SPORTSTrending

നേഷന്‍സ് ലീഗ് പോയാല്‍ ഐപിഎല്‍ വരും

വസന്ത് കുമാര്‍

ഗ്രാന്‍ഡ്സ്ലാം ടെന്നിസ് ടൂര്‍ണമെന്റുകളില്‍ നിന്ന് വമ്പന്‍ താരങ്ങള്‍ പുറത്താകുന്നതില്‍ അത്ര പുതുമയൊന്നുമില്ല. എന്നാല്‍, അയോഗ്യരാക്കപ്പെടുന്നത് പുതുമയാണ്, അതും ലൈന്‍ റഫറിയുടെ ദേഹത്ത് പന്തു കൊണ്ടതിന്! ലോക ഒന്നാം നമ്പര്‍ നോവാക് ദ്യോക്കോവിച്ചാണ് ഇത്തരത്തില്‍ യുഎസ് ഓപ്പണില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടിരിക്കുന്നത്. പോയിന്റ് നഷ്ടപ്പെട്ട ദേഷ്യത്തില്‍ ദ്യോക്കോവിച്ച് അടിച്ച പന്താണ് ലൈന്‍ റഫറിയുടെ ദേഹത്ത് ചെന്നു കൊണ്ടത്. ഉടന്‍ തന്നെ അദ്ദേഹം മാപ്പ് ചോദിച്ചെങ്കിലും, ടൂര്‍ണമെന്റിന്റെ പെരുമാറ്റച്ചട്ടം അനുസരിച്ച് അച്ചടക്ക നടപടി എന്ന നിലയില്‍ അയോഗ്യനാക്കുകയായിരുന്നു. സ്പാനിഷ് താരം പാബ്ലോ കാരെനോയ്ക്കെതിരായ മത്സരത്തിന്റെ നാലാം റൗണ്ടിലായിരുന്നു സംഭവം. ആദ്യ റൗണ്ട് വിജയം നേടിയ ഇന്ത്യന്‍ താരം സുമിത് നാഗലിന്റെ പോരാട്ടം രണ്ടാം റൗണ്ടില്‍ തന്നെ അവസാനിച്ചു. ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും ക്യാനഡയുടെ ഡെന്നിസ് ഷപോവാലവും ഉള്‍പ്പെട്ട സഖ്യം പ്രീ ക്വാര്‍ട്ടറിലും മുന്നേറ്റം അവസാനിപ്പിച്ചു. ക്ലബ് ഫുട്ബോളിന്റെ കൂട്ടപ്പൊരിച്ചിലൊക്കെ തത്കാലത്തേക്ക് ഒന്നടങ്ങിയതോടെ ആഗോള പന്തുകളി പ്രേമികളുടെ ശ്രദ്ധ അന്താരാഷ്ട്ര മത്സരങ്ങളിലേക്കായി. നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്കു തുടക്കം കുറിച്ചപ്പോള്‍ ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ബെല്‍ജിയം എന്നീ വമ്പന്‍മാര്‍ വിജയം നേടി. ലോക ചാംപ്യന്‍മാരായ ഫ്രാന്‍സ് എതിരില്ലാത്ത ഒരു ഗോളിന് സ്വീഡനെ തോല്‍പ്പിച്ചു. യൂറോപ്യന്‍ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍ ഒന്നിനെതിരേ നാലു ഗോളിനു തകര്‍ത്തത് ക്രൊയേഷ്യയെ. ഈ മത്സരത്തില്‍ കളിക്കാതിരുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടുത്ത മത്സരത്തില്‍ സ്വീഡനെതിരേ ആ കുറവ് തീര്‍ക്കുകയും ചെയ്തു. ഈ മത്സരത്തിന്റെ ഇടവേളയ്ക്കു തൊട്ടു മുന്‍പ് ലഭിച്ച ഫ്രീ കിക്ക് മനോഹരമായി വലയിലാക്കിയ ക്രിസ്റ്റിയാനോ തന്റെ നൂറാമത്തെ അന്താരാഷ്ട്ര ഗോളാണ് തികച്ചത്. പോര്‍ച്ചുഗീസ് ജഴ്സിയില്‍ ക്രിസ്റ്റിയാനോയുടെ നൂറ്റി അറുപത്തഞ്ചാമത്തെ മത്സരമായിരുന്നു ഇത്. യൂറോപ്പില്‍ ഒരു രാജ്യത്തും ഒരു താരം ഒറ്റയ്ക്ക് ഇത്രയധികം അന്താരാഷ്ട്ര ഗോളുകള്‍ നേടിയിട്ടില്ല. 84 ഗോളുകള്‍ നേടിയ ഹംഗേറിയന്‍ ഇതിഹാസം ഫെറന്‍സ് പുഷ്‌കാസാണ് രണ്ടാം സ്ഥാനത്ത്.

മറ്റു മത്സരങ്ങളില്‍ ഇംഗ്ലണ്ട് ഒരു ഗോളിന് ഐസ്ലന്‍ഡിനെയും ബെല്‍ജിയം രണ്ടു ഗോളിന് ഡെന്‍മാര്‍ക്കിനെയും മറികടന്നു. പിന്നാലെ ഒരു സൂപ്പര്‍ പോരാട്ടത്തിനും നേഷന്‍സ് ലീഗ് സാക്ഷ്യം വഹിച്ചു. ഇറ്റലിയും ഹോളണ്ടും ഏറ്റുമുട്ടിയ മത്സരത്തില്‍ നിക്കോ ബാരെല്ലയുടെ ഒറ്റ ഗോളില്‍ ഇറ്റലി വിജയം കണ്ടു. ഇതിനിടെ, കോവിഡ് രോഗബാധ സ്ഥിരീകരിച്ച സൂപ്പര്‍ താരം കയ്ലിയന്‍ എംബാപ്പെ ഫ്രഞ്ച് ടീമില്‍ നിന്നു പിന്‍മാറുകയും ചെയ്തു. സ്വീഡനെതിരായ മത്സരത്തില്‍ ഫ്രാന്‍സിന്റെ വിജയ ഗോള്‍ നേടിയത് എംബാപ്പെ ആയിരുന്നു. കോവിഡ് കാരണം മറ്റൊരു സൂപ്പര്‍ താരം പോള്‍ പോഗ്ബയെ ഫ്രഞ്ച് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നുമില്ല. ഇതിനിടെ ക്ലബ് ഫുട്ബോളില്‍ നിന്ന് പരിസ്ഥിതിപ്രേമികളെ ആഹ്ലാദിപ്പിക്കുന്ന ഒരു വാര്‍ത്തയും വന്നു. ആഴ്സനല്‍ ജയിക്കുന്ന ഓരോ മത്സരത്തിനും ആമസോണ്‍ മേഖലയില്‍ മൂവായിരം മരം നടുമെന്നാണ് ടീമിലെ ഡിഫന്‍ഡര്‍ ഹെക്ടര്‍ ബെല്ലെറിന്റെ പ്രഖ്യാപനം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ നാലാം ഡിവിഷനില്‍ കളിക്കുന്ന ഫോറസ്റ്റ് ഗ്രീന്‍ റോവേഴ്സ് എന്ന ക്ലബ്ബിന്റെ ഓഹരികളും ബെല്ലെറിന്‍ വാങ്ങിയിട്ടുണ്ട്. കളിക്കാര്‍ക്ക് വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് ഈ ക്ലബ് നല്‍കുന്നത്. ഇവരുടെ ഹോം ഗ്രോണ്ടിലെ പുല്‍ത്തകിടിയില്‍ പൂര്‍ണമായും പ്രകൃതിദത്തമായ പുല്ലാണ് വളര്‍ത്തിയിരിക്കുന്നത്. വൈദ്യുതിക്ക് ഉപയോഗിക്കുന്നത് സൗരോര്‍ജം. കളിക്കാരുടെ ഷിന്‍ പാഡുകള്‍ വരെ മുളകൊണ്ട് നിര്‍മിച്ചത്.

ലയണള്‍ മെസ്സിയും ബാഴ്സലോണയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കിടെ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ട്രാന്‍സ്ഫറാണ് ജയിംസ് റോഡ്രിഗസിന്റേത്. കൊളംബിയന്‍ താരം റയല്‍ മാഡ്രിഡില്‍നിന്ന് എവര്‍ട്ടണിലേക്കാണ് മാറിയിരിക്കുന്നത്. റയലില്‍ തീരെ അവസരം കിട്ടാതെ കരിയര്‍ പോലും പ്രതിസന്ധിയിലായ അവസ്ഥയിലാണ് റോഡ്രിഗസിനെ എവര്‍ട്ടണ്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടി ക്ലബ്ബിലേക്കു ക്ഷണിക്കുന്നത്. രണ്ടാമതൊന്ന് ആലോചിക്കാതെ രണ്ടു വര്‍ഷത്തെ കരാറില്‍ ഒപ്പു വയ്ക്കുകയും ചെയ്തു താരം. 2014 ലോകകപ്പില്‍ ഉജ്ജ്വല പ്രകടനത്തിന്റെ വെളിച്ചത്തിലാണ് റോഡ്രിഗസിനെ റയല്‍ ടീമിലെത്തിക്കുന്നത്. എന്നാല്‍, കഴിവിനൊത്ത പ്രകടനം പുറത്തെടുക്കുന്നതില്‍ നിരന്തരം പരാജയപ്പെട്ടതോടെ ആദ്യ ഇലവനില്‍ അവസരം കിട്ടാതാകുകയായിരുന്നു. ഇന്ത്യന്‍ ഫുട്ബോളിലേക്കു വരുമ്പോള്‍ പ്രതീക്ഷ പകരുന്ന ഒരു വാര്‍ത്ത ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ ഡെവലപ്മെന്റ് പ്രോഗ്രാമിനെക്കുറിച്ചുള്ളതാണ്. ഇന്ത്യയിലെ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങളും യൂറോപ്പില്‍ പരിശീലന സൗകര്യങ്ങളും ഒരുക്കുകയാണ് ഇതിന്റെ ലക്ഷ്യം. പോര്‍ച്ചുഗീസ് ഫുട്ബോള്‍ ക്ലബ്ബായ എസ്തോറില്‍ പ്രായിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പോര്‍ച്ചുഗീസ് താരമായിരുന്ന ഹ്യൂഗോ ലീല്‍ നേതൃത്വം നല്‍കും. പരിശീലനത്തിനു പുറമേ കളിക്കാര്‍ക്ക് യൂറോപ്പില്‍ തന്നെ വിദ്യാഭ്യാസ സൗകര്യവും നല്‍കുന്നതാണ് പദ്ധതി. ക്രിക്കറ്റ് പ്രേമികള്‍ കാത്തുകാത്തിരുന്ന ഐപിഎല്‍ മത്സരക്രമം കഴിഞ്ഞ ദിവസം ബിസിസിഐ പുറത്തുവിട്ടു. കീഴ്വഴക്കം അനുസരിച്ച് നിലവിലുള്ള ചാംപ്യന്‍മാരും റണ്ണറപ്പുകളുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. സെപ്റ്റംബര്‍ 19ന് അബുദാബിയില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍കിങ്സിനെ നേരിടും. അബുദാബി കൂടാതെ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലും മത്സരങ്ങളുണ്ടാകും. നവംബര്‍ 10ന് ഫൈനല്‍ നടക്കേണ്ട വേദി നിശ്ചയിച്ചിട്ടില്ല. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റായിരിക്കും ഈ പതിമൂന്നാം പതിപ്പ്. ഗ്രൂപ്പ് ഘട്ടത്തില്‍ മാത്രം 46 ദിവസങ്ങളിലായി 56 മത്സരങ്ങളുണ്ടാകും. ഇതില്‍ 36 ദിവസവും ഓരോ മത്സരമാണുള്ളത്. അതെല്ലാം ഇന്ത്യന്‍ സമയം രാത്രി ഏഴരയ്ക്ക് തുടങ്ങും. രണ്ടു മത്സരങ്ങളുള്ള ദിവസങ്ങളില്‍ രണ്ടാമത്തെ മത്സരമായിരിക്കും ഈ സമയത്ത്. ആദ്യത്തേത് മൂന്നര മുതലും.

ജയിംസ് റോഡ്രിഗസ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനും കരീബിയന്‍ പ്രീമിയര്‍ ലീഗിനുമൊപ്പം ലോക ക്രിക്കറ്റില്‍ ശ്രദ്ധേയമായ ട്വന്റി20 ലീഗാണ് ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗ്. കരീബിയന്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന വിശേഷണത്തിന് നാല്‍പ്പത്തെട്ടുകാരന്‍ പ്രവീണ്‍ താംബെ ഈ സീസണില്‍ അര്‍ഹനാകുകയും ചെയ്തു. എന്നാല്‍, ബിബിഎല്‍ എന്ന ബിഗ് ബാഷ് ലീഗില്‍ ഇനിയും ഒരു ഇന്ത്യന്‍ സാന്നിധ്യമുണ്ടായിട്ടില്ല. വിദേശ ലീഗുകളില്‍ കളിക്കുന്നതിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐ അനുമതി നല്‍കിയിട്ടിലാത്തതാണ് കാരണം. എന്നാല്‍, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചവര്‍ക്ക് ഈ വിലക്ക് ബാധകമല്ല. ഇത്തരമൊരു അവസരം പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് ഇടങ്കയ്യന്‍ ബാറ്റ്സ്മാന്‍ യുവരാജ് സിങ്. മുപ്പത്തെട്ടുകാരനായ യുവി അടുത്ത സീസണില്‍ ബിഗ് ബാഷ് ലീഗില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിനായി ഒരു ടീമിനെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇപ്പോള്‍. പ്രതാപകാലം കഴിഞ്ഞ യുവിയില്‍ ടീമുകള്‍ അധികം താത്പര്യമൊന്നും പ്രകടിപ്പിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ സാന്നിധ്യം ബിബിഎല്ലിന്റെ വിപണി മൂല്യം ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ഈ സാഹചര്യത്തില്‍ ബിബിഎല്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന വിശേഷണം യുവരാജ് സിങ്ങിനു സ്വന്തമാകാന്‍ സാധ്യത ഏറെയാണ്. ഇതിനിടെ, വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനു വേണ്ടി കളിക്കാനും യുവിക്കു താത്പര്യമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. ബിബിഎല്ലില്‍ അവസരം കിട്ടിയില്ലെങ്കിലും യുവി തത്കാലം കളമൊഴിയാന്‍ ഉദ്ദേശിക്കുന്നില്ല എന്നു തന്നെ വേണം കരുതാന്‍. അടുത്തിടെ വിരമിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയില്‍ ചില ബിബിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് താത്പര്യമുണ്ടെന്നാണ് വിവരം. എന്നാല്‍, ഏറെക്കാലമായി കളിക്കളത്തില്‍ കാണാത്ത ധോണിയുടെ ഐപിഎല്ലിലെ പ്രകടനം കൂടി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും ഇത്തരം ചര്‍ച്ചകള്‍ക്ക് ചൂടു പിടിക്കുക. അന്താരാഷ്ട്ര ക്രിക്കറ്റിലും മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. ഓസ്ട്രിയയ്ക്കെതിരായ ട്വന്റി20 പരമ്പര വിജയിച്ച് ഇംഗ്ലണ്ട് ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. ബാറ്റ്സ്മാന്‍മാരുടെ റാങ്കിങ്ങില്‍ പാക്കിസ്ഥാന്റെ ബാബര്‍ അസമിനെ മറികടന്ന് ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ദാവീദ് മാലനും ഒന്നാം സ്ഥാനത്തെത്തി. ടീമുകളില്‍ ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നപ്പോള്‍ ഇന്ത്യ മൂന്നാം റാങ്കില്‍ തുടരുന്നു. മൂന്നു മത്സരങ്ങള്‍ ഉണ്ടായിരുന്ന പരമ്പരയില്‍ ആദ്യ രണ്ടും ജയിച്ചാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. മൂന്നാം മത്സരത്തില്‍ ഓസ്ട്രേലിയയും ജയിച്ചു. ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോസ് ബട്ലറാണ് മാന്‍ ഓഫ് ദ സീരീസ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close