KERALATop News

നേര്യമംഗലത്ത് മലവെള്ളപ്പാച്ചില്‍ കാട്ടാനയുടെ മൃതദേഹം ഒഴുകിപ്പോകുന്ന വീഡിയോ ദൃശ്യം വൈറലായി

കൊച്ചി: എറണാകുളം ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴയാണ് തുടരുന്നത്. പലയിടത്തും മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും സംഭവിച്ചിട്ടുണ്ട്. മലയോര ഖേലയിലുള്ളവരെ പ്രളയ സാധ്യത കണക്കിലെടുത്ത് മാറ്റിപ്പാര്‍പ്പിച്ചു വരികയാണ്. അതേസമയം, നേര്യമംഗലത്തെ മലവെള്ളപ്പാച്ചിലില്‍ കാട്ടാനയുടെ മൃതദേഹം ഒഴുകിപ്പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മൃതദേഹത്തിന് മൂന്നുദിവസത്തെ പ്രായമുണ്ട്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഫോട്ടോഗ്രാഫര്‍ ആല്‍ബിന്‍ മാത്യുവാണ് ഈ ദൃശ്യം പങ്കുവച്ചിരിക്കുന്നത്. വിഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. ഇതിനിടെ സംസ്ഥാനത്ത് വരുംദിവസങ്ങളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഇനിയുള്ള നാല് ദിവസം തുടര്‍ച്ചയായി മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. വടക്കന്‍ ജില്ലകളിലാണ് തുടര്‍ന്നും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. ശക്തമായ കാറ്റോടു കൂടി മഴ ലഭിക്കുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

മലപ്പുറത്ത് നാളെ റെഡ് അലര്‍ട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലും കോട്ടയത്തും യെല്ലോ അലര്‍ട്ടാണ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടങ്ങളില്‍ 24 മണിക്കൂറില്‍ 204.5 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുക. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
അതേസമയം, ഓഗസ്റ്റ് നാലിന് ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുഭാഗത്തായി രൂപംകൊണ്ട് ന്യൂനമര്‍ദം മധ്യേന്ത്യയിലേക്ക് നീങ്ങുകയാണ്. രണ്ടു ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദം ദുര്‍ബലമാകും. ബംഗാള്‍ ഉള്‍ക്കടലില്‍ ഓഗസ്റ്റ് ഒന്‍പതോടെ രണ്ടാം ന്യൂനമര്‍ദത്തിനു സാധ്യത പ്രവചിച്ചിട്ടുണ്ട്. ഓഗസ്റ്റ് പത്ത് വരെ കേരളത്തില്‍ മഴ തുടരും. ഓഗസ്റ്റ് എട്ട് മുതല്‍ പത്ത് വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വയനാട്ടില്‍ കാലവര്‍ഷ കെടുതിയില്‍ രണ്ട് കുട്ടികള്‍ മരിച്ചു. മരം വീണ് പലയിടത്തും ഗതാഗതം തടസപ്പെട്ടു. നിരവധി വീടുകളും ഭാഗികമായി തകര്‍ന്നു. പമ്പ, അച്ചന്‍കോവില്‍, മീനച്ചില്‍, പെരിയാര്‍, ഭാരതപുഴ, വളപട്ടണം, കുറ്റ്യാടി നദീതീരത്തുള്ള ജില്ലകള്‍ക്ക് കേന്ദ്ര ജല കമ്മിഷന്‍ വെള്ളപൊക്ക ജാഗ്രതാ നിര്‍ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം.

Tags
Show More

Related Articles

Back to top button
Close