പമ്പാ മണല്‍ക്കടത്ത് : വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടു വിജിലന്‍സിന് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയിരുന്നു. പക്ഷെ സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചത്.
പമ്പയില്‍ നിന്ന് മണല്‍ നീക്കം ചെയ്യാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് ചെന്നിത്തല ആരോപിച്ചിരുന്നു. 2014 മെയ് 22ന് മന്ത്രിസഭ യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ വെളിച്ചത്തില്‍ 2019 മെയ് 22ന് ഇറക്കിയ ഉത്തരവില്‍ പമ്പയിലെ മണല്‍ എങ്ങനെ ലേലം ചെയ്യണമെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. 90,000 മെട്രിക്ടണ്‍ മണലില്‍ നിന്ന് 20,000 മെട്രിക്ടണ്‍ നിലക്കലിലെ ബേസ് ക്യാമ്പിന്റെ വികസനത്തിനായി ദേവസ്വം ബോര്‍ഡിനും ഇ-ടെന്‍ഡറിലൂടെ 55,000 മെട്രിക്ടണ്‍ ആ ഭാഗത്തുള്ള ഉപഭോക്താക്കള്‍ക്കും നല്‍കാനാണ് മന്ത്രിസഭ തീരുമാനം. വനംവകുപ്പാണ് ഇത് ചെയ്യേണ്ടത്. ഈ തീരുമാനത്തെ മറികടന്നാണ് ഇപ്പോഴത്തെ നീക്കമെന്നും ഇതിന് ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും എന്തധികാരമാണുള്ളതെന്നും ചെന്നിത്തല ചോദ്യം ഉന്നയിച്ചിരുന്നു.