INSIGHTNEWSTrending

പരമ്പരാഗത ഗാലറി സംവിധാനത്തിൽനിന്നും വ്യത്യസ്തമായി ആഗോള തലത്തിൽ പ്രശസ്തമായ ആർട്ട് സ്റ്റുഡിയോയുടെ സ്ഥാപക; പോസിറ്റീവായ സാമൂഹിക മാറ്റത്തിന് ഉപയോഗിക്കാൻ ജനങ്ങളെ പ്രാത്സാഹിപ്പിക്കുന്ന ക്ലബ്ഹൗസിന്റെ മുഖമായ വനിത; ഡ്രൂ കറ്റൗകയുടെ കഥ

കേന്ദ്രസര്‍ക്കാര്‍ ഐ.ടി നയങ്ങളില്‍ പിടിമുറുക്കിയപ്പോള്‍ ഫേസ്ബുക്കിനും, ഇന്‍സ്‌റാഗ്രാമിനും, വാട്‌സാപ്പിനുമപ്പുറം സോഷ്യല്‍ മീഡിയയില്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുകയാണ് ജനങ്ങള്‍. ഈ അവസരത്തില്‍ തരംഗമാകുന്ന സാമൂഹ മാധ്യമ ആപ്ലിക്കേഷനാണ് ‘ക്ലബ്ഹൗസ്’. ഏറ്റവുമധികം സ്വാധീനം ചെലുത്തിയ 100 കമ്പനികളുടെ 2021 ലെ ടൈം മാഗസിന്‍ പട്ടികയില്‍ ക്ലബ്ഹൗസും ഇടം നേടിയിട്ടുണ്ട്. ഡിജിറ്റല്‍ റൂമുകളില്‍ ആളുകള്‍ക്ക് ഒന്നിച്ച് ഒത്തുകൂടാനും ഏത് വിഷയത്തെക്കുറിച്ചും പരസ്പരം സംസാരിക്കാനും സൗകര്യം ഒരുക്കുന്ന ആപ്പ് എന്നാണ് ടൈം മാഗസിന്‍ ക്ലബ്ഹൗസിനെ വിശേഷിപ്പിച്ചത്.

ഒരു സ്ത്രീയുടെ മുഖമാണ് നിലവില്‍ ആപ്പിന്റെ ഐക്കണ്‍ ആയി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.എന്നാല്‍ ഇത് ആറാണെന്ന് അറിയുന്നവര്‍ ചുരുക്കമായിരിക്കും.അറിയാത്തവര്‍ പലരും മുഖം അന്വേഷിച്ചു ഗൂഗിളിലും മറ്റും കുറേയെറെ അലഞ്ഞു കാണും.അറിയാന്‍ തേടി നടന്ന ആ വ്യക്തി ലോകപ്രശസ്ത വിഷ്വല്‍ ആര്‍ടിസ്റ്റും സോഷ്യല്‍ ആക്ടിവിസ്റ്റുമായ ഡ്രൂ കറ്റൗക ആണ്.ആപ്പിന്റെ മുഖമായി ക്ലബ്ഹൗസ് തിരഞ്ഞെടുക്കുന്ന എട്ടാമത്തെ വ്യക്തിയും ആദ്യത്തെ ഏഷ്യന്‍ അമേരിക്കന്‍ വനിതയും ആദ്യത്തെ മോഡേണ്‍ ആര്‍ടിസ്റ്റുമാണ് ഡ്രൂ കറ്റൗക.

ആരാണ് ഡ്രൂ കറ്റൗക?

പ്രശസ്ത വിഷ്വല്‍ ആര്‍ട്ടിസ്റ്റും ടെക്‌നോളജിസ്റ്റും സോഷ്യല്‍ ആക്ടിവിസ്റ്റുമാണ് ഡ്രൂ കറ്റൗക. ഇത്തരത്തില്‍ ഫീച്ചര്‍ ചെയ്യപ്പെട്ട ആദ്യ വിഷ്വല്‍ ആര്‍ട്ടിസ്റ്റും, ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വനിതയുമാണ് ഡ്രൂ കറ്റൗക.ആഗോള തലത്തില്‍ തന്നെ ഏറ്റവും പ്രശസ്തമായ ആര്‍ട്ട് സ്റ്റുഡിയോകളില്‍ ഒന്നിന്റെ സ്ഥാപകയാണ് ഡ്രൂ കറ്റൗക. ഡ്രൂ കറ്റൗക സ്റ്രുഡിയോസ് ഇന്ന് 30 രാജ്യങ്ങളിലായി പടര്‍ന്ന് കിടക്കുകയാണ്.ടോക്യോയില്‍ ജനിച്ച ഡ്രൂ കറ്റൗകയുടെ അച്ഛന്‍ ജപ്പാന്‍ സ്വദേശിയും അമ്മ കൊക്കേഷ്യന്‍ അമേരിക്കനുമാണ്. വേള്‍ഡ് എക്കണോണിക്ക് ഫോറമില്‍ കള്‍ച്ചറല്‍ ലീഡറായും, യങ്ങ് ഗ്ലോബല്‍ ലിഡറായും ഡ്രൂ കറ്റൗകയെ തെരഞ്ഞെടുത്തിരുന്നു.

2020 മാര്‍ച്ചില്‍ ക്ലബ്ഹൗസ് ആരംഭിച്ചപ്പോള്‍ മുതല്‍ ഡ്രൂ അതില്‍ അംഗമാണ്. ഏഷ്യക്കാരോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന #StopAsianHate എന്ന് ക്യാംപെയിന് വേണ്ടി ക്ലബ് ഹൗസിലൂടെ ഒരു ലക്ഷം ഡോളറാണ് ഡ്രൂവും കിങ് സെന്റര്‍ സിഇഒ ബെര്‍ണിസ് കിങ്ങും ചേര്‍ന്നു സമാഹരിച്ചത്. തന്റെ കലയും പ്രഫഷനല്‍ ബന്ധങ്ങളും ഉപയോഗിച്ച് #24HoursofLove എന്ന ക്ലബ്ഹൗസ് ഇവന്റിലൂടെയായിരുന്നു ധനസമാഹരണം.

ക്ലബ്ഹൗസിലെ തന്റെ ഏഴ് ലക്ഷത്തോളം ഫോളോവേഴ്‌സിലൂടെ വംശീയ വിവേചനത്തിനെതിരെ നിരവധി ചര്‍ച്ചകളും ബോധവല്‍ക്കരണ ക്യാംപെയിനുകളും ഡ്രൂ സംഘടിപ്പിച്ചിട്ടുണ്ട്. സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കാന്‍ സാധിക്കുന്ന ഫീച്ചര്‍ ക്ലബ്ഹൗസ് അവതരിപ്പിച്ചതിലും ഡ്രൂവിന്റെ സ്വാധീനമുണ്ട്.സിലിക്കണ്‍വാലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡ്രൂ കറ്റൗക സ്റ്റുഡിയോസ് ലോകത്തെ ഏറ്റവും മികച്ച ആര്‍ട് സ്റ്റുഡിയോകളില്‍ ഒന്നാണ്. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നു പഠിച്ചിറങ്ങിയ ഡ്രൂ, പരമ്പരാഗത ഗാലറി സംവിധാനത്തില്‍നിന്നും വ്യത്യസ്തമായി സ്റ്റുഡിയോയ്ക്ക് രൂപം നല്‍കുകയായിരുന്നു.ശാസ്ത്രവും സാങ്കേതിക വിദ്യയും ഇഴ ചേരുന്ന കലാസൃഷ്ടികളാണ് ഡ്രൂവിന്റേത്. ഇന്ന് അഞ്ചു ഭൂഖണ്ഡങ്ങളിലെ മുപ്പതിലധികം രാജ്യങ്ങളില്‍ ഡ്രൂവിന്റെ കലാസൃഷ്ടികള്‍ കടന്നെത്തിയിരിക്കുന്നു. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ആദ്യ സീറോ ഗ്രാവിറ്റി കലാ പ്രദര്‍ശനത്തിലും ഡ്രൂവിന്റെ കലാസൃഷ്ടി സ്ഥാനം പിടിച്ചു.

ക്ലബ് ഹൗസിനെ പോസിറ്റീവായ സാമൂഹിക മാറ്റത്തിന് ഉപയോഗിക്കാന്‍ ജനങ്ങളെ പ്രാത്സാഹിപ്പിക്കാനുള്ള അവസരമായാണ് ഐക്കണ്‍ പദവിയെ ഡ്രൂ കാണുന്നത്. കലയും സാങ്കേതികവിദ്യയും ഒന്നിച്ചു കൊണ്ടുപോകുന്നതിന് നേതൃത്വം നല്‍കാന്‍ ക്ലബ് ഹൗസിന് സാധിക്കുമെന്നും ഡ്രൂ വിശ്വസിക്കുന്നു.

ക്ലബ്ഹൗസ്

പൂര്‍ണ്ണമായും ശബ്ദത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതുമായ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ് ക്ലബ്ഹൗസ്. ഇതില്‍ വോയ്സ് ചാറ്റ് റൂമുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് പരസ്പരം ആശയവിനിമയം നടത്തുന്നതിനും തത്സമയ ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും കഴിയും. വോയ്സ് ചാറ്റ് റൂമില്‍ ഒരു സമയം 5000 ആളുകള്‍ക്ക് വരെ പങ്കെടുക്കുവാനും കഴിയും.

തുടക്കത്തില്‍ ഐ.ഒ.എസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ക്ലബ് ഹൗസ് 2021 മെയ് മുതലാണ് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും ലഭ്യമായത്. പോഡ്കാസ്റ്റുകള്‍ പ്രക്ഷേപണം ചെയ്യുന്നതിനായി പോള്‍ ഡേവിസണ്‍, രോഹന്‍ സേത്ത് എന്നിവര്‍ ചേര്‍ന്ന് ടോക് ഷോ എന്ന പേരിലാണ് ഈ ആപ്പ് ആരംഭിച്ചത്. എന്നാല്‍ ഇലോണ്‍ മസ്‌ക്, മാര്‍ക്ക് സുക്കര്‍ബര്‍ഗ് തുടങ്ങിയ പ്രശസ്തര്‍ അംഗങ്ങളായതോടെ ആപ്പിന്റെ തലവര മാറി.

ആപ്പ് ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ ഇന്‍വിറ്റേഷന്‍ ലഭിക്കുന്നതിലൂടെ മാത്രമേ പുതിയ ഒരാള്‍ക്ക് ആപ്പില്‍ അംഗമാകാന്‍ കഴിയു. പുതിയതായി എത്തുന്നവര്‍ക്ക് ആദ്യം രണ്ടു പേരെ മാത്രമേ ഇന്‍വൈറ്റ് ചെയ്യാന്‍ കഴിയുകയുള്ളൂ. ആപ്പ് ഉപയോഗിക്കുന്നതിനനുസരിച്ച് കൂടുതല്‍ പേരെ ഇന്‍വൈറ്റ് ചെയ്യാനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. വോയ്സ് ചാറ്റ് റൂമുകളില്‍ നടക്കുന്ന സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടില്ല എന്ന് ക്ലബ്ഹൗസിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close