KERALATop News

‘നേവല്‍ ബേസും ഷിപ്പ് യാര്‍ഡും ആക്രമിക്കാന്‍’ പദ്ധതി

ന്യൂഡല്‍ഹി: എറണാകുളം ജില്ലയില്‍ നിന്ന് അറസ്റ്റിലായ അല്‍ ഖ്വയ്ദ ഭീകരര്‍ ‘സാധാരണക്കാരെ ലക്ഷ്യമിട്ട്’ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ വൃത്തങ്ങള്‍. രാജ്യതലസ്ഥാനത്തും കൊച്ചി, മുംബൈ നഗരങ്ങളിലും ആക്രമണം നടത്താനായി പാക് ഭീകരസംഘടന പരിശീലിപ്പിച്ച ഭീകരരെയാണ് അറസ്റ്റ് ചെയ്തതെന്നാണ് എന്‍ഐഎയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. റെയ്ഡുകള്‍ തുടരുകയാണെന്നും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്‌തേക്കുമെന്നും എന്‍ഐഎയെ ഉദ്ധരിച്ച് മലയാളം വാര്‍ത്താ വെബ്‌സൈറ്റായ മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. കൊച്ചിയിലെ ദക്ഷിണമേഖലാ നാവികസേനാ ആസ്ഥാനവും കപ്പല്‍ നിര്‍മാണശാലയും ആക്രമണം നടത്താന്‍ അറസ്റ്റിലായ ഭീകരര്‍ക്ക് പദ്ധതിയുണ്ടായിരുന്നതായാണ് എന്‍ഐഎ പറയുന്നത്. ഇവരുടെ കൈവശം ഡിജിറ്റല്‍ ഉപകരണങ്ങളും ആയുധങ്ങളും സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്നതു സംബന്ധിച്ച രേഖകളും ഉണ്ടായിരുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട്. അതേസമയം, കേരളത്തില്‍ നിന്ന് അറസ്റ്റിലായ മൂന്ന് പേരില്‍ നിന്ന് ആയുധങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേരളത്തില്‍ നിന്നടക്കം അറസ്റ്റിലായ എല്ലാവരും പശ്ചിമ ബംഗാള്‍ സ്വദേശികളാണ്. രാജ്യത്തെ തന്ത്രപ്രധാന മേഖലകളില്‍ ആക്രമണം നടത്താനും ‘സാധാരണക്കാരായ ജനങ്ങളെ കൊലപ്പെടുത്താനുമാണ്’ ഭീകരര്‍ പദ്ധതിയിട്ടതെന്നാണ് എന്‍ഐഎ പറയുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് എറണാകുളം ജില്ലയില്‍ നിന്നും പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നുമായി ഒന്‍പത് ഭീകരരെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. കേരള പോലീസിന്റെ സഹായത്തോടെയായിരുന്നു എറണാകുളത്തെ ഓപ്പറേഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് നടന്ന വിവരം ഡിജിപി ലോക്‌നാഥ് ബെഹ്‌റയും സ്ഥിരീകരിച്ചിട്ടുണ്ട്. കളമശേരി പാതാളത്തു നിന്നും പെരുമ്പാവൂരില്‍ നിന്നുമായി അറസ്റ്റിലായവരെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close