Breaking NewsINDIANEWSTrending

നൂറ്റാണ്ടുകൾ പഴക്കമുള്ള മുസ്ലീം പള്ളി പൊളിച്ചുമാറ്റാൻ നിർദ്ദേശം നൽകി ലക്ഷദ്വീപ് ഭരണകൂടം; അഡ്മിനിസ്ട്രേറ്ററുടെ ​ഗസ്റ്റ് ഹൗസിനോട് ചേർന്ന് നിൽക്കുന്ന പള്ളി പൊളിക്കാൻ ഒരുങ്ങുന്നത് റോഡ് വികസനത്തിന്റെ പേര് പറഞ്ഞ്; വടക്കേ പള്ളിയുടെ ഖബർസ്ഥാൻ ഇനി ഉപയോ​ഗിക്കരുതെന്നും നിർദ്ദേശം

കവരത്തി: ലക്ഷദ്വീപിലെ സംസ്കാരത്തെയും ചരിത്രത്തെയും പാടെ തുടച്ചുമാറ്റാനൊരുങ്ങി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ​ഗോഥാ പട്ടേൽ. പ്രഫുൽ പട്ടേൽ താമസിക്കുന്ന ​ഗസ്റ്റ് ഹൗസിനോട് ചേർന്നുനിൽക്കുന്ന മസ്ജിദ് പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വടക്കേ പള്ളി പൊളിക്കാന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടതായി പള്ളി മുദരീസ് ഹമീദ് വെളിപ്പെടുത്തിയെന്ന് റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്യുന്നു.

ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന പള്ളി പൊളിച്ചുമാറ്റണമെന്ന് കളക്ടർ ആവശ്യപ്പെട്ടത്. റോഡിന് വീതി കൂട്ടുന്നതിനായി പള്ളി തടസമാണെന്നും അതിനാല്‍ പള്ളി പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടുവെന്നും ഹമീദ് പറഞ്ഞു. മസ്ജിനോട് ചേര്‍ന്നു നില്‍ക്കുന്ന ഖബർസ്ഥാനില്‍ ഇനി മൃതദേഹം മറവു ചെയ്യരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

”പള്ളി പൊളിക്കാന്‍ ഞങ്ങള്‍ സമ്മതിച്ചില്ല. കളക്ടര്‍ ഞങ്ങളോട് പള്ളി പൊളിക്കാന്‍ സമ്മതിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അവിടുത്തെ മൗലവിയും ഇക്കാര്യം അധികാരികളോട് വ്യക്തമാക്കിയിട്ടുണ്ട്. പള്ളിയിലെ ഖബറസ്ഥാനം മാറ്റാനും ഞങ്ങളോട് ആവശ്യപ്പെട്ടു. ചുരുക്കത്തില്‍ ഇവിടെയുള്ളവര്‍ക്ക് സ്വസ്ഥതയില്ലാത്ത ജീവിതമാണ് ഇവിടെ”- ഹമീദ് പറയുന്നു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുടുംബ പള്ളിയാണ് വടക്കേ പള്ളി. അത് ലക്ഷദ്വീപിന്റെ സംസ്‌കാരത്തിന്റെ കൂടെ ഭാഗമാണ്. അതിനാല്‍ പള്ളി പൊളിക്കാന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നാണ് യോഗത്തില്‍ പങ്കെടുത്തവര്‍ കളക്ടറെ അറിയിച്ചിരിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താമെന്ന് കളക്ടര്‍ വ്യക്തമാക്കിയതായി യോഗത്തില്‍ പങ്കെടുത്ത മസ്ജിദ് ഭാരവാഹികള്‍ വ്യക്തമാക്കുന്നു. പുതിയ നീക്കത്തിന് പിന്നില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഗോഥാ പട്ടേലാണെന്ന് ലക്ഷദ്വീപ് നിവാസികള്‍ ആരോപിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close