പമ്പയില്‍ ഭക്തര്‍ക്ക് സ്നാനം അനുവദിക്കരുത്, ശബരിമല നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍

കൊച്ചി: പമ്പയില്‍ ഭക്തര്‍ക്ക് സ്നാനം അനുവദിക്കരുത് എന്നും ദര്‍ശനം വെര്‍ച്വല്‍ ക്യൂ വഴിയാക്കണമെന്നും കമ്മീഷണര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.പമ്പയിലും മറ്റും വിരി വയ്ക്കാന്‍ അനുവദിക്കരുത്. അറുപത് വയസ്സ് കഴിഞ്ഞവരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കരുത്. ഭക്തര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. നിലയ്ക്കലില്‍ കോവിഡ് ടെസ്റ്റ് നടത്തണം. രോഗം സ്ഥിരീകരിക്കുന്നവരെ ക്ഷേത്രത്തിലേക്ക് പോകാന്‍ അനുവദിക്കരുത്. കാനന പാതകളിലൂടെ യാത്ര അനുവദിക്കരുത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സാമൂഹ്യ അകലം പാലിക്കാനുള്ള പ്രത്യേക നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. തന്ത്രിക്കും മേല്‍ശാന്തിക്കും ദേവസ്വം ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചാല്‍ എന്തുചെയ്യുമെന്ന ആശങ്കയും കമ്മീഷണര്‍ പങ്കുവച്ചിട്ടുണ്ട്. സന്നിധാനത്തിലേക്കുള്ള പാതയില്‍ പ്രത്യേക മെഡിക്കല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് സജ്ജീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കും.