KERALANEWS

പത്മപ്രഭാ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

കോഴിക്കോട്‌:കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് പത്മപ്രഭാപുരസ്‌കാരം. 75,000/- രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കെ. ജയകുമാര്‍ ഐ എ എസ് ചെയര്‍മാനും സംവിധായകന്‍ രഞ്ജിത്ത്, ഗാനരചിതാവ് റഫീഖ് അഹമ്മദ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. സാഹിത്യരംഗത്തെ മികച്ച സംഭാവനയ്ക്കാണ് പത്മപ്രഭാപുരസ്‌കാരം നല്‍കിവരുന്നത്. 1996-ലാണ് മുതലാണ് പത്മപ്രഭാപുരസ്‌കാരം നല്‍കിത്തുടങ്ങുന്നത്.
പത്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം. വി. ശ്രേയാംസ് കുമാര്‍ എം.പിയാണ് അവാര്‍ഡ് വിവരം അറിയിച്ചത്.ബഹുമുഖ പ്രതിഭ എന്ന വിശേഷണം സാര്‍ത്ഥകമാക്കുന്ന സാന്നിധ്യമാണ് ശ്രീകുമാരന്‍ തമ്പിയുടേതെന്നും വ്യാപരിച്ച മേഖലകളിലെല്ലാം ഒരുപോലെ മാറ്റുതെളിയിച്ച ഈ പ്രതിഭാശാലി സാഹിത്യത്തിലും ചലച്ചിത്രലോകത്തും ഒരേപോലെ അതുല്യമായ സംഭാവനകള്‍ നല്‍കിയെന്നും പുരസ്‌കാര സമിതി വിലയിരുത്തി

പരേതരായ കളരിക്കല്‍ കൃഷ്ണപിള്ളയുടേയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും മകനായി 1940-ല്‍ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ജനിച്ച ശ്രീകുമാരന്‍ തമ്പി പി. സുബ്രഹ്‌മണ്യത്തിന്റെ ‘കാട്ടുമല്ലിക’ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രഗാനരചനയിലേക്ക് പ്രവേശിക്കുന്നത്. മൂവായിരത്തിലധികം ഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പി രചിച്ചു. അവയില്‍ മിക്കവയും മലയാളികളും മലയാളഭാഷയും ഉള്ള കാലത്തോളം ഓര്‍ക്കപ്പെടുന്നവയാണ്. ശ്രീകുമാരന്‍ തമ്പി – ദക്ഷിണാമൂര്‍ത്തി, ശ്രീകുമാരന്‍തമ്പി – എം.കെ. അര്‍ജ്ജുനന്‍ കൂട്ടുകെട്ടുകള്‍ മലയാള സിനിമാഗാനങ്ങളെ നിത്യഹരിതത്വത്തിന്റെ വിതാനത്തിലേയ്ക്ക് ഉയര്‍ത്തി. മുപ്പതോളം സിനിമകള്‍ സംവിധാനം ചെയ്ത ശ്രീകുമാരന്‍ തമ്പി എണ്‍പതോളം സിനിമകള്‍ക്ക് തിരക്കഥ എഴുതി. ഇരുപത്തിരണ്ട് സിനിമകളും ആറ് ടെലിവിഷന്‍ പരമ്പരകളും നിര്‍മ്മിച്ചു. നിരവധി സിനിമകളിലായി മൂവായിരത്തോളം ഗാനങ്ങള്‍ തമ്പി എഴുതി. ലളിതഗാനങ്ങള്‍, ആല്‍ബം ഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍ തുടങ്ങി ആയിരത്തോളം രചനകള്‍ വേറെയും. ‘നീലത്താമര’, ‘അച്ഛന്റെ ചുംബനം’, ‘അമ്മയ്ക്കൊരു താരാട്ട്’, തുടങ്ങി പത്ത് കാവ്യസമാഹരങ്ങളും നാല് നോവലുകളും ആയിരത്തൊന്ന് ഗാനങ്ങളുടെ സമാഹാരമായ ‘ഹൃദയസരസ്സ്’, ഒരു നാടകം എന്നിവയും ശ്രീകുമാരന്‍ തമ്പിയുടേതായുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close