INDIANEWS

പരിസ്ഥിതി ആഘാത വിലയിരുത്തല്‍ പ്രാദേശിക ഭാഷകളില്‍; വിലക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: 2020ല്‍ പ്രസിദ്ധീകരിച്ച പരിസ്ഥിതി ആഘാത വിലയിരുത്തല്‍ കരട് (ഇഐഎ) എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട 22എല്ലാ ഭാഷകളിലും വിജ്ഞാപനം ചെയ്യണമെന്ന ഡല്‍ഹി ഹൈക്കോടതി വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി. അതേസമയം കേന്ദ്രസര്‍ക്കാരിനെതിരായ ഹൈക്കോടതിയുടെ കോര്‍ട്ടലക്ഷ്യ നടപടിസ്റ്റേ ചെയ്തിട്ടുമുണ്ട്.
പരിസ്ഥിതി പരിഗണനകളില്ലാതെ വന്‍കിട നിര്‍മാണശാലകളും വ്യവസായങ്ങളും വരെ തുടങ്ങാന്‍ അനുവദിക്കും വിധം പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തില്‍ ജനങ്ങള്‍ക്കുള്ള ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം 11 ന് കഴിഞ്ഞിരുന്നു. ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തിയ വിജ്ഞാപനം ഭരണഘടന അനുശാസിക്കുന്ന ഭാഷകളില്‍ പ്രസിദ്ധം ചെയ്യാത്തത് കുറ്റകരമായ അനാസ്ഥയാണെന്നു കാട്ടിയാണ് വിക്രം തോംഗഡ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഭരണഭാഷ നിയമത്തില്‍ ഹിന്ദി മാത്രമേ ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂ എന്നും അതുകൊണ്ട് പ്രാദേശികഭാഷകളില്‍ പ്രസിദ്ധീകരിക്കേണ്ട ആവശ്യമില്ലെന്നുമാണ് കേന്ദ്രം നിലപാടെടുത്തത്.
സുപ്രീം കോടതി വിധി പോലും പ്രാദേശികഭാഷകളില്‍ വിവര്‍ത്തനം ചെയ്തു ലഭ്യമാക്കുന്ന കാലത്ത്, ഭാഷകളുടെ കാര്യത്തില്‍ നിയമം മാറ്റാന്‍ ആലോചിക്കണമെന്നും, വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്നതില്‍ എന്താണ് തടസമെന്നും കോടതി ആരാഞ്ഞു. കേസില്‍ ഇടപെടില്ലെന്നും കേന്ദ്രം ഹൈക്കോടതിയില്‍ തന്നെ നടപടിയുമായി മുന്നോട്ടു പോകണമെന്നുമാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.

Tags
Show More

Related Articles

Back to top button
Close