INDIANEWS

പക്ഷിപ്പനി; രാജ്യത്താകെ അതിതീവ്ര വ്യാപനം, കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

ദില്ലി: രാജ്യത്ത് പക്ഷിപ്പനി വ്യാപിക്കുന്നത് 12 പ്രഭവ കേന്ദ്രങ്ങളില്‍ നിന്നെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ കോട്ടയം, ആലപ്പുഴ ജില്ലകളിലായി നാല് പ്രഭവ കേന്ദ്രങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് പക്ഷിപ്പനി ബാധിച്ചതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കാനും നിരീക്ഷണം ശക്തമാക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആലപ്പുഴയുടെയും കോട്ടയത്തിന്റെയും ഭാഗങ്ങളില്‍ ചൊവ്വാഴ്ച 24,000 ത്തോളം പക്ഷികളെയാണ് കൊന്നൊടുക്കിയത്. ഇതില്‍ കൂടുതലും താറാവുകളാണ്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കര്‍ണ്ണാടകത്തിലും തമിഴ്‌നാട്ടിലും ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകളും ക്വിക്ക് റെസ്പോണ്‍സ് ടീമുകളും തയ്യാറായി കഴിഞ്ഞു.
രാജ്യത്തെ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ദില്ലിയില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. കേരളം ഉള്‍പ്പെടെ രോഗം സ്ഥിരീകരിച്ച നാല് സംസ്ഥാനങ്ങളിലും ഇതോടൊപ്പം തന്നെ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് 12 സ്ഥലങ്ങളിലാണ് അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇതോടെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സ്ഥലങ്ങളില്‍ ഉടന്‍ അണുനശീകരണം നടത്താനും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പക്ഷികള്‍ അസ്വാഭാവികമായി ചത്തൊടുങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഇക്കാര്യം ഉടന്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ കോഴി വില്‍പ്പന, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തിന് പുറമേ മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹരിയാണ, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും ഇതോടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് നല്‍കേണ്ട ധനസഹായത്തെക്കുറിച്ച് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. നശിപ്പിക്കപ്പെടുന്ന രണ്ട് മാസത്തില്‍ താഴെ പ്രായമുള്ള പക്ഷിക്ക് 100 രൂപയും രണ്ട് മാസത്തിന് മുകളില്‍ പ്രായമുള്ളവയ്ക്ക് 200 രൂപയും ധനസഹായം അനുവദിക്കും. നശിപ്പിക്കുന്ന മുട്ടയ്ക്ക് ഓരോന്നിന് അഞ്ച് രൂപ വീതമാണ് നല്‍കുക. എന്നാല്‍ 2016 ലെ അതേ പാക്കേജാണ് ഇപ്പോഴുമുള്ളതെന്നും ഇത് കുറവാണെന്നുമാണ് കര്‍ഷകര്‍ പറയുന്നത്. കേരളത്തില്‍ മാത്രം കഴിഞ്ഞ ദിവസം 12,000 പക്ഷികളാണ് ചത്തൊടുങ്ങിയിട്ടുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close