Breaking NewsKERALANEWSTrending

പത്തനംതിട്ടയിൽ പ്രളയ സാധ്യത; മണിമലയാറും അച്ചൻകോവിലാറും ഒഴുകുന്നത് അപകട നിലയ്ക്ക് മുകളിൽ; മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷൻ

ന്യൂഡൽഹി: കേരളത്തിലെ പത്തനംതിട്ടയിൽ പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി കേന്ദ്ര ജലകമ്മീഷന്‍. ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ മണിമല, അച്ചന്‍കോവില്‍ നദികളിൽ പ്രളയസാധ്യതയുണ്ടെന്നാണ് ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയത്. അച്ചന്‍കോവിലാറിലും മണിമലയാറ്റിലും അപകടനിലയ്ക്ക് മുകളിലാണ് ജലനിരപ്പ്. അച്ചന്‍കോവിലില്‍ 10 മീറ്ററാണ് അപകടനിലയെങ്കില്‍ നിലവില്‍ 10.5 മീറ്ററിലാണ് ജലനിരപ്പ്. മണിമലയാറ്റില്‍ 6 മീറ്റര്‍ അപകട നിലയുള്ള സാഹചര്യത്തില്‍ നിലവില്‍ 6.5 മീറ്ററിലാണ് ജലനിരപ്പ്. അച്ചന്‍കോവിലാര്‍ ഒഴുകുന്ന തുമ്പമണ്‍, മണിമലയാര്‍ ഒഴുകുന്ന കല്ലൂപ്പാറ എന്നിവിടങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

മണിമലയാര്‍ കല്ലൂപ്പാറ എന്ന സ്ഥലത്ത് അപകട നിലയ്ക്ക് മുകളിലാണ് ഒഴുകുന്നതെന്ന് ജല കമ്മീഷന്‍ വ്യക്തമാക്കി. ശനിയാഴ്ച രാവിലെ എട്ട് മണിവരെയുള്ള കണക്കുകള്‍ പ്രകാരം. 6.08 മീറ്റര്‍ ഉയരത്തിലാണ് വെള്ളം ഒഴുകികൊണ്ടിരിക്കുന്നത്. ഇത് അപകട നിലയ്ക്ക് 0.08 മീറ്റര്‍ ഉയരത്തിലാണെന്നാണ് ജല കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

അച്ചന്‍കോവിലാറും അപകടനിലയ്ക്ക് മുകളില്‍ ഒഴുകികൊണ്ടിരിക്കുന്നു. തുമ്പമണ്‍ എന്ന പ്രദേശത്തുകൂടിയാണ് നദി അപകടനിലയ്ക്ക് മുകളിലൂടെ ഒഴുകുന്നത്. ശനിയാഴ്ച രാവിലെ എട്ട് മണി വരെയുള്ള കണക്കുകള്‍ പ്രകാരം 10.5 മീറ്റര്‍ ഉയരത്തിലാണ് നദി ഒഴുകുന്നത്. അപകടനിലയ്ക്ക് 0.50 മീറ്റര്‍ മുകളിലാണ് നദി ഒഴുകുന്നതെന്നും ജലകമ്മീഷന്‍ വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ കൊടൈയാറിലും പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ അതിതീവ്ര മഴയും അതിശക്തമായ കാറ്റും തുടരും. കനത്തമഴയും കാറ്റും വെള്ളിയാഴ്ച പലയിടത്തും നാശംവിതച്ചു. ന്യൂനമര്‍ദം വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ തീരത്തുനിന്ന് 300 കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു. അതിനാല്‍ വടക്കന്‍ കേരളത്തിലാണ് മഴയും കാറ്റും കൂടുതല്‍ ലഭിച്ചത്. വടക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close