KERALATrending

പത്ത് ദിവസം ചികിത്സയിലിരുന്ന അമ്മയ്ക്കും കുഞ്ഞിനും കോവിഡ് ഇല്ലെന്ന് സന്ദേശം; എസ്എംഎസ് വിവാദമായി

മാനന്തവാടി: കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന അമ്മയ്ക്കും കുഞ്ഞിനും രോഗബാധയുണ്ടായിരുന്നില്ല എന്ന ആരോഗ്യവകുപ്പിന്റെ എസ്എംഎസ് വിവാദമായി. വാളാട് കൂടംകുന്ന് പ്രദേശത്തെ 28 വയസുള്ള സ്ത്രീയെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും പത്ത് ദിവസമാണ് കോവിഡ് ചികിത്സ കേന്ദ്രത്തില്‍ താമസിപ്പിച്ചത്. കോവിഡ് മുക്തരായെന്ന് കണ്ടതിനെ തുടര്‍ന്ന് ഇരുവരും വീട്ടില്‍ തിരിച്ചെത്തിയതിന് ശേഷമാണ് ആദ്യ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നെന്ന് സന്ദേശം മൊബൈല്‍ ഫോണില്‍ ലഭിച്ചത്. ഇതോടെയാണ് രോഗബാധ ഇല്ലാത്ത അമ്മയെയും കുഞ്ഞിനെയുമാണ് അധികൃതര്‍ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ പാര്‍പ്പിച്ചതെന്ന ആരോപണം ഉയര്‍ന്നത്.ജൂലൈ 28നാണ് ഇരുവരുടെയും ആദ്യ ആന്റിജന്‍ പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ ഇരുവരും നെഗറ്റീവ് ആണെന്നാണ് കണ്ടെത്തിയത്.

എന്നാല്‍ അടുത്ത ദിവസങ്ങളില്‍ ഇവരുടെ അടുത്ത ബന്ധുക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുവരെയും വീണ്ടും പരിശോധിക്കുകയായിരുന്നു. ഈ മാസം 3ന് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഫലം പോസറ്റീവാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് ഈ മാസം ആറാം തിയതി മുതല്‍ പത്ത് ദിവസം അമ്മയും കുഞ്ഞും നല്ലൂര്‍നാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ കഴിഞ്ഞു.രോഗം ഭേദമായെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയത്. 24-ാം തിയതി ആരോഗ്യ വകുപ്പ് അയച്ച സന്ദേശത്തില്‍ മൂന്നാം തിയതി നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ ഫലം നെഗറ്റീവ് ആണെന്ന് കണ്ടതാണ് സംശയമുണ്ടാക്കിയത്. നാട്ടുകാരടക്കം സംഭവത്തില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ത്തി. സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്സും മുസ്ലീം ലീഗും രംഗത്തെത്തി. അതേസമയം ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നതാണെന്നും സാങ്കേതിക പിഴവ് മൂലം തെറ്റായ സന്ദേശം എത്തിയതാണെന്നും വാളാട് പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.

Tags
Show More

Related Articles

Back to top button
Close