SPORTSTop News

പരുക്കിന്റെ കാണാപ്പുറങ്ങള്‍

വസന്ത് കമല്‍

പരുക്ക് മറച്ചുവച്ച് ദേശീയ ടീമില്‍ കളിച്ച പരാജയം ഏറ്റുവാങ്ങിയ ഒരു ചരിത്രമുണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്നത്തെ കോച്ച് രവി ശാസ്ത്രിക്ക്. കളിക്കാരുടെ ഫിറ്റ്നസിന് അതീവ പ്രാധാന്യമുള്ള ആധുനിക ക്രിക്കറ്റില്‍ പക്ഷേ അതത്ര എളുപ്പമുള്ള കാര്യമല്ല. എന്നിട്ടും അങ്ങനെയൊരു വിവാദമാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെച്ചൊല്ലി ഇപ്പോള്‍ ഉയരുന്നത്. ഐപിഎല്‍ മത്സരത്തിനിടെ പരുക്കേറ്റ രോഹിത്തിന് ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടിയിരുന്നില്ല. എന്നാല്‍, ടീം പ്രഖ്യാപനത്തിനു പിന്നാലെ രോഹിത് പരിശീലനത്തിനിറങ്ങുകയും അതും കഴിഞ്ഞ് കളിക്കളത്തിലും ഇറങ്ങുകയും ചെയ്തതോടെയാണ് കളി മാറിയത്.

രോഹിത്തിനു പരുക്കില്ലെന്നും ബോധപൂര്‍വം ദേശീയ ടീമില്‍ നിന്നു മാറ്റി നിര്‍ത്തിയതാവുമെന്നും സംശയമുണര്‍ത്തുന്ന പ്രസ്താവനയുമായി ആദ്യം രംഗത്തെത്തിയത് സുനില്‍ ഗവാസ്‌കറാണ്. പരുക്കുണ്ടായിട്ടും മായങ്ക് അഗര്‍വാള്‍ ടീമില്‍ ഇടംപിടിച്ചതും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കര്‍ണാടക ലോബിയുടെ സ്വാധീനം മുംബൈ താരങ്ങളെ ഒതുക്കുന്നു എന്ന മട്ടില്‍ ചില കേന്ദ്രങ്ങളില്‍ നിന്നു വിമര്‍ശനം വന്നു. കര്‍ണാടകക്കാരനായ സുനില്‍ ജോഷി ചെയര്‍മാനായ സെലക്ഷന്‍ കമ്മിറ്റിക്കു നേരേ ആരോപണത്തിന്റെ ചൂണ്ടുവിരലുകള്‍ ഉയര്‍ന്നു. എന്നാല്‍, രവി ശാസ്ത്രിയും സൗരവ് ഗാംഗുലിയും അടക്കമുള്ളവരുടെ പ്രതികരണങ്ങള്‍ വന്നതോടെ ട്വിസ്റ്റോടു ട്വിസ്റ്റ്. രോഹിത്തിനു പരുക്കുണ്ടെന്ന മട്ടില്‍ തന്നെയായിരുന്നു ശാസ്ത്രിയുടെ വിശദീകരണം. ശാസ്ത്രി കള്ളം പറയുകയാണെന്ന് വീരേന്ദര്‍ സെവാഗ് പറഞ്ഞതു വാര്‍ത്തയായെങ്കിലും, പറഞ്ഞത് സെവാഗ് ആയതിനാല്‍ അധികമാരും കാര്യമായെടുത്തില്ല. എന്നാല്‍, വിലയുള്ള ചില വാക്കുകള്‍ പിന്നാലെ വന്നു. പരുക്ക് ഗൗരവമായെടുക്കണമെന്നും, ഐപിഎല്ലിനെക്കാള്‍ പ്രധാനം ഇന്ത്യയാണെന്ന് രോഹിത്തിന് അറിയാമെന്നു കരുതുന്നതായും പറഞ്ഞത് ബിസിസിഐ പ്രസിഡന്റ് കൂടിയായ സാക്ഷാല്‍ സൗരവ് ഗാംഗുലിയാണ്.

പക്ഷേ, ഇന്നും ഇന്ത്യന്‍ ക്രിക്കറ്റില്‍ മറുവാക്കില്ലാത്ത ഗാംഗുലിയുടെ വാക്കുകള്‍ തൃണവല്‍ഗണിച്ച് അതേ ദിവസം വൈകിട്ട് രോഹിത് കളിക്കാനിറങ്ങി, അതും മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് തീര്‍ത്തും അപ്രധാനമായ മത്സരത്തില്‍. രോഹിത്തിനു ടച്ച് നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നും, അതു തങ്ങള്‍ മുതലെടുക്കുമെന്നുമുള്ള ഇന്ത്യന്‍ ടീമിലെ ഓപ്പണിങ് പങ്കാളി ശിഖര്‍ ധവാന്റെ വിലയിരുത്തല്‍ ശരിവച്ച് തുടര്‍ന്നു വന്ന പ്ലേ ഓഫ് മത്സരത്തിലും രോഹിത് പരാജയമായി.

ഇതോടെയാണ് പരിക്ക് മറച്ചുവച്ചാണ് രോഹിത് കളിക്കാനിറങ്ങുന്നതെന്നും, മുംബൈ ഇന്ത്യന്‍സിന്റെ സ്വാര്‍ഥ താത്പര്യമാണ് ഇതിനു പിന്നിലെന്നുമുള്ള നിഗമനങ്ങള്‍ പുറത്തുവരുന്നത്. ഇന്ത്യന്‍ ടീമിന്റെ ഭാഗമായ വിദഗ്ധര്‍ തന്നെയാണ് രോഹിത്തിന്റെ പരുക്ക് അത്ര നിസാരമല്ലെന്ന റിപ്പോര്‍ട്ട് നേരത്തെ ബിസിസിഐക്കു നല്‍കിയത്. പിഴച്ചത് അവര്‍ക്കാണോ? അതോ അവരെക്കൊണ്ട് ബോധപൂര്‍വം തെറ്റായ റിപ്പോര്‍ട്ട് ആരെങ്കിലും എഴുതിച്ചതാണോ? ഇനി അതുമല്ല, പരിക്കുള്ള രോഹിത്തിന്റെ ഇന്ത്യന്‍ ടീമിലെ ഭാവി അപടകത്തിലാക്കി പണക്കൊഴുപ്പു കാട്ടി കളത്തിലിറക്കിയത് മുംബൈ ഇന്ത്യന്‍സാണോ? തത്കാലം ചോദ്യങ്ങള്‍ മാത്രമേയുള്ളൂ. ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ വൈകിയെങ്കിലും രോഹിത് ഉള്‍പ്പെടുമോ എന്നതിനെയും, ഉള്‍പ്പെട്ടാല്‍ എങ്ങനെയിരിക്കും പ്രകടനം എന്നതിനെയും ആശ്രയിച്ചിരിക്കുന്നു ഇതിനുള്ള ഉത്തരങ്ങള്‍. അല്ലാതെ ബിസിസിഐക്ക് പരമ്പരാഗതമായി തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് നേരിട്ട് വ്യക്തത നല്‍കുന്ന ഒരു പതിവില്ലല്ലോ!
ഇനി മുംബൈ ഇന്ത്യന്‍സിലേക്കു തന്നെ വരാം. ആദ്യ മത്സരം തോറ്റ് ഈ സീസണു തുടക്കം കുറിച്ച മുംബൈ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായാണ് പ്ലേഓഫിലെത്തിയത്. ആദ്യ മത്സരത്തില്‍ അവരെ തോല്‍പ്പിച്ച ചെന്നൈ സൂപ്പര്‍കിങ്സ് ആദ്യം പുറത്താകുന്ന ടീമുമായി. മെല്ലെ തുടങ്ങി പതിയെ താളം കണ്ടെത്തി അവസാനം ആഞ്ഞടിക്കുന്ന ഒരു ടിപ്പിക്കല്‍ മുംബൈ ബാറ്റിങ് സ്‌കൂള്‍ ഇന്നിങ്സിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ മുന്നേറ്റം. ഒടുവിലവര്‍ സ്റ്റീവ് വോയുടെ പഴയ ഓസ്ട്രേലിയന്‍ ടീമിനെ ഓര്‍മിപ്പിക്കുന്ന അപരാജിത സംഘമെന്ന പ്രതീതി പോലും ഉണര്‍ത്തി. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ലോകത്തെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാര്‍ക്കൊപ്പം എണ്ണപ്പെടുന്ന രോഹിത് ശര്‍മ പതിവ് ഫ്ളോയിലേക്ക് വരാതിരുന്നിട്ടും, പരുക്കു കാരണം പല മത്സരങ്ങളില്‍ പുറത്തിരുന്നിട്ടും അതൊന്നും ബാധിക്കാത്ത തരത്തിലായിരുന്നു മുംബൈയുടെ കുതിപ്പ്. തുടക്കത്തില്‍ ഫോമൗട്ടായിരുന്ന സഹ ഓപ്പണര്‍ ക്വിന്റന്‍ ഡികോക്ക് മെല്ലെ താളം കണ്ടെത്തിയതു മാത്രമല്ല മുംബൈക്ക് തുണയായത്.

ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കിരണ്‍ പൊള്ളാര്‍ഡ് ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ ബാറ്റുകളിലെ വിസ്ഫോടന ശേഷി മിക്ക എതിര്‍ ബൗളര്‍മാരും അനുഭവിച്ചറിഞ്ഞു. ഓപ്പണിങ് സ്ലോട്ടില്‍ രോഹിത് ഇല്ലെങ്കില്‍ അവിടെ, മധ്യ നിരയില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റാല്‍ അവിടെ, എന്നിങ്ങനെ ഏതു പൊസിഷനിലും കിട്ടിയ അവസരം പരമാവധി മുതലാക്കി കിഷന്‍. ടൂര്‍ണമെന്റില്‍ സിക്സ് ഹിറ്റര്‍മാരുടെ പട്ടികയില്‍ സഞ്ജു സാംസണെ മറികടക്കുകയും ചെയ്തു. ഡികോക്ക് ഉള്ളതിനാല്‍ വിക്കറ്റ് കീപ്പിങ് അവസരം നിഷേധിക്കപ്പെട്ടെങ്കിലും ഫീല്‍ഡില്‍ ചില അവിസ്മരണീയ പ്രകടനങ്ങളും പുറത്തെടുത്തു. സൂര്യകുമാര്‍ യാദവ് ആകട്ടെ, ഐപിഎല്ലില്‍ ഏതാനും സീസണുകളിലായി പുലര്‍ത്തുന്ന സ്ഥിരത ഇക്കുറിയും തുടര്‍ന്നു. മുന്‍നിര പരാജയപ്പെടുന്ന മത്സരങ്ങള്‍ പോലും വരുതിയിലാക്കാന്‍ പൊള്ളാര്‍ഡിനും ഹാര്‍ദിക്കിനും സാധിച്ചു.

ബാറ്റ്സ്മാന്‍മാരുടെ ഉജ്ജ്വല പ്രകടനത്തില്‍ പലപ്പോഴും വിസ്മരിക്കപ്പെടുകയായിരുന്നു ജസ്പ്രീത് ബുംറ – ട്രെന്റ് ബോള്‍ട്ട് പേസ് ദ്വയത്തിന്റെ മിന്നല്‍ ആക്രമണങ്ങള്‍. ഇരുവരും താളം കണ്ടെത്താന്‍ അല്‍പ്പം വൈകിയെങ്കിലും പ്ലേ ഓഫിലേക്ക് അടുത്തതോടെ അപ്രതിരോധ്യരമായി മാറിക്കഴിഞ്ഞിരുന്നു. രാഹുല്‍ ചഹറും ക്രുനാല്‍ പാണ്ഡ്യയും പൊള്ളാര്‍ഡുമെല്ലാം നല്ല പിന്തുണയും നല്‍കി. ഐപിഎല്ലില്‍ പുതിയൊരു ചാംപ്യന്‍ എന്ന സ്വപ്നം മുംബൈക്കു മുന്നില്‍ സഫലമാകാന്‍ ഒട്ടും എളുപ്പമാകില്ല. ആധുനിക ക്രിക്കറ്റിലെ രണ്ടു ബിഗ് ഹിറ്റര്‍മാരുടെ വിരമിക്കലിനും കഴിഞ്ഞ ദിവസങ്ങള്‍ സാക്ഷ്യം വഹിച്ചു. ഓസ്ട്രിലയക്കാരന്‍ ഷെയ്ന്‍ വാട്സനാണ് ഒരാള്‍.

നിരന്തരം പരുക്കുകള്‍ വേട്ടയാടിയിരുന്നില്ലെങ്കില്‍ ലോകത്തെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ കൂട്ടത്തില്‍ എണ്ണപ്പെടുമായിരുന്ന പ്രതിഭാശാലി. ഓള്‍റൗണ്ടറായല്ല, ബാറ്റ്സ്മാനായോ ബൗളറായോ മാത്രവും ഓസ്ട്രേലിയന്‍ ടീമില്‍ ഇടം നേടാന്‍ പ്രാപ്തനായിരുന്ന താരം. എന്നിട്ടും 59 ടെസ്റ്റും 190 ഏകദിനങ്ങളും മാത്രമാണ് ദേശീയ ടീമിനു വേണ്ടി കളിക്കാന്‍ സാധിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു നേരത്തെ തന്നെ വിരമിച്ചിരുന്ന വാട്സണ്‍ കഴിഞ്ഞ മൂന്നു സീസണുകളായി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്സിന്റെ അവിഭാജ്യ ഘടകമായിരുന്നു. ഇക്കുറി ടീമിന്റെ ദയനീയ പ്രകടനത്തിനു പിന്നാലെ വാട്സന്റെ വിടവാങ്ങല്‍ ചെന്നൈ ആരാധകരുടെ വേദന ഇരട്ടിയാക്കി. വാട്സന്റെ സമപ്രായക്കാരനായ മാര്‍ലണ്‍ സാമുവല്‍സാണ് വിരമിക്കല്‍ പ്രഖ്യാപിച്ച മറ്റൊരു ഓള്‍റൗണ്ടര്‍. വെസ്റ്റിന്‍ഡീസ് ജേതാക്കളായ രണ്ട് ട്വന്റി20 ലോകകപ്പ് ഫൈനലുകളിലും മാന്‍ ഓഫ് ദ മാച്ച് ആയിരുന്നു സാമുവല്‍സ്. 2018 മുതല്‍ കളിക്കളത്തില്‍ സജീവമായിരുന്നില്ല ഈ മുപ്പത്തൊമ്പതുകാരന്‍. 71 ടെസ്റ്റും 207 ഏകദിനങ്ങളും കളിച്ച സാമുവല്‍സ് ഐപിഎല്ലില്‍ മൂന്നു ടീമുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ഇനി അല്‍പ്പം ഫുട്ബോള്‍ ആകാം. അങ്ങ് യൂറോപ്പില്‍ ചാംപ്യന്‍സ് ലീഗ് പുരോഗമിക്കുന്നുണ്ട്. സീസണില്‍ ഇതുവരെ ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്ന സ്പാനിഷ് ടീം റയല്‍ മാഡ്രിഡ് ഒടുവില്‍ ഒരു വമ്പന്‍ ജയം തന്നെ നേടി. ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍ മിലാനെ രണ്ടിനെതിരേ മൂന്ന് ഗോളിന് അവര്‍ മറികടന്നത്. ക്ലബ്ബിനായി ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റെ നൂറാം ഗോളും ഈ മത്സരത്തില്‍ കണ്ടു. മറ്റൊരു ഇറ്റാലിയന്‍ ക്ലബ് അറ്റ്ലാന്റയെ എതിരില്ലാത്ത അഞ്ച് ഗോളിനു തകര്‍ത്ത് ലിവര്‍പൂളും ആവേശം വിതറി. യുവതാരം ഡീഗോ ജോട്ടയുടെ ഹാട്രിക് ആയിരുന്നു ഈ മത്സരത്തിന്റെ സവിശേഷത. തുടര്‍ച്ചയായ മൂന്നു വിജയങ്ങളോടെ ഗ്രൂപ്പില്‍ ഒന്നാമതാണ് ലിവര്‍പൂള്‍.

മാഞ്ചസ്റ്റര്‍ സിറ്റിയാകട്ടെ, ഗ്രീക്ക് ക്ലബ് ഒളിമ്പിയാക്കോസിനെ ഏകപക്ഷീയമായ മൂന്നു ഗോളിനു തോല്‍പ്പിച്ച് തുടര്‍ച്ചയായ മൂന്നാം ജയം നേടി. മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിച്ച് ഗോള്‍ മഴ തന്നെ പെയ്യിക്കുന്നതും കണ്ടു. ആര്‍ബി സാല്‍സ്ബര്‍ഗിനെ അവര്‍ കീഴടക്കിയത് രണ്ടിനെതിരേ ആറു ഗോളിന്. അറുപത്താറാം മിനിറ്റ് വരെ 2-2 സമനിലയില്‍ നിന്ന മത്സരമാണിത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, പിഎസ്ജി എന്നീ വമ്പന്‍മാര്‍ പരാജയം രുചിച്ചപ്പോള്‍, ബാഴ്സലണോ, യുവന്റസ്, ചെല്‍സി എന്നീ പ്രമുഖര്‍ ജയം നേടി. ജനപ്രിയ കായികവിനോദങ്ങളില്‍ ക്രിക്കറ്റിനും ഫുട്ബോളിനും പുറമേ ടെന്നിസാണ് കോവിഡ് അനന്തരകാലം സജീവമാക്കിയിട്ടുള്ളത്. ഇക്കൂട്ടത്തില്‍, പുരുഷ ടെന്നിസില്‍ ആയിരം വിജയം കുറിക്കുന്ന നാലാമത്തെ മാത്രം താരമെന്ന നേട്ടം റാഫേല്‍ നദാല്‍ സ്വന്തമാക്കി. ഗ്യാലറികള്‍ ഒഴിച്ചിട്ട പാരീസ് മാസ്റ്റേഴ്സ് ചാംപ്യന്‍ഷിപ്പില്‍ ഫെലിഷ്യാനോ ലോപ്പസിനെ തോല്‍പ്പിച്ചാണ് ലോക രണ്ടാം നമ്പര്‍ താരം ചരിത്ര നേട്ടം സ്വന്തമാക്കിയത്. 2002 മേയില്‍ തന്റെ പതിനാറാം വയസിലായിരുന്നു പ്രൊഫഷണള്‍ സര്‍ക്യൂട്ടില്‍ നദാലിന്റെ ആദ്യ വിജയം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close