
ആറന്മുള: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മുന്‍ മിസോറം ഗവര്‍ണറുമായ കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബിജെപി ശ്രമം. കുമ്മനം അടക്കമുള്ള 9 പേരെ പ്രതികളാക്കി ആറന്മുള പോലീസ് കേസെടുത്ത സാഹചര്യത്തിലാണ് പരാതിക്കാരന് പണം തിരികെ നല്കി ഒത്തുതീര്‍പ്പിനുള്ള ശ്രമം ബിജെപി ആരംഭിച്ചത്.
കുമ്മനം രാജശേഖരന് അടക്കമുള്ളവര്‍ക്കെതിരെ സിആര്‍ ഹരികൃഷ്ണന് എന്നയാളാണ് പോലീസില്‍ പരാതി നല്‍കിയത്. പേപ്പര്‍ കോട്ടണ്‍ മിക്സ് എന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞാണ് പണം തട്ടിച്ചെന്നാണ് ഹരികൃഷ്ണന്റെ പരാതി. പതുതാതി തുടങ്ങുന്ന പ്ലാസ്റ്റിക് രഹിത കോട്ടണ്‍ മിക്സ് ബാനര്‍ നിര്‍മിക്കുന്ന കമ്പനിയില്‍ പാര്‍ട്നര്‍ഷിപ്പ് നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്ന് പരാതിയില്‍ പറയുന്നു. കുമ്മനം രാജശേഖരനും അദ്ദേഹത്തിന്റെ പിഎയായിരുന്നു പ്രവീണും ഉള്‍പ്പെടെ പത്തു പേര്‍ക്കെതിരെയാണ് പരാതി.കേസില്‍ നാലാം പ്രതിയാണ് കുമ്മനം. 28.75 ലക്ഷം രൂപ തട്ടിച്ചെന്നാണ് ഇയാളുടെ ആരോപണം. ഇത്രയും പണം തിരികെ നല്കി കേസ് നടപടികളില്‍ നിന്ന് കുമ്മനത്തെ ഒഴിവാകാനാണ് ബിജെപി ശ്രമം നടത്തുന്നത്.
പാലക്കാട്ടുള്ള ന്യൂ ഭാരത് ബയോടെക്നോളജി എന്ന കമ്പനിക്കെതിരെയാണ് ഹരികൃഷ്ണന് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പ്രവീണാണ് കേസിലെ മുഖ്യപ്രതി. വിശ്വാസ വഞ്ചന, പണം തട്ടിപ്പ് തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ആറന്മുള പോലീസ് അറിയിച്ചു. കേസ് നടപടികള്‍ ആരംഭിച്ചതോടെ കമ്പനി ഉടമ വിജയന് പരാതിക്കാരന് നല്‍കാനുള്ള മുഴുവന്‍ തുകയും നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ കുമ്മനത്തിനെതിരായ കേസ് നടപടികള്‍ ഒഴിവാക്കാനാണ് ബിജെപിയുടെ ശ്രമം.