
നീലേശ്വരം: മഡിക്കായിലെ ലക്ഷ്മി അമ്മയുടെ നീണ്ട 11 വര്‍ഷത്തെ കാത്തിരിപ്പിന് ബുധനാഴ്ച രാത്രി 7.30 ന് വിരമമായി. ജപ്പാന് ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന മകന് മഹേന്ദ്രകുമാര്‍ ജയില്‍ മോചിതനായി തിരികെ നാട്ടില്‍ എത്തി. കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ വര്‍ഷം മഹേന്ദ്രകുമാറിന്റെ അച്ഛന് കെ. വി കുമാര്‍ മരിച്ചിരുന്നു. തിരികെ നാട്ടിലെത്തിയ മകന് ആദ്യം എത്തിയതും അച്ഛന് അന്തിയുറങ്ങുന്ന ഇടത്ത്.
1997-ലാണ് മഹേന്ദ്രന് ജപ്പാനിലേക്ക് ജോലിക്കായി പോയത്. അവിടെ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. പിന്നീട് സ്വന്തമായി ഹോട്ടല്‍ ആരംഭിക്കുകയും ചെയ്തു. അവിടെ വെച്ച് ചില മലയാളി സുഹ്യത്തുക്കള്‍ തമ്മിലുള്ള അക്രമണത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് ജയിലിലാകുകയായിരുന്നു.
തന്റെ നിരപരാധിത്വം തെളിയിച്ചു കൊണ്ട് തിരികെ വരുമെന്ന് മഹേന്ദ്രന് അമ്മയോടു പറഞ്ഞിരുന്നു. അമ്മയുടെയും മകന്റെയും പുനസമാഗമം കാണാന്‍ ബന്ധുക്കളും മറ്റും ഒത്തുകൂടിയിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ക്വാറെന്റെയിനില്‍ കഴിയുകയാണ് മഹേന്ദ്രന് ഇപ്പോള്‍.