Breaking NewsKERALANEWSTop News

പരമോന്നത കോടതി കുറ്റവിമുക്തനാക്കിയിട്ടും നമ്പി നാരായണൻ നടന്നത് നീതി തേടി; ചാരക്കേസ് വീണ്ടും കേന്ദ്ര അന്വേഷണ ഏജൻസിയുടെ കൈകളിലേക്കെത്തുമ്പോൾ നെഞ്ചിടിപ്പോടെ കോൺ​ഗ്രസ് ക്യാമ്പ്; സിബിഐ എത്തുക കേരളത്തിലെ കോൺ​ഗ്രസിന്റെ അടിവേരിളക്കാനോ?

തിരുവനന്തപുരം: രാജ്യത്തെ തന്നെ പിടിച്ചുലച്ച ഐഎസ്ആർഒ ചാരക്കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസിൽ നമ്പി നാരായണനെതിരെ ​ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നന്വേഷിച്ച ജസ്റ്റിസ് ഡി കെ ജയിന സമിതി റിപ്പോർട്ട് സിബിഐക്ക് കൈമാറിയതോടെ രാഷ്ട്രീയ കേരളവും ആശങ്കയിലായിരിക്കുകയാണ്. കേരളത്തിലെ കോൺ​ഗ്രസ് രാഷ്ട്രീയ ചേരിപ്പോരിന്റെ ഭാ​ഗമായ ചാരക്കേസ് വീണ്ടും സിബിഐയുടെ കൈകളിലേക്കെത്തുമ്പോൾ കോൺ​ഗ്രസിന് എത്രത്തോളം ദോഷം ചെയ്യും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കോൺ​ഗ്രസ് കേന്ദ്രങ്ങൾ ആശങ്കയോടെ കാണുന്നതും അത് തന്നെയാണ്. നമ്പി നാരായണനെതിരായ ​ഗൂഢാലോചന സംബന്ധിച്ച് അന്വേഷണ റിപ്പോർട്ടിന്റെ ഉള്ളടക്കം പോലും പുറത്ത് വിടരുതെന്ന സുപ്രീംകോടതിയുടെ നിർദ്ദേശം കൂടി വന്നതോടെ എന്താണ് അന്വേഷണമെന്നോ ആരൊക്കെയാണ് അന്വേഷണ പരിധിയിൽ ഉള്ളതെന്നോ പോലും വ്യക്തമല്ല.

അമേരിക്കയുടെവരെ ഗൂഡാലോചന അരോപിക്കപ്പെട്ട ചാരക്കേസ് കേരളത്തിൽ വൻചർച്ചയായത് കോൺഗ്രസ്സിന്റെ ഗ്രൂപ്പ് കളികളുടെ കൂടി ഭാഗമായാണ്. ചാരക്കേസിൽ കു്റ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥൻ രമൺ ശ്രീവാസ്തവയെ സംരക്ഷിക്കുന്നവെന്ന ആരോപണമായിരുന്നു കെ കരുണാകരനെതിരെ ഉയർന്നത്. മുഖ്യമന്ത്രിയായിരുന്ന കരുണാകരനെ കോൺഗ്രസ്സിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി സ്ഥാനഭ്രഷ്ടനാക്കി മുഖ്യമന്ത്രിസ്ഥാനം നേടാൻ ചാരക്കേസിനെ ആന്റണി ഗ്രൂപ്പ് ശക്തമായി ഉപയോഗപ്പെടുത്തുകയായിരുന്നു.

1994-95 കാലഘട്ടത്തിൽ സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഐ.എസ്.ആർ.ഒ. ചാരക്കേസ്. ആന്റണി പക്ഷക്കാരനായ എം.എ. കുട്ടപ്പന് കരുണാകരന്റെ ഇടപെടലിൽ രാജ്യസഭാ സീറ്റ് നഷ്ടമായതും വലിയ രാഷ്ട്രീയ സംഭവമായി, അതിന്റെ പേരിൽ ഉമ്മൻചാണ്ടി ധനകാര്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോൾ. 1994 ജൂൺ 16 നായിരുന്നു ഉമ്മൻചാണ്ടിയുടെ രാജി. സ്ഥാനമൊഴിഞ്ഞ പുതുപ്പളളിക്കാരൻ ഉമ്മൻചാണ്ടി ശക്തനും തന്ത്രജ്ഞനുമായിരുന്ന കെ.കരുണാകരനെതിരെ അങ്കം കുറിച്ചു.

1994 ഒക്ടോബർ എട്ടാം തീയതി പകൽ പതിനൊന്നുമണിയോടെ മാലിക്കാരി യുവതി മറിയം റഷീദ ഇന്ത്യയിൽ താമസിക്കാനുള്ള കാലാവധി നീട്ടിക്കിട്ടാനായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലെ ഫോറിനേഴ്‌സ് സെക്ഷനിൽ ചെന്നതോടെയാണ് വിവാദമായ ഐ.എസ്.ആർ.ഒ. ചാരക്കേസ് തുടങ്ങിയത്. ഐ.എസ്.ആർ.ഒ.യിൽ ക്രയോജനിക് പദ്ധതിയുടെ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടറായിരുന്ന ഡി. ശശികുമാരനെ ഫോൺ ചെയ്തതിന്റെ പേരിൽ ഫോറിനേഴ്‌സ് രജിസ്‌ട്രേഷൻ ഓഫീസിലെ ഒരു ഇൻസ്‌പെക്ടർ മറിയം റഷീദയെ ചാരക്കേസിൽ കുടുക്കുകയായിരുന്നു. പിന്നാലെ ക്രയോജനിക് സിസ്റ്റംസ് പ്രൊജക്ട് ഡയറക്ടർ എസ്. നമ്പി നാരായണനും അറസ്റ്റിലായി. ദക്ഷിണമേഖല ഐ.ജി. രമൺ ശ്രീവാസ്തവയുടെ പേരും ചാരക്കേസിൽ ഉൾപ്പെട്ടു പുറത്തുവന്നു. ഐ.എസ്.ആർ.ഒ. ചാരക്കേസ് കേരളസമൂഹത്തെ ഞെട്ടിച്ചുകൊണ്ട് വളരുകയായിരുന്നു.

ഐ.ജി. രമൺ ശ്രീവാസ്തവയുടെ പേരുകൂടി പുറത്തുവന്നതോടെ കേസിന്റെ മാനം മാറി. ശ്രീവാസ്തവയ്ക്കു പുറത്തിറങ്ങാൻ വയ്യാതായി. ഗുരുവായൂരമ്പലത്തിൽ തൊഴാൻ പോയ ശ്രീവാസ്തവയെ പത്രപ്രവർത്തകരും ഫോട്ടോഗ്രാഫർമാരും വളഞ്ഞു. 1994 ഡസംബർ ഒന്നാം തീയതി വൈകീട്ട് ഐ.ബി. ജോയിന്റ് ഡയറക്ടർ ആർ. ശ്രീകുമാറും ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി കരുണാകരനെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. ശ്രീവാസ്തവയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. കരുണാകരൻ മറുപടിയൊന്നും പറഞ്ഞിട്ടില്ല.

ജസ്റ്റിസ് കെ. ശ്രീധരൻ, ജസ്റ്റിസ് ബി.എൻ. പട്‌നായിക് എന്നിവരുൾപ്പെട്ട ഹൈക്കോടതി ബെഞ്ച് രമൺ ശ്രീവാസ്തവയ്‌ക്കെതിരെ കടുത്ത ഭാഷയിൽ വിധി പ്രസ്താവിച്ചത് കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇടിത്തീവീഴ്ത്തി. ആന്റണി പക്ഷം കരുണാകരനെതിരെയുള്ള ആക്രമണത്തിന് ശക്തികൂട്ടി. ഐ പക്ഷത്തിന്റെ ക്യാമ്പ് വിട്ട് തിരുത്തൽവാദികളായി മാറിയ ജി. കാർത്തികേയനും രമേശ് ചെന്നിത്തലയും എം.ഐ. ഷാനവാസും ഒപ്പമുണ്ടായിരുന്നു. കരുണാകരൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ഉമ്മൻചാണ്ടി ആവർത്തിച്ച് ആവശ്യപ്പെട്ടു. ‘ ഇന്നത്തെ നിലയിൽ ശ്രീവാസ്തവയ്‌ക്കെതിരെ നടപടിയെടുത്താലും ജനങ്ങൾ കോൺഗ്രസിനെ വെറുതെ വിടില്ല. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് കരുണാകരൻ മാറുക മാത്രമാണ് കോൺഗ്രസിന്റെ രക്ഷയ്ക്ക് നല്ലത്.’ ഉമ്മൻ ചാണ്ടി അന്ന് പ്രസ്താവിച്ചു.

ആന്റണി പക്ഷത്തെ മറ്റൊരു പ്രമുഖനായ വി.എം. സുധീരൻ ഒരു പടികൂടി കടന്നു. കെ.പി.സി.സി. എക്‌സിക്യൂട്ടീവിൽ അദ്ദേഹം കരുണാകരനെതിരെ വലിയൊരു കടന്നാക്രമണം തന്നെ നടത്തി. ‘രാജ്യത്തിന്റെ അഖണ്ഡതയും സുരക്ഷിതത്വവുമാണ് ഏറ്റവും പ്രധാനം. ഒരു മുഖ്യമന്ത്രിക്കസേരയല്ല,’ സുധീരൻ ആഞ്ഞടിച്ചു. ഐ.എസ്.ആർ.ഒ. ചാരക്കേസിൽ ഐ.ജി. രമൺ ശ്രീവാസ്തവയെ രക്ഷിക്കാൻ ശ്രമിച്ച മുഖ്യമന്ത്രി കരുണാകരനെതിരെ പ്രതിപക്ഷം നിയമസഭയിൽ അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോൾ കോൺഗ്രസ് പാർട്ടി നൽകിയ വിപ്പ് ലംഘിച്ച് വോട്ടെടുപ്പിൽനിന്നു വിട്ടു നിൽക്കാനും സുധീരൻ തയ്യാറായി. 1995 ഫിബ്രവരി 14 നായിരുന്നു ഇത്. വിപ്പ് ലംഘിച്ചതിന് കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കാതിരിക്കണമെങ്കിൽ കാരണം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ഫിബ്രവരി 20-ാം തീയതി സ്പീക്കറായിരുന്നു പി.പി.തങ്കച്ചൻ വി.എം. സുധീരന് നോട്ടീസും നൽകി.

പക്ഷെ, സമൂഹത്തിനു മുന്നിൽ കരുണാകരൻ ചാരനും രാജ്യദ്രോഹിയുമായി മുദ്ര വെയ്ക്കപ്പെട്ടുകഴിഞ്ഞിരുന്നു. 1995 മാർച്ച് 16 ന് കരുണാകരൻ രാജിവെച്ചു. മാർച്ച് 22-ാം തീയതി എ.കെ. ആന്റണി മുഖ്യമന്ത്രിയായി. ഐ.പക്ഷത്തിന്റെ കൈയിൽനിന്ന് ആന്റണിപക്ഷം മുഖ്യമന്ത്രിക്കസേര തട്ടിയെടുക്കുകയായിരുന്നു.

ചാരക്കേസ് കരുണാകരനെതിരെ ശക്തമായ ആയുധമായി ഉപയോഗിച്ചപ്പോഴും രാഷ്ട്രീയമായി നിർണായക നീക്കങ്ങൾ നടത്തി മേൽക്കോയ്മ ഉറപ്പാക്കുന്നതിൽ ആന്റണി പക്ഷം വിജയിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ കരുണാകരനോടൊപ്പമുണ്ടായിരുന്ന ഏഴുപേരെ ആന്റണി പക്ഷം സ്വന്തമാക്കി. അതോടെ പാർലമെന്ററി പാർട്ടിയിൽ കരുണാകരനു മേധാവിത്ത ഇല്ലാതായി. ഘടകകക്ഷികളിൽ മുസ്ലീംലീഗുമായി ഉമ്മൻചാണ്ടി ചങ്ങാത്തം കൂടി. കേരള കോൺഗ്രസ് പോലെയുള്ള കക്ഷികളും ആന്റണി പക്ഷത്തോടു കൂറുപ്രഖ്യാപിച്ചു. അവസാനം കരുണാകരണോടൊപ്പമുണ്ടായിരുന്നത് എൻ.എസ്.എസും സി.എം.പി.യും മാത്രമായിരുന്നു.

കേസിന്റെ രാഷ്ട്രീയം ഇതൊക്കെയായിരുന്നെങ്കിലും നമ്പി നാരായണൻ ശേഷിച്ച കാലം ജീവിച്ചതത്രയും തനിക്ക് നീതി തേടിയായിരുന്നു. ഐ.എസ്.ആർ.ഓ വികസിപ്പിച്ചുകൊണ്ടിരുന്ന ക്രയോജനിക് എഞ്ചിൻ സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റിയായിരുന്നു ചാരവൃത്തി ആരോപണം. പിന്നീട് ഇദ്ദേഹം നിരപരാധിയാണന്നു മനസ്സിലാക്കി 1998-ൽ സുപ്രീം കോടതി നമ്പി നാരായണനെ കുറ്റവിമുക്തനാക്കി. 2018 ൽ ജസ്റ്റിസ് ദിപക് മിശ്ര ബെഞ്ചിന്റെ സുപ്രീംകോടതി വിധിയിൽ നമ്പി നാരായണന് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിയായി. സംസ്ഥാന ഗവർമെന്റ് 2018-ൽ പരസ്യമായി നഷ്ടപരിഹാര തുക നൽകി വിധി നടപ്പിലാക്കി. അദ്ദേഹത്തിന്റെ ആത്മകഥയായ ഓർമ്മകളുടെ ഭ്രമണപഥം 2017 ഒക്ടോബർ 23 നു പുറത്തിറങ്ങിയിരുന്നു. നഷ്ടപരിഹാരമായിരുന്നില്ല തന്റെ ആവശ്യം എന്നാണ് നമ്പി നാരായണന്റെ നിലപാട്. ചാരക്കേസ് രാജ്യത്തെ ക്യോജനിക് സാങ്കേതിക വിദ്യയുടെ ഉപയോ​ഗം താമസിപ്പിച്ചു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ​ഗൂഢാലോചനയുടെ പിന്നിലാരെന്ന് പുറത്ത് വരണം എന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം.

ചാരക്കേസ് ഗൂഢാലോചനയെന്ന് എല്ലാവരും അംഗീകരിച്ച കാര്യമെന്ന് നമ്പി നാരായണൻ ചൂണ്ടിക്കാട്ടുന്നു. ഇനി ഉത്തരവാദികളെ കണ്ടെത്തണം. രാഷ്ട്രീയ ഗൂഢാലോചനയെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഒരാളെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്താനില്ലെന്നും നമ്പി നാരായണൻ ഉത്തരവിന് പിന്നാലെ പ്രതികരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close