
ഹിന്ദി സിനിമാപ്പാട്ടുകളുടെ ചരിത്രത്തില്‍ ഒരു ശബ്ദമുണ്ട്. ദൈവത്തിന്റെ ശബ്ദം എന്ന് അറിയപ്പെട്ടിരുന്ന ഒന്ന്. ഏത് ഭാവവും അനായാസം പകരാന്‍ കഴിഞ്ഞിരുന്ന, ആത്മാവില്‍ നിന്ന് പുറപ്പെട്ടിരുന്ന ഒരു അപൂര്വ്വസുന്ദരസ്വരം. ആ ശബ്ദത്തിന്റെ ഉടമയുടെ പേര്, മുഹമ്മദ് റഫി. റഫിയുടെ സ്വരം നിലച്ചിട്ട് ഇന്നേക്ക് 40 വര്‍ഷം തികയുകയാണ്. അമൃത്സറിലെ ഒരു ഗ്രാമത്തില്‍ ജനിച്ച്, ഒരു ക്ഷുരകന്റെ മകനായി ലാഹോറില്‍ വളര്‍ന്ന ‘ഫീക്കോ’ എന്ന കൊച്ചുപയ്യന്, പില്ക്കാലത്ത് ലോകമറിയുന്ന ഹിന്ദി പിന്നണിഗായകന്‍ മുഹമ്മദ് റഫി ആയതിനു പിന്നില്‍ വലിയൊരു കഥ തന്നെയുണ്ട്. 1924 ഡിസംബര്‍ 24ന് അമൃതസറിനടുത്ത് കോട്ല സുല്‍ത്താന്‍ സിംഗ് എന്ന സ്ഥലത്താണ് റഫിയുടെ ജനനം. ഹാജിഅലിമുഹമ്മദ് ആണ് പിതാവ്. മാതാവ് അല്ലാ രാഹ മുഹമ്മദ്ശാഫി. ദീന്, ഇസ്മായില്‍, ഇബ്രാഹിം, സിദ്ദീഖ് എന്നീ സഹോദരന്മാരും ചിരാഗ്, രേഷ്മ എന്നീ സഹോദരിമാരും ഉണ്ടായിരുന്നു. റഫിയുടെ മൂത്ത സഹോദരീ ഭര്‍ത്താവ് സംഗീതത്തിലുള്ള വാസന കണ്ടെത്തുകയും അതു പ്രോല്‍സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഉസ്താദ് ബഡേ ഗുലാം അലി ഖാന്, ഉസ്താദ് അബ്ദുള്‍ വാഹിദ് ഖാന്, പണ്ഡിത് ജീവന്‍ലാല്‍ മട്ടോ, ഫിറോസ് നിസാമി എന്നിവരില്‍ നിന്നുമായി റഫി ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. ഒരിക്കല്‍ റഫിയും റഫിയുടെ സഹോദരീ ഭര്‍ത്താവ് ഹമീദും കെ.എല്‍. സൈഗാളിന്റെ സംഗീതക്കച്ചേരി കേള്‍ക്കാന്‍ പോയതായിരുന്നു. വൈദ്യുതിതകരാറു കാരണം പരിപാടി അവതരിപ്പിക്കാന്‍ സൈഗാള്‍ തയ്യാറായില്ല. അക്ഷമരായ ആസ്വാദകരെ ആശ്വസിപ്പിക്കാന്‍ റഫി ഒരു പാട്ടു പാടട്ടെ എന്നു ഹമീദ് സംഘാടകരോടു ചോദിക്കുകയും അവര്‍ അതിനു തയ്യാറാവുകയും ചെയ്തു. അതായിരുന്നു റഫിയുടെ ആദ്യത്തെ പൊതുസംഗീതപരിപാടി, അത് റഫിയുടെ 13-ആം വയസിലായിരുന്നു.
1944 ല്‍ അദ്ദേഹം ബോംബെയിലേക്ക് മാറി. ആദ്യം ഗാനങ്ങളുടെ കോറസില്‍ പാടാന്‍ തുടങ്ങി. 10 രൂപ മാത്രമായിരുന്നു അന്ന് പ്രതിഫലം ലഭിച്ചത്. തുടര്‍ന്ന് ഇതിഹാസ സംഗീത സംവിധായകന് നൗഷാദ് അലിയുടെ കീഴില്‍ റാഫിക്ക് ഗാനങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. റഫിയുടെ ആദ്യഗാനം 1944-ല്‍ പുറത്തിറങ്ങിയ എ.ആര്.കര്‍ദാറുടെ പെഹ്ലേ ആപ് എന്ന ചിത്രത്തിലെ ശ്യാം സുന്ദര്‍, അലാവുദ്ദീന്‍ എന്നിവരോടൊപ്പം പാടിയ ഹിന്ദുസ്ഥാന്‍ കേ ഹം ഹേന്‍ എന്ന ഗാനമാണ്. ഏതാണ്ട് ആ സമയത്തു തന്നെ ശ്യാം സുന്ദറിനു വേണ്ടി ഗോന് കി ഗോരി (1944) എന്ന ചലച്ചിത്രത്തിലും, ജി.എം ദുരാണിയോടൊത്ത് അജീ ദില്‍ ഹോ കാബൂ മേന്‍ എന്ന ചിത്രത്തിലും പാടി. ഇതാണ് റഫി ബോളിവുഡിലെ തന്റെ ആദ്യ ഗാനമായി കണക്കാക്കുന്നത്.
നൗഷാദിന് പുറമെ എസ്ഡി ബര്മന്, ശങ്കര്‍-ജയ്കിഷന്, രവി, ഒപി നയ്യാര്‍, മദന്‍ മോഹന്‍, ലക്ഷ്മികാന്ത്-പ്യാരേലാല്‍, കല്യാണ്ജി-ആനന്ദ് ജി തുടങ്ങിയ സംഗീത സംവിധായകര്‍ക്കൊപ്പവും മികച്ച ഗാനങ്ങള്‍ റാഫിയുടെ സ്വരത്തില്‍ പുറത്തിറങ്ങി. മുകേഷ്, കിഷോര്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം ഹിന്ദി സിനിമാ സംഗീതലോകത്തെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുണ്ടായിരുന്ന ഗായകരിലൊരാളായിരുന്നു മുഹമ്മദ് റാഫി. കേരളത്തിലുള്‍പ്പെടെ നിരവധി ആരാധകര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഹിന്ദിക്ക് പുറമെ മൈഥിലി, ഭോജ്പുരി, ബംഗാളി, തമിഴ്, തെലുങ്ക്, പഞ്ചാബി ഭാഷകളിലും അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചിരുന്നു. ഏഴായിരത്തിലധികം ഗാനങ്ങളാണ് അദ്ദേഹം ഹിന്ദിയടക്കമുള്ള ഭാഷകളിലെ ചലച്ചിത്രങ്ങള്‍ക്ക് വേണ്ടി ആലപിച്ചത്. 1980 ജൂലൈ 31 ന് മരണപ്പെടുമ്പോള്‍ വെറും 55 വയസ്സു മാത്രമായിരുന്നു റാഫിയുടെ പ്രായം. അദ്ദേഹത്തിന്റെ മരണം ഹിന്ദി ചലച്ചിത്ര രംഗത്തിന് കനത്ത ആഘാതമായി, ആരാധകരെ ദുഃഖത്തിലാഴ്ത്തി. മരണത്തിനു ശേഷം പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ പ്രിയപ്പെട്ട ശബ്ദമായി മുഹമ്മദ് റാഫിയുടെ ആ മാന്ത്രിക സ്വരം നിറഞ്ഞു നില്ക്കുന്നു.