INSIGHTKERALANEWSTrending

നേതാക്കള്‍ വിയര്‍ത്ത നാട്ടങ്കം, കേരളം ഇടത്തോട്ടോ വലത്തോട്ടോ അതോ മാറിചിന്തിക്കുമോ ?

പൊളിറ്റിക്‌സിലെ പൊളിട്രിക്‌സ് ചര്‍ച്ച ചെയ്യാതെ മലയാളിയുടെ ഒരു ദിവസം പോലും കടന്നു പോകാറില്ല. തിരഞ്ഞെടുപ്പ് കാലമാകുമ്പോള്‍ അത് കൂടുതലായിരിക്കും. കൃത്യമായ രാഷ്ട്രീയ നിരീക്ഷണങ്ങളുള്ള മലയാളികളുടെ വോട്ടിനെ തങ്ങള്‍ക്കനുകൂലമാക്കുക എന്ന ബാലികേറാമലയാണ് മൂന്നു മുന്നണികള്‍ക്കും മുന്നിലുണ്ടായിരുന്ന ഹിമാലയന്‍ ദൗത്യം. അതിനുള്ള പതിനേഴടവും പൂഴിക്കടകനും പയറ്റാന്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സാധിച്ചോ എന്നു ചോദിച്ചാല്‍ ഒരു പരിധിവരെ കഴിഞ്ഞു എന്നു തന്നെ പറയാം. കോവിഡിനപ്പുറം ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പാര്‍ട്ടിക്കാര്‍ പരസ്പരം തൊടുത്ത ആയുധങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പുള്ള അങ്കം എന്നനിലയില്‍ ഏറെ പ്രാധാന്യം തദ്ദേശ തിരഞ്ഞെടുപ്പിനുണ്ടായിരുന്നു. കോവിഡ് പശ്ചാത്തലത്തിലുള്ള പുതിയ പ്രചാരണ തന്ത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതില്‍ പ്രധാനപ്പെട്ടത് പോസ്റ്ററുകള്‍ തന്നെയാണ്. സ്ഥാനാര്‍ത്ഥിയുടെ ജിവിത സാഹചര്യവുമായി ബന്ധമുള്ള ആകര്‍ഷണീയമായ പോസ്റ്ററുകള്‍ തുടങ്ങിയത് വടക്കന്‍ കേരളത്തിലാണെങ്കിലും അത് ഇങ്ങ് തെക്കു വരെ എത്തി . ഉണ്ടവന് പായകിട്ടാത്തതും ഉണ്ണാത്തവന് ഇലകിട്ടത്തതുമായ പ്രാദേശിക വിഷയങ്ങള്‍ക്ക് ഉടനടി നടപടി എന്ന മട്ടിലായിരുന്നു വീടു കേറിയുള്ള പ്രചരണം. വനിതാ പ്രാതിനിധ്യത്തിന് പ്രാധാന്യം കൊടുത്തത് മാത്രമല്ല പൊതുവെ ഇത്തവണ യുവതലമുറയ്ക്കായിരുന്നു സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്കു പരിഗണനകൂടുതല്‍ കിട്ടിയത്. അതിന്റെ പേരില്‍ പഴയ തലമുറക്കിത്തിരി വിഷമം ഉണ്ടെങ്കില്‍ പാര്‍ട്ടിവിരുദ്ധതകാണിക്കാതെ സഹകരിക്കുന്നുണ്ടായിരുന്നു.വിവാദങ്ങള്‍ പാര്‍ട്ടി വോട്ടിന്, സ്ഥാനാര്‍ത്ഥികളുടെ നാവ് നാട്ടിലെ വോട്ടിന്

ഭരണ തലത്തിലുണ്ടായ വിവാദങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് ചിലപ്പോള്‍ ശക്തിയും മറ്റുചിലപ്പോള്‍ ക്ഷീണവും ഉണ്ടാക്കിയെങ്കിലും നാട്ടുകാര്‍ക്കിടയിലെ വോട്ട് പിടിക്കാന്‍ സ്ഥാനാര്‍ത്ഥിയുടെ നാവുതന്നെ പണിയെടുക്കണം. സ്ഥാനാര്‍ത്ഥികളുടെ വിദ്യാഭ്യാസം , ജോലി, അവരുടെ വരും കാലപദ്ധതികള്‍ സൗഹൃദപരവും സ്‌നേഹനിര്‍ഭവരവുമായ പെരുമാറ്റം തുടങ്ങിയവ നിഷ്പക്ഷവോട്ട് നേടിയെടുക്കാന്‍ സഹായിച്ചിട്ടുണ്ട്. കൂടാതെ സ്ഥിരം തന്ത്രങ്ങളും പ്രയോഗിക്കാന്‍ അവര്‍ മറന്നില്ല.

എല്‍ഡിഎഫ് വരും എല്ലാം ശരിയാകും

മേല്‍ക്കെയുള്ള മണ്ഡലങ്ങളില്‍ സ്ഥാനം നിലനിര്‍ത്താനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു ഇടതുപക്ഷം. സ്വപ്‌നയും സ്വര്‍ണവും മാനം കളയുന്നുണ്ടെങ്കിലും സരിതയെയും സോളാറിനെയും കുത്തിപ്പൊക്കി അത് മറയ്ക്കാനൊരു ശ്രമം നടത്തിയിരുന്നു ഇവര്‍. ശബരിമല വിഷയത്തില്‍ കുറച്ചോട്ടുകള്‍ മറിയുമെന്നറിയാമെങ്കിലും കോവിഡ് കാല പ്രവര്‍ത്തനങ്ങള്‍ പ്രതിച്ഛായ വര്‍ത്ഥിപ്പിച്ചിട്ടുണ്ട്. പട്ടിണിക്കിടാതെ അന്നമൂട്ടിയ പാര്‍ട്ടി എന്ന പേര് കുറച്ചോട്ടു നല്‍കുമെന്നു കരുതാം. സാധാരണക്കാര്‍ക്കിടയിലൊരു കോളിളക്കം ഉണ്ടാക്കാന്‍ കോവിഡ് കാലപ്രവര്‍ത്തനങ്ങള്‍ക്കായിട്ടുണ്ട്. എല്‍ഡിഎഫിലേക്ക് ചുവടുമാറിയ ജോസ്‌കെമാണിയാണ് ഇത്തവണത്തെ താരം.

കേരളാ കോണ്‍ഗ്രസിന്റെ ഉറച്ച വിശ്വാസി ഇടത്തോട്ടുതിരിഞ്ഞത് പാലായെ എങ്ങനെ ബാധിക്കുമെന്നതും കാപ്പന്റെ കടുത്ത നിലപാടുകളും പാലായെ ശ്രദ്ധാകേന്ദ്രമാക്കുന്നുണ്ട്. കേരളാ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന കെ എം മാണിയെ സഖാവ് മാണിയാക്കി നോട്ടീസ് അടിച്ചതും വിമര്‍ശനമുയര്‍ത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പൊതുവെ പ്രത്യക്ഷപ്പെടാത്തതില്‍ പ്രതിപക്ഷത്തിന് നിരാശ ഏറെയാണെന്നു തോന്നുന്നു. മുഖ്യന്‍ പാര്‍ട്ടിക്കു നാണക്കേടായി എന്ന പരാമര്‍ശങ്ങള്‍ വരെ അവര്‍ നടത്തിയതും ശ്രദ്ധേയമായി. സ്വര്‍ണക്കടത്തുകേസും ദേശീയ ഏജന്‍സികളും പിണറായി മന്ത്രി സഭയ്ക്ക് കൊടുത്ത ക്ഷീണം ചില്ലറയൊന്നുമല്ല.

അതിവേഗം ബഹുദൂരം, ആത്മവിശ്വാസത്തോടെ യുഡിഎഫ്

ഇടതുപക്ഷത്തിനു കിട്ടിയ അടികളായിരുന്നു യുഡി എഫിന്റെ ആയുധം. പ്രസ്ഥാവനകള്‍ ഇറക്കിയും വിമര്‍ശനങ്ങള്‍ നടത്തിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. സ്പ്രിംഗ്ലറും, കിഫ്ബിയും, ലൈഫ്മിഷനും ,സര്‍വോപരി സ്വര്‍ണക്കടത്തുമെല്ലാം വിചാരണചെയ്യപ്പെട്ടു. പല പ്രമുഖരും കുടുങ്ങി, സ്പീക്കറുടെ ഉള്‍പ്പെടെ നില പരുങ്ങലില്‍ ആയ ഈ സമയത്തെ യുഡിഎഫ് നന്നായി വിനിയോഗിച്ചിട്ടുണ്ട്. പ്രദേശിക വിഷയങ്ങള്‍ പറഞ്ഞാണ് ഇവര്‍ വീടുകള്‍ കേറി ഇറങ്ങുന്നത്. അപ്രതീക്ഷിതമായെത്തിയ വിമതര്‍ പണിയാണെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ല. പല കോട്ടകളും പൊളിയുമെന്നുതന്നെയാണ് വിശ്വാസമെന്നു അവര്‍ ഉറച്ചു പറയുന്നു. ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങള്‍ ഏറെ ഉപയോഗിക്കാനും ഇവര്‍ ശ്രമിച്ചിട്ടുണ്ട്.

അയ്യപ്പന് ഒരു വോട്ട്, ന്യൂനപക്ഷത്തേക്കൊരു സ്‌നേഹം , കരുനീക്കങ്ങളുമായി എന്‍ഡിഎ

ശബരിമല വിഷയത്തില്‍ ഏറെ ശ്രദ്ധനേടിയ ബിജെപിയുടെ പ്രധാന ആയുധവും ഇതുതന്നെയായിരുന്നു. വിശ്വാസത്തെ വോട്ടാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ക്കൊപ്പം ഇടതുവലതു പോരില്‍ വീണുകിട്ടുന്ന അവസരങ്ങള്‍ നന്നായി ഉപയോഗിക്കാനും ശ്രമിച്ചിട്ടുണ്ട്. ആര്‍എസ്എസിന് കയ്യുള്ള കേരളത്തില്‍ എന്തുകൊണ്ട് ബിജെപിക്ക് സീറ്റുകിട്ടുന്നില്ല എന്ന ചിന്തയുടെ അവസാനം ന്യൂനപക്ഷത്തെകൂടെ നിര്‍ത്താനൊരു ശ്രമവും ഇവര്‍ നടത്തി. ഇത്തവണ കോണ്‍ഗ്രസ് പക്ഷത്തുനിന്ന് ടോംവടക്കനും അബ്ദുള്ളക്കുട്ടിയും കൂടി എത്തിയതോടെ മതേതരത്ത്വവുമായി. ക്രൈസ്തവ സമുദായത്തില്‍ പെട്ട 500 പേരെയും മുസ്ലിം സമുദായത്തിലുള്ള 112 പേരെയും സ്ഥാനാര്‍ത്ഥികളാക്കാന്‍ അവര്‍ക്കായിട്ടുണ്ട്. യുവരക്തത്തെ അണിനിരത്താന്‍ ഇവരും മറന്നിട്ടില്ല.

മൂന്ന് പക്ഷങ്ങളും ഏറെ ആത്മവിശ്വാസത്തിലാണ് ,ഒപ്പം ആശങ്കയിലും . ഫോണ്‍വിളികള്‍ മുതല്‍ പോസ്റ്ററുകള്‍ വരെ വ്യത്യസ്തമാക്കാനും ഓരോരുത്തരും ശ്രമിച്ചിരുന്നു. കോവിഡ് ആശങ്കകള്‍ ഏറെയുണ്ടെങ്കിലും അതിനെ മറികടന്നൊരു വിജയം നേതാക്കളെല്ലാം പ്രതീക്ഷിക്കുന്നുണ്ട്. പ്രമുഖരെല്ലാം ഇറങ്ങിപ്രവര്‍ത്തിച്ച ഒരു തിരഞ്ഞെടുപ്പ് കൂടിയായതിനാല്‍ വിജയം ഒരു പരിധിവരെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പകര്‍പ്പായിരിക്കുമെന്നതില്‍ സംശയമില്ല

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close