പഠിപ്പില്‍ അടിമുടി മാറ്റം വരുമ്പോള്‍ മാറുന്നതെന്ത്? വെല്ലുവിളികളെന്ത്?

പലമാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വിദ്യാഭ്യാസരംഗത്തുണ്ടായിട്ടുണ്ട്. കോത്താരി കമ്മീഷന് മുതല്‍ കസ്തൂരിരംഗന്‍ കമ്മറ്റി വരെ എത്തിനില്‍ക്കുന്ന പലവിധ മാറ്റങ്ങള്‍ ഈ രംഗത്തുണ്ട്. ആ പരിണാമചരിത്രത്തിലേറ്റവും പുതിയതാണ് ഇപ്പോഴത്തേത്. സിപിഎമ്മും മുസ്ലിം ലീഗുവരെ എതിര്‍ക്കുന്ന ഇതിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഏകദേശം പത്തുവര്‍ഷത്തോളം വേണ്ടിവരുമെന്നാണ് കമ്മീഷന് അധ്യക്ഷന്‍ ഡോ. കസ്തൂരി രംഗന് തന്നെ പറയുന്നത്. അതിലെ ആദ്യ നിര്‍ദ്ദേശങ്ങള്‍ തന്നെ പ്രാവര്‍ത്തികമാകാന്‍ ഏകദേശം അഞ്ച് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും പറയുന്നുണ്ട്.
പ്രധാന മാറ്റങ്ങള്‍ , വെല്ലുവിളികള്‍
സ്കൂള്‍ പഠനത്തിനോടൊപ്പം പ്രീ പ്രൈമറി തലവും ചേര്‍ക്കുന്നു. 3-6 വരെയാവും പ്രധാനമായും സ്കൂള്‍തലം. 6-ാം ക്ലാസ് മുതല്‍ തൊഴിലധിഷ്ടിത പഠനവും ആരംഭിക്കുന്നു. അംഗനവാടികള്‍ പോലെയുള്ള സങ്കല്പങ്ങള് ഇവ്വാതാകുമ്പോള് അതിലൂടെ സംസ്ഥാന സര്‍ക്കാര്‍ നടത്തി വന്നിരുന്ന പല പ്രവര്‍ത്തനങ്ങളും ഇല്ലാതാകാന്‍ സാധ്യതയുണ്ട്. സ്കൂള്‍ എന്ന സങ്കല്പത്തെ ചെറിയ കുട്ടികളിലേക്കെത്തിക്കുമ്പോള് അത് എത്രമാത്രം കാര്യക്ഷമമായി നടപ്പിലാകും എന്നത് കണ്ടറിയേണ്ടതാണ്. തൊഴിലധിഷ്ടിത പഠനം നല്ല ചിന്താഗതിതന്നെയാണ്. അതിലൂടെ സാധാരണ തൊഴിലിനു എല്ലാവര്ക്കും പരിശീലനം ലഭിക്കുകയും അഭിരുചികള്‍ കണ്ടത്താന്‍ കഴിയുകയും ചെയ്യും.
5-ാം ക്ലാസ് വരെ മാതൃഭാഷയിലാവും പഠനം. സ്കൂള്‍ പാഠ്യപദ്ധതിയില്‍ നിലവിലുള്ള മൂന്ന് ഭാഷകളോടൊപ്പം സംസ്കൃതവും നിര്‍ബന്ധമാക്കും. കൂടാതെ യോഗ, സ്പോര്‍ട്സ്, ആര്‍ട്സ്,ആയോധനകല എന്നിവയും ഉള്‍പ്പെടുത്തും. സംസ്കൃതം കഴിഞ്ഞുപോയ കാലത്തിന്റെ ശേഷിപ്പാണെന്ന് വേണമെങ്കില്‍ പറയാം. ്തല്പരരല്ലാത്തവരില് അത് അടിച്ചേല്പിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമല്ല. മാതൃഭാഷയില്‍ അടിസ്ഥാന വിദ്യാഭ്യാസം
നടപ്പിലാക്കുന്നത നല്ലതുതന്നെ. അടിസ്ഥാനമുറക്കാനും മാതൃഭാഷയെ അറിയാനും ഇതാവശ്യമാണ്. അതിനൊപ്പം ഇംഗ്ലീഷിനും പ്രാധാന്യം നല്‍കുന്നതും നല്ല തീരുമാനം തന്നെയാണ്. പക്ഷെ ഹിന്ദി നിര്‍ബന്ധമാക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ അത്ര നന്നായി തോന്നുന്നില്ല.
ഹയര്‍സെക്കന്‍ഡറി തലത്തില്‍ വിദേശ ഭാഷ പഠിക്കാനുള്ള അവസരങ്ങളും ഒരുക്കുന്നതും നല്ലൊരു മാറ്റം തന്നെയാണ്. കാരണം പലതും വരും കാലങ്ങളില്‍ വിദ്യാര്ധികള്ക്കേറെ ഉപകാരപ്രദവുമാണ്.
നിയമം മെഡിക്കല്‍ പോലെയുള്ള കോഴ്സുകള്ക്കൊഴികെയുള്ളവക്ക് പൊതു പ്രവേശന പരീക്ഷയിലൂടെയാകും പ്രവേശനം നടപ്പിലാക്കും. ഇത് സമര്‍ത്ഥരായ വിദ്യാര്ധികള്ക്ക് ഏറെ ഗുണകരമാകും .പക്ഷെ സാധാരണ നിലയില്‍ മാത്രം പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരം കുറക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിനവസരം ലഭിക്കുന്നവര്‍ ഉന്നതങ്ങള്‍ കീഴടക്കുമ്പോള്‍ മറ്റൊരുകൂട്ടര്‍ പഴയ ചാതുര്‍വര്‍ണ്ണ്യത്തിന്റെ ബാക്കിയെന്നപോലെയുള്ള തൊഴില്‍ രീതികളിലേക്ക് നീങ്ങിയേക്കാം. വിദേശ സര്‍വ്വകലാശാല ഉള്‍പ്പെടെയുള്ളവയ്ക്ക് അനുമതിയുണ്ട്. അത് സമര്‍ത്ഥര്‍ക്ക് നല്ലൊരവസരമാണെങ്കിലും വരും കാലങ്ങളില്‍ ഒരു വിദേശ മാതൃക ഇവിടെയും നടപ്പിലാകുമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സാമ്പത്തിക സാമൂഹ്യ വശങ്ങള്‍കൂടി മുന്‍നിര്‍ത്തി നടപ്പിലാക്കേണ്ട നിര്‍ദ്ദേശങ്ങളാണിത് എന്ന കമ്മറ്റി അടിവരയിടുന്നെങ്കിലും ഈ പരിഷ്കാരം വരുത്തേണ്ടത് രാഷ്ടീയംകൂടി ഉള്‍പ്പെടുന്ന വര്‍ഗ്ഗത്തില്‍ നിന്നാകുമ്പോള്‍ അതിന്റെ ഭാവി എന്താകുമെന്ന് ചിന്തിക്കേണ്ടതുതന്നെയാണ്.