HEALTHKERALATrending

ന്യൂമോണിയയും സൈലന്റ് ഹൈപ്പോക്‌സിയയും കോവിഡിനൊപ്പം എത്തുമ്പോള്‍…

‘ കോവിഡ് വ്യാപനം കൊണ്ട് കടുത്ത ആശങ്കയിലായ ആലുവയ്ക്കടുത്ത് ആലങ്ങാട്ട് രണ്ടുദിവസമായി ന്യൂമോണിയ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും തദ്ദേശവാസികള്‍ക്കും ആശങ്ക. കോവിഡ് വൈറസിന്റെ ഭാഗമായി ഉണ്ടാവുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങളിലൊന്ന് ശ്വാസതടസമാണെന്നിരിക്കെ ശ്വാസകോശത്തിലുണ്ടാവുന്ന നീര്‍ക്കെട്ട് ബാധിച്ചവരുടെ എണ്ണത്തിലുള്ള വര്‍ധനയാണ് വലിയ ആശങ്കയുണ്ടാക്കുന്നത്’
കഴിഞ്ഞദിവസങ്ങളില്‍ കേട്ട പുതിയ കോവിഡ് വാര്‍ത്തകളിലാണ് ന്യൂമോണിയ എന്ന പേരു സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതിനു മുമ്പേ സൈലന്റ് ഹൈപ്പോക്‌സിയ എന്ന അവസ്ഥ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷെ അതിന്റെ തോത് ഇപ്പോള്‍ വര്‍ദ്ധിച്ചിരിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്.

സൈലന്റ് ഹൈപ്പോക്സിയ ഭീകരനായൊരവസ്ഥയോ?

ശ്വാസതടസ്സം പോലെ യാതൊരുലക്ഷണങ്ങളും കാണിക്കാത്ത ഒരു വ്യക്തിയിലും അപകടകരമായ രീതിയില്‍ ഓക്‌സിജന്റെ കുറവുണ്ടെങ്കില്‍ അതിനെ സൈലന്റ് ഹൈപ്പോക്‌സിയ എന്ന് പറയാം. ലക്ഷണങ്ങള്‍ പ്രകടമല്ലാത്തതിനാലാണ് സൈലന്റ് എന്ന് പറയുന്നത്. പക്ഷെ ഈ അവസ്ഥ തുടര്‍ന്നാല്‍ അത് പെട്ടെന്ന് കുഴഞ്ഞുവീണുള്ള മരണത്തിന് കാരണമായേക്കാം.
രക്തത്തില്‍ ആവശ്യത്തിന് ഓക്‌സിജന്‍ എത്താത്തതും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് സാധാരണ നിലയില്‍ തുടരുകയും ചെയ്യുന്നത് സ്വാഭാവികമായും ഓക്‌സിജന്‍ കുറയാന്‍ കാരണമാക്കും. ശാരീരികപ്രവര്‍ത്തനങ്ങള്‍ നടത്താനാവശ്യമായ ഓക്‌സിജന്‍ ലഭിക്കാതാകുന്ന അവസ്ഥയില്‍ പലരിലും ലക്ഷണങ്ങള്‍ കാണുന്നില്ലെന്നത് കൂടുതല്‍ അപകടത്തിലെത്തിക്കുന്നു. പലരും പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കാന്‍ തന്നെ കാരണം ഇതാണ്. ചിലരില്‍ ശ്വാസതടസ്സം പ്രകടമാണ്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സാധാരണനിലയില്‍ തുടരുന്നതിനാലാണ് ശ്വാസതടസ്സം പലപ്പോഴും അനുഭവപ്പെടാതിരിക്കുന്നത്.

എന്തുകൊണ്ട് കോവിഡ് രോഗികളില്‍ ?

ഓക്‌സിജന്റെ അളവ് പ്രധാനമായും രക്തചക്രമണമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്വാസകോശത്തിലൂടെ കടന്നു പോകുന്ന രക്തത്തിന്റെ അളവ് കുറവാണെങ്കില്‍ അത് ഇതിനെ ബാധിക്കുന്നു. കോവിഡ് വൈറസിന് രക്തക്കുഴലുകളില്‍ തടസ്സം സൃഷ്ടിക്കാനാകുമെന്നും പഠനങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ രക്തക്കുഴലുകളിലെ തടസ്സം രക്തസഞ്ചാരത്തെ തടസ്സപ്പെടുത്തുകയും അത് ശാരീരിക ബുദ്ധിമൂട്ടുകളിലേക്ക് നയിക്കുകയും ചെയ്യാം.
വൈറസിന്റെ സ്വഭാവം വ്യക്ത്യാധിഷ്ടിതമാണെന്നതും പ്രതിരോധം പ്രവര്‍ത്തനങ്ങളെ കടുപ്പമുള്ളതാക്കുന്നു. കോവിഡ് ഉള്ളവര്‍ക്ക് മാത്രമാണ് രക്തം കട്ടപിടിക്കുന്നത് അല്ലെങ്കില്‍ ശ്വാസതടസ്സമുണ്ടാകുന്നത് എന്ന് ധരിക്കരുത്. ഇത് ഹൃദ്രോഗികള്‍ക്കു ഉണ്ടാകാം. അതു കൊണ്ട്തന്നെ ഇത് കോവിഡ് രോഗത്തിന്റെ കൃത്യമായ ലക്ഷണമായി ഇതിനെപ്പറയാനാകില്ല.

ന്യൂമോണിയ എങ്ങനെ?

കഠിനമായ ശ്വാസകോശ അണുബാധയാണ് ന്യൂമോണിയ. ഇത് ഏറ്റവും അപകടകരമാകുന്നത് പ്രായമായവരിലും ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ക്കുമാണ്. കോവിഡ് വൈറസ് ശ്വാസകോശത്തിലേക്ക് പടരുന്ന സാഹചര്യത്തില്‍ ഇത് ന്യൂമോണിയക്ക് കാരണമാകാറുണ്ട്. ഇത്തരത്തില്‍ അണുബാധയുണ്ടായാല്‍ ശ്വാസകോശവീക്കത്തിന് കാരണമാക്കുന്നു. മാത്രമല്ല വായുസഞ്ചികളായ ആല്‍വിയോളെയില്‍ പഴുപ്പും ദ്രാവകവും നിറയുന്നതിനും കാരണമാകാറുണ്ട്. ഇതും ഓക്‌സിജന്‍ സ്വീകരിക്കാനുള്ള കഴിവ് കുറയ്ക്കുന്നുണ്ട്. തുടര്‍ച്ചയായ ഓക്‌സിജന്റെ അഭാവം ശരീരത്തിലെ പല അവയവങ്ങളും തകരാറിലാകാനും ഹൃദയസ്തംഭനത്തിനും ചിലപ്പോള്‍ മരണത്തിനും കാരണമാകുന്നു.
65 വയസ്സിനുമുകളിലുള്ളവരിലാണ് അപകടസാധ്യതകൂടുതല്‍ . കരുതലും നിയമങ്ങളുടെ കര്‍ശന പാലനവും വഴി പ്രതിരോധം സാധ്യമാകും. അതിന് ജനങ്ങളുടെ സമ്പൂര്‍ണ്ണ സഹകരണമാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യം.

Tags
Show More

Related Articles

Back to top button
Close