MoviesNEWSTop News

പനോരമയിലേക്ക് മലയാളത്തിലെ ആറ് സിനിമകള്‍

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലെ പനോരമയിലേക്ക് മലയാളത്തിലെ ആറ് സിനിമകളെ തെരഞ്ഞെടുത്തു. അഞ്ച് ഫീച്ചര്‍ ചിത്രങ്ങളും ഒരു നോണ്‍ ഫീച്ചര്‍ ചിത്രവുമാണ് പട്ടികയില്‍ ഇടംനേടിയത്. 23 ഫീച്ചര്‍ സിനിമകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളുമാണ് പനോരമ വിഭാ​ഗത്തില്‍ ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറാണ് പട്ടിക പുറത്തുവിട്ടത്.

ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കിയ ‘ട്രാന്‍സ്’, ആസിഫ് അലി നായകനായെത്തിയ നിസാം ബഷീര്‍ സംവിധാനം ചെയ്ത ‘കെട്ട്യോളാണ് എന്‍റെ മാലാഖ’, മുഹമ്മദ് മുസ്‍തഫ സംവിധാനം ചെയ്ത ‘കപ്പേള’, പ്രദീപ് കാളിപുറം സംവിധാനം ചെയ്ത ‘സേഫ്’, സിദ്ദിഖ് പരവൂരിന്‍റെ ‘താഹിറ’ എന്നിവയാണ് ഫീച്ചര്‍ വിഭാഗം പനോരമയില്‍ ഇടംനേടിയത്. ശരണ്‍ വേണുഗോപാലിന്‍റെ ‘ഒരു പാതിരാസ്വപ്നം പോലെ’ ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്നും ഇടംപിടിച്ച ചിത്രം. ഇതില്‍ കപ്പേള മുഖ്യധാര സിനിമകളിലാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന പട്ടികയില്‍ മലയാളത്തില്‍ നിന്നാണ് ഏറ്റവുമധികം ചിത്രങ്ങളുള്ളത്. 3 മറാഠി സിനിമകളും 2 വീതം ഹിന്ദി, ബംഗാളി സിനിമകളും പനോരമയില്‍ ഇടം പിടിച്ചിട്ടുണ്ട്. ജനുവരിയിലാണ് ഇത്തവണത്തെ മേള നടക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കാനിരുന്ന ചലച്ചിത്രമേള ജനുവരിയിലേക്ക് മാറ്റിവച്ചത്. ജനുവരി 16 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ വെര്‍ച്വല്‍, ഹൈബ്രിഡ് ഫോര്‍മാറ്റിലാവും മേള സംഘടിപ്പിക്കുകയെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close