
ടെല്‍ അവീവ്: ഇസ്രയേലില്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവിന്റെ രാജിക്ക് സമ്മര്‍ദമേറുന്നു. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ പ്രധാനമന്ത്രിയുടെ അനാസ്ഥയ്ക്ക് എതിരെ ആയിരങ്ങള്‍ നിരത്തിലിറങ്ങി. സമരം ചെയ്ത രണ്ട് ഡസനിലധികം പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കുന്നത്.
നെതന്യാഹുവിന്റെ ജറുസലേമിലെ ഔദ്യോഗിക വസതിക്കും ടെല്‍ അവീവിലെ കടല്‍ത്തീരത്തുമാണ് രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിനാളുകള്‍ പ്രകടനം നടത്തിയത്. ഒരാഴ്ചമുമ്പ് നെതന്യാഹുവിന്റെ സെസേറിയയിലെ വസതിക്ക് മുമ്പിലാണ് പ്രക്ഷോഭം ആരംഭിച്ചത്.
2011ല്‍ ജീവിതച്ചെലവ് വര്‍ധിച്ചതിനെത്തുടര്‍ന്ന് പതിനായിരങ്ങള്‍ റാലി നടത്തിയിരുന്നു. ഇതിനുശേഷം നെതന്യാഹു നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. നെതന്യാഹുവിനെതിരെ അഴിമതിക്കേസ് കോടതിയില്‍ പുരോഗമിക്കുമ്പോഴാണ് സമരം ശക്തമാകുന്നത്.ഇസ്രയേലിന് ആദ്യ ഘട്ട കോവിഡ് വ്യാപനം പിടിച്ചുകെട്ടാനായെങ്കിലും ഇപ്പോള്‍ രോഗികള്‍ വര്‍ധിക്കുകയാണ്. ജനസംഖ്യാനുപാതത്തില്‍ രോഗനിരക്കില്‍ ഏറ്റവും മുന്‍പന്തിയിലുള്ള രാജ്യമായി ഇസ്രയേല്‍ മാറി. ഇതേത്തുടര്‍ന്ന് വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. തൊഴിലില്ലായ്മ 20 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്.