Breaking NewsNEWSTop NewsWORLD

പട്ടിണിമൂലം ഓരോ മിനിറ്റിലും മരിക്കുന്നത് പതിനൊന്നു പേർ; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് ഇങ്ങനെ

കയ്‌റോ: പട്ടിണിമൂലം ലോകത്ത് ഓരോ മിനിറ്റിലും പതിനൊന്നുപേർ മരിക്കുന്നെന്ന് പഠനറിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പട്ടിണി മരണം ആറുമടങ്ങാണ് വർധിച്ചത്. മരിച്ചുവീഴുന്ന പതിനൊന്നിൽ ഏഴുപേരും കോവിഡ് കാരണം ദാരിദ്ര്യമനുഭവിക്കുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ദാരിദ്ര്യനിർമാർജന സന്നദ്ധസംഘടനയായ ‘ഓക്‌സ്ഫാമാ’ണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. അഫ്ഗാനിസ്താൻ, എത്യോപ്യ, ദക്ഷിണ സുഡാൻ, സിറിയ, യെമെൻ തുടങ്ങിയ രാജ്യങ്ങളിലാണ് പട്ടിണിമരണങ്ങൾ കൂടുതലെന്നും റിപ്പോർട്ടിൽ പറയുന്നു.

ലോകത്താകെ 15 കോടി ജനങ്ങളാണ് കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നത്. മുൻ വർഷങ്ങളെക്കാൾ രണ്ടുകോടി കൂടുതലാണിത്. കോവിഡ്, കാലാവസ്ഥാ വ്യതിയാനം, യുദ്ധക്കെടുതികൾ, ആഭ്യന്തരസംഘർഷങ്ങൾ തുടങ്ങിയവ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കുന്നത് ദാരിദ്ര്യത്തിന്റെ തോത് കൂട്ടുന്നതായി ഓക്‌സ്ഫാം അമേരിക്കയുടെ പ്രസിഡന്റും സി.ഇ.ഒ.യുമായ ആബി മാക്സ്മാൻ പറഞ്ഞു.

ഏറ്റവുമധികം പട്ടിണി മരണങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 77 -ാം സ്ഥാനത്താണ്. ഓരോ ഒരു ലക്ഷം ഇന്ത്യക്കാരിലും 310 പേർ ഈ വിധം മരണത്തിന് കീഴടങ്ങുന്നു. 2018ലെ യൂനിസെഫിന്റെ കണക്കുകൾ പ്രകാരം, അഞ്ച് വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ മരണത്തിൽ മുന്നിൽ നിൽക്കുന്നത് ഇന്ത്യയാണ്. അന്നത്തെ കണക്കുകളനുസരിച്ച്, ഒരു വർഷം 8.8 ലക്ഷം കുഞ്ഞുങ്ങൾ ഇന്ത്യയിൽ മരിച്ചു വീഴുന്നുണ്ട്. അതേസമയം, ഡെൻമാർക്ക്, അയർലൻഡ്, ഖത്തർ, മൗറീഷ്യസ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ ഇത് പൂജ്യമാണ്.

കോവിഡ് കാരണം 5,20,000 പേരാണ് പട്ടിണിയിലായത്. കോവിഡ് വ്യാപനം നേരിടുന്ന സമയത്തും രാജ്യങ്ങൾ സൈനികച്ചെലവിനായിമാത്രം മാറ്റിവെച്ചത് 5100 കോടി ഡോളറാണ്. ഐക്യരാഷ്ട്രസഭയുടെ ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുകയുടെ ആറിരട്ടിയോളംവരുമിത്.

Tags
Show More

Related Articles

Back to top button
Close