INSIGHTKERALANEWSTrending

നെയ്യാറ്റിന്‍കരയിലെ പോലീസറിയണം എസ് ഐ അന്‍സിലിനെ, കാഞ്ഞിരപ്പള്ളിയിലെ പോലീസിന്റെ ഒഴിപ്പിക്കല്‍ മാതൃക പാഠമാക്കണം

ഒഴിപ്പിച്ച അമ്മയ്ക്കും മകള്‍ക്കും വീടു വച്ചു നല്‍കിയതും പോലീസിന്റെ നേതൃത്വത്തില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്തിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ തട്ടിമാറ്റിയ തീ ശരീരത്തിലേയ്ക്കു ആളിപ്പടര്‍ന്ന് ദമ്പതിമാര്‍ കൊല്ലപ്പെട്ടതാണ് രണ്ടു ദിവസമായി സംസ്ഥാനത്തെ പ്രധാന ചര്‍ച്ചാവിഷയം. പോലീസ് ഇത്തരം വിഷങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ പൊതുവില്‍ വലിയ വിമര്‍ശനമാണ് ഉയരുക. എന്നാല്‍ മൂന്നു വര്‍ഷം മുമ്പ് കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നടന്ന ഒരു ജപ്തിയും, ഇതേ തുടര്‍ന്നു പൊലീസ് സ്വീകരിച്ച ജാഗ്രതയും ഒരു കുടുംബത്തിനു വീട് ഒരുക്കി നല്‍കിയതും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. കാഞ്ഞിരപ്പള്ളി എസ്.ഐ ആയിരുന്ന എ.എസ് അന്‍സിലാണ് ജപ്തി നടപടിയുടെ ഭാഗമായി സുരക്ഷയൊരുക്കാന്‍ എത്തുകയും, വീട്ടുകാരുടെ ദുരിതം തിരിച്ചറിഞ്ഞ് കുടുംബത്തിനു വീടു വച്ച് നല്‍കുകകുയം ചെയ്തതത്.



2018ലായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി എസ്.ഐ ആയിരുന്ന എ.എസ് അനിസിലിനു മുന്നിലേയ്ക്ക് ഒരു കുടുംബത്തെ ഒഴിപ്പിക്കാനുള്ള ഒരു കോടതി വിധി എത്തി. കാഞ്ഞിരപ്പള്ളി പൂതക്കുഴി തൈപ്പറമ്പില്‍ ബബിത ഷാനവാസിനെയും, മകളെയും കോടതി നടപടികളുടെ ഭാഗമായി ഒഴിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. ജപ്തിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തുകയും ചെയ്തു. കുടംബസ്വത്ത് സംബന്ധിച്ച തര്‍ക്കമാണ് ഈ അമ്മയുടെയും മകളുടെയും ജീവിതം ഒരു വലിയ ചോദ്യചിഹ്നമാക്കിയത്. ഭര്‍ത്താവ് ഷാനവാസുമൊത്ത് ബബിതയും മകളും താമസിച്ചിരുന്ന വീടും ഒന്നര സെന്റ് സ്ഥലവും ഭര്‍ത്താവിന്റെ മരണ ശേഷം ഭര്‍തൃമാതാവ് മറ്റൊരു മകന് എഴുതി കൊടുത്തു. ഇതേ തുടര്‍ന്നാണ് തര്‍ക്കങ്ങളും കേസുകളും ഉണ്ടായത്. ഈ കേസിലെ കോടതി വിധി പ്രകാരമാണ്, ഇവര്‍ക്ക് ആകെയുള്ള ആശ്രയമായരുന്ന ഒറ്റമുറി വീട് നഷ്ടപ്പെട്ടത്. കോടി ഉത്തരവു പ്രകാരം പൊലീസ് ഇവിടെ എത്തിയെങ്കിലും ദുരവസ്ഥ കണ്ട് മടങ്ങുകയായിരുന്നു. എന്നാല്‍ കാഞ്ഞിരപ്പള്ളി എസ്.ഐ. യെ വിളിച്ചു വരുത്തിയ കോടതി അമ്മയെയും മകളെയും ഒഴിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. രോഗിയായ ബബിത എഴുന്നേല്‍ക്കാന്‍ കൂട്ടാക്കാത്തതിനെത്തുടര്‍ന്ന് കിടക്കയോടെ പുറത്തിറക്കുകയായിരുന്നു.


തുടര്‍ന്നു, പൊലീസ് സംഘം ജപ്തി നടപടികള്‍ക്കൊപ്പം ഉടന്‍ തന്നെ ഈ കുടുംബത്തിനു താമസിക്കാന്‍ വാടക വീട് ഉറപ്പാക്കുകയാണ് ചെയ്തത്. ജപ്തി ചെയ്യാനൊരുങ്ങിയ വീട്ടില്‍ നിന്നും സാധനങ്ങളെല്ലാം ഒരു ലോറിയില്‍ കയറ്റിയ എസ്‌ഐ അന്‍സില്‍, നേരെ കുടുംബത്തെ വാടക വീട്ടിലേയ്ക്കു മാറ്റി. ഇവിടെ നിന്നും ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ, നല്ലവരായ നാട്ടുകാരെ ഒപ്പം കൂട്ടി അന്‍സില്‍ ആ കുടുംബത്തിനു വീട് വച്ചു നല്‍കി.


തിരുവനന്തപുരത്ത് ജപ്തി നടപടിയ്ക്കെത്തിയ പൊലീസ് സംഘത്തിന്റെ മുന്നില്‍ ഒരു കുടുംബം കത്തിത്തീര്‍ന്നത് കാണുമ്പോഴാണ് കാഞ്ഞിരപ്പള്ളിയിലെ പൊലീസിന്റെ കാരുണ്യ സ്പര്‍ശം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. സാധാരണക്കാരന്റെ കണ്ണീരൊപ്പേണ്ടവരാണ് പൊലീസുകാര്‍ എന്നു വ്യക്തമാക്കുന്നതാണ് അന്‍സിലിനെ പോലെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close