പരീക്ഷയ്ക്കായി അയിഷ പരിശീലനത്തിന് പോയിരുന്നു. കോഴിക്കോട് റെയിസ് മെഡിക്കല്‍ എന്‍ജിനിയറിങ് എന്‍ട്രന്‍സ് കോച്ചിങ് സെന്ററിലായിരുന്നു പരിശീലനം. ആദ്യതവണ പരീക്ഷ എഴുതിയപ്പോള്‍ 15,000-ത്തിന് മുകളിലായിരുന്നു റാങ്ക്. തുടര്‍ന്ന് വാശിയോടെ പഠിച്ചു. അങ്ങനെ 12 റാങ്ക് തന്നെ കരസ്ഥമാക്കി. ഡല്‍ഹി എയിംസില്‍ ചേര്‍ന്ന് പഠിക്കാനാണ് അയിഷയ്ക്ക് ആഗ്രഹം. പരീക്ഷ എഴുതിയപ്പോള്‍ത്തന്നെ ആദ്യ റാങ്കില്‍ ഇടംപിടിക്കുമെന്ന ആത്മവിശ്വാസം അയിഷയ്ക്ക് ഉണ്ടായിരുന്നു. അശ്ഫാഖ്, ആലിയ എന്നിവര്‍ സഹോദരങ്ങളാണ്.