NEWSTop NewsWORLD

പരസ്പരം ആക്രമിച്ച് ഇസ്രയേലും ഹമാസും; ഇസ്രയേൽ തെരുവുകളിൽ‌ ഏറ്റുമുട്ടി ജനങ്ങളും; വാ​ഗ്ദത്ത ഭൂമി സാക്ഷ്യം വഹിക്കുന്നത് 2014 ന് ശേഷമുള്ള ഏറ്റവും വലിയ രക്തരൂക്ഷിത പോരാട്ടത്തിന്

ടെൽ അവീവ്: ഹമാസിന്റെ അപ്രതീക്ഷിത അക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി ഇസ്രയേൽ. 2014 ന് ശേഷം ഇസ്രായേലും പലസ്തീനും തമ്മിലുള്ള ഏറ്റവും വലിയ സംഘർഷമാണ് ഇപ്പോഴത്തേതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്ലാം മത വിശ്വാസികളുടെ മൂന്നാമത്തെ വിശുദ്ധ ആരാധനാ കേന്ദ്രമായ അൽ അഖ്സയിൽ ഇസ്രായേൽ പൊലീസ് പിടിമുറുക്കിയതിനു പിന്നാലെയാണ് സംഘർഷം രൂക്ഷമായത്.

ഹമാസിന്റെ ഗാസ സിറ്റി കമാണ്ടർ ബസേം ഇസ്സയെ ഇസ്രയേൽ വ്യോമാക്രണത്തിലൂടെ വധിച്ചു. ആക്രമണം കനത്തതോടെ പലസ്തീനിൽ ഗർഭിണിയും 16 കുട്ടികളും ഉൾപ്പെടെ മരിച്ചവരുടെ എണ്ണം 65 ആയി. ഇസ്രയേലിൽ 6 പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. യുദ്ധ സമാന ദൃശ്യങ്ങളാണ് ഇസ്രയേലിലും പലസ്തീനിലും. ആക്രമണം കനത്തതോടെ മരണസംഖ്യ ഉയരുകയാണ്. ഗാസയിൽ മൂന്നാമത്തെ ടവറും ഇസ്രയേൽ ആക്രമണത്തിൽ തകർന്നതോടെ രണ്ടും കൽപ്പിച്ച് തിരിച്ചടിക്കുകയാണ് ഹമാസ്. ഇതിനോടകം അവർ ഇസ്രയേൽ മണ്ണിലേക്ക് തൊടുത്തത് 1500ൽ ഏറെ റോക്കറ്റുകൾ. ശക്തമായ മറുപടിയാണ് ഇസ്രയേലും നൽകുന്നത്.

ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ ഗാസ സിറ്റി കമാണ്ടർ ബസേം ഇസ്സ കൊല്ലപ്പെട്ടു. ഇക്കാര്യം ഹമാസ് സ്ഥിരീകരിച്ചു. ഹമാസിന്‍റെ മുതിർന്ന നേതാക്കളിൽ ഒരാളാണ് ഇസ്സ. ഇതിനുപിന്നാലെ ഇതൊരു തുടക്കം മാത്രമാണെന്നും രാജ്യത്തെ രക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയത് ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.

അടുത്ത രണ്ട് മാസത്തേക്ക് ഇസ്രായേലിൽ ബോംബാക്രമണം തുടരാൻ വേണ്ടത്ര മിസൈലുകൾ ഹമാസ് തീവ്രവാദികൾ ശേഖരിച്ചുവച്ചിരിക്കുകയാണെന്ന് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, രാജ്യത്തുടനീളമുള്ള ഇസ്രായേലിന്റെ തെരുവുകളിൽ പൗരന്മാർ തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. നിരവധി സംഭവങ്ങളിൽ ജൂത-അറബ് പൗരന്മാർ പരസ്പരം ആക്രമിക്കുകയും 370 ലധികം അറസ്റ്റുകൾക്ക് കാരണമാവുകയും ചെയ്തു.

ഇതിനിടെ പ്രതിസന്ധി പരിഹരിക്കാൻ അമേരിക്ക ശ്രമം തുടങ്ങിയിട്ടുണ്ട്. ഇസ്രയേൽ – പലസ്തീൻ സംഘർഷം പരിഹരിക്കാൻ അമേരിക്ക ദൂതനെ നിയോഗിച്ചു. പ്രശ്ന പരിഹാരത്തിന് നാലംഗ അന്താരാഷ്ട്ര ക്വാർട്ടെറ്റിന്റെ അടിയന്തര യോഗം വിളിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇതിനിടെ, അമേരിക്കൻ പ്രതിരോധ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ, ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു. പലസ്തീൻ ആക്രമണത്തെ അപലപിച്ചെങ്കിലും സംയമനം പാലിക്കണമെന്ന് സഖ്യകക്ഷിയായ ഇസ്രയേലിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഇരു കൂട്ടരുമായും ചർച്ച നടത്താൻ പ്രതിരോധ സെക്രട്ടറിയുടെ ഡെപ്യൂട്ടി അസിസ്റ്റന്‍റിനെ അമേരിക്ക നിയോഗിച്ചിട്ടുണ്ട്. ഇസ്രയേൽ – പലസ്തീൻ തർക്ക പരിഹാരത്തിനായി രൂപീകരിച്ച, അന്താരാഷ്ട്ര ക്വാർട്ടെറ്റിന്‍റെ യോഗം അടിയന്തരമായി വിളിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. അമേരിക്കയ്ക്കും റഷ്യക്കും പുറമേ, ഐക്യരാഷ്ട്ര സംഘടനയും യൂറോപ്യൻ യൂണിയനുമാണ് ക്വാർട്ടെറ്റിലെ അംഗങ്ങൾ. ഇസ്രയേൽ – പലസ്തീൻ സംഘ‌ർഷം യുദ്ധത്തിലേക്ക് നീങ്ങുകയാണോ എന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗ്യൂട്ടറെസ് ആശങ്ക പ്രകടിപ്പിച്ചു. ആക്രമണം കനത്തതോടെ ലക്ഷക്കണക്കിന് ഇസ്രയേലികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തുടങ്ങിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close