
കോഴിക്കോട്:പന്തീരങ്കാവ് യുഎപിഎ ചുമത്തി കേസടുത്തത് പോലെയുള്ള നടപടി കേരളത്തില്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചായകുടിക്കാന്‍ പോയതിനാണ് അലനേയും ത്വാഹയേയും ഭീകരപ്രവര്‍ത്തനം നടത്തിയെന്ന പേരില്‍ കേസെടുത്തത്. പുസ്തകം വായിക്കുന്നത ഭീകരപ്രവര്ത്തനമാകുന്നതെങ്ങെനെയെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീര്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരോടൊപ്പം താഹയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
അതേസമയം, താഹയുടെ കുടുംബത്തിന് വീട് നവീകരിക്കാന്‍ സഹായധനമായി കെപിസിസി അഞ്ചുലക്ഷം രൂപ കൈമാറും.
സെപ്തംബര്‍ പതിനൊന്നിനാണ് യുഎപിഎ കേസില്‍ കുറ്റാരോപിതനായ അലന് ശുഹൈബും താഹ ഫസലും ജാമ്യത്തിലിറങ്ങുന്നത്. പത്തു മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്.
കടുത്ത ഉപാധികളോടെയാണ് കൊച്ചി എന്‍ഐഎ കോടതി അലനും താഹയ്ക്കും ജാമ്യം അനുവദിച്ചത്. സിപിഐ (മാവോയിസ്റ്റ്) സംഘടനകളുമായി ബന്ധം പാടില്ല, മാതാപിതാക്കളില്‍ ഒരാളുടെ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും സമര്‍പ്പിക്കണം, എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടണം, പാസ്പോര്‍ട്ട് കെട്ടിവയ്ക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യമനുവദിച്ചത്.