KERALANEWSTop News

നെഞ്ചരിഞ്ഞ് മരിച്ചവര്‍ക്കിനി ആത്മശാന്തി

കര്‍ത്താവിന്റെ മണവാട്ടിയാകാന്‍ പോയ ഏകമകളുടെ ശരീരം കോട്ടയം സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ നിന്ന് കാണാന്‍ വിധിക്കപ്പെട്ട തോമസിനും ലീലാമ്മയ്ക്കും മകളുടെ മരണത്തിന് കാരണക്കാരായവരെ ശിക്ഷിച്ചു എന്നു കേള്‍ക്കാന്‍ ദൈവം അവസരം നല്‍കിയില്ല.മകളുടെ മരണം കൊലപാതകമെന്ന് ഉറച്ചു വിശ്വസിക്കുകയും നീതി ലഭിക്കാനായി പതിറ്റാണ്ടുകള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ നടത്തുകയും ചെയ്ത പിതാവ് ഐക്കരക്കുന്നേല്‍ തോമസ് 2016 ജൂലൈ 24 നും മാതാവ് ലീലാമ്മ നവംബര്‍ 21 നുമാണ് മരണമടഞ്ഞത്.

മകള്‍ ബീനയെന്ന അഭയുടെ ശരീരം 1992 മാര്‍ച്ച് 27-ന് കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ പൊങ്ങിയപ്പോള്‍ ഇരുവരും അലമുറയിട്ട് കരഞ്ഞപ്പോഴും അവര്‍ ഒറ്റ സ്വരത്തില്‍ പറഞ്ഞു,സംഭവം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ പോലീസും പുരോഹിതരും പിടിപ്പത് പാടുപെട്ടപ്പോള്‍ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു.അവള്‍ക്കു നീതി വാങ്ങി നല്‍കാമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഇരുവരും. കോടതിയോടും നിയമത്തോടുമുള്ള വിശ്വാസം അവസാനം വരെ മുറുകെ പിടിച്ച് ഇരുവരും തങ്ങളുടെ അവസാനം വരെ പോരാടി.

കോട്ടയം തലയോലപ്പറമ്പ് സ്വദേശിയായിരുന്ന ഐക്കരക്കുന്നേല്‍ തോമസ് അരീക്കരയില്‍ താമസിക്കുമ്പോഴാണ് മകളുടെ മരണം. അഭയ ക്‌നാനായ കത്തോലിക്കാ സഭയ്ക്കു കീഴിലുള്ള സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീയും കോട്ടയം ബിസിഎം കോളജില്‍ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥിനിയുമായിരിക്കെ 1992 മാര്‍ച്ച് 27നാണ് സംഭവം. കോളജിന് സമീപത്തുള്ള പയസ് ടെന്‍ത് കോണ്‍വെന്റ്‌ലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മകള്‍ മരിച്ചതോടെ തകര്‍ന്നു പോയെങ്കിലും സത്യം കണ്ടെത്താന്‍ സഹായ ഹസ്തങ്ങള്‍ ഉയര്‍ന്നതോടെ അദ്ദേഹം പോരാടാന്‍ തന്നെ തീരുമാനിച്ചു. വിശ്വസിച്ച സഭയ്ക്കും പ്രതികളെന്നു കരുതപ്പെട്ട പുരോഹിതര്‍ക്കുമെതിരെ നിയമയുദ്ധം നയിച്ചു. ഇതിനിടെ തോമസ് മകനൊപ്പം കുറുവിലങ്ങാട്ടേക്കു താമസം മാറി. അന്വേഷണം പല പ്രാവശ്യം അട്ടിമറിക്കപ്പെട്ടിട്ടും പോരാട്ടവഴിയില്‍നിന്നു പിന്നോട്ടു മാറാതിരുന്നതാണ് വിജയത്തിലേക്കെത്തിയത് എന്നതാണ് വാസ്തവം. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസ് 1993 മാര്‍ച്ച് 23ന് സിബിഐ ഏറ്റെടുത്തു. വേണ്ടത്ര തെളിവില്ലാത്തതിനാല്‍ കേസ് ഉപേക്ഷിക്കുകയാണെന്ന് സിബിഐ കോടതിയെ അറിയിച്ചെങ്കിലും അന്വേഷണം അവസാനിപ്പിക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് തുടരന്വേഷണത്തിന് കോടതി നിര്‍ദേശിച്ചു.2008 ല്‍ കേസിന്റെ ചുമതല കൊച്ചി യൂണിറ്റ് സിബിഐ ഡിവൈഎസ്പി നന്ദകുമാര്‍ നായര്‍ ഏറ്റെടുത്തതോടെ കേസന്വേഷണം അതിവേഗത്തിലായി. നന്ദകുമാര്‍ നായര്‍ കേസ് ഏറ്റെടുത്ത് 18 ാം ദിവസം പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അറസ്റ്റ് ചെയ്തു. 2009 ജൂലൈ 17-ന് സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 133 സാക്ഷികളുമായി സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ 49 സാക്ഷികളെ മാത്രമേ പ്രോസിക്യൂഷന് വിസ്തരിക്കാനായുള്ളൂ.

ഒടുവില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ വിധി പ്രസ്താവിക്കുമ്പോള്‍ ആ വിധി കേള്‍ക്കാന്‍ തോമസും ലീലാമ്മയും ഈ ലോകത്തില്ല.മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആയുസ്സിന്റെ ഏറെകാലവും നീക്കിവെച്ചവരായിരുന്നു ഈ ദമ്പതിമാര്‍. മകളുടെ ഘാതകരെ എന്നെങ്കിലും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാകുമെന്നും തങ്ങള്‍ക്ക് നീതി ലഭിക്കുമെന്നും ഇവര്‍ വിശ്വസിച്ചിരുന്നു. ഒടുവില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ആ മാതാപിതാക്കളുടെ വിശ്വാസം ശരിയായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close