Breaking NewsElection 2021KERALANEWSTop News

നേമം മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടി;സോണിയ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അന്തിമ തീരുമാനം

തിരുവനന്തപുരം നേമം മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്നദ്ധത അറിയിച്ചെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനം. എന്നാല്‍, 50 വര്‍ഷമായി മത്സരിക്കുന്നത് പുതുപ്പള്ളിയിലാണെന്നും നേമത്ത് മത്സരിക്കുമെന്ന് ആര് പറഞ്ഞെന്നുമാണ് ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചത്. പുതിയ വാര്‍ത്ത എങ്ങനെ വന്നെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. ബിജെപിയെ തോല്‍പ്പിക്കാനുള്ള ശക്തമായ തന്ത്രങ്ങളാവും നേമത്തുണ്ടാവുകയെന്നും നേമം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെക്കുറിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് കരുത്തനായ നേതാവ് തന്നെ മത്സരത്തിന് ഇറങ്ങണമെന്ന ഉറച്ച നിലപാടിലായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വം. നേമം കൂടാതെ, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ ബിജെപി ശക്തി വര്‍ധിപ്പിച്ചിരുന്നു. കെ. മുരളീധരന്റെ പേരും നേമത്തേക്കു സജീവമായി പരിഗണിച്ചിരുന്നു. കഴിഞ്ഞതവണ ഒ. രാജഗോപാല്‍ വിജയിച്ച മണ്ഡലത്തില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ സിപിഎമ്മേ ഉള്ളൂവെന്ന പ്രചാരണത്തിന്റെ മുനയൊടിക്കാന്‍ ഉമ്മന്‍ ചാണ്ടിയെപ്പോലെ ശക്തനായ ആളുടെ സ്ഥാനാര്‍ഥിത്വം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close