‘പറക്കും വൈറ്റ്ഹൗസ്’ എയര്‍ഫോഴ്സ് വണ്‍

അമേരിക്കന്‍ പ്രസിഡന്റുമാര്‍ ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉപയോഗിക്കുന്ന ഔദ്യോഗിക വിമാനമാണ് എയര്‍ഫോഴ്സ് വണ്‍. അമേരിക്കയുടെ അഭിമാനങ്ങളില്‍ ഒന്നാണീ വിമാനം. ബോയിങ്747-200ബി സീരിസില്‍ പെട്ട ഈ വിമാനം വാര്‍ത്താ വിനിമയം, ആരോഗ്യം, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ലോകത്ത് എയര്‍ഫോഴ്സ് വണ്‍ വിമാനത്തിന് പകരം വെയ്ക്കാന്‍ മറ്റൊരു ഔദ്യോഗിക വിമാനമില്ല. അമേരിക്കന്‍ വ്യോമസേനയാണ് വിമാനം നിയന്ത്രിക്കുന്നത്.
ഏതുനിമിഷവും അമേരിക്കന്‍ പ്രസിഡന്റുമായി ലോകത്തെ ഏത് കോണിലേക്കും പറക്കാന്‍ സജ്ജമാണ് 24 മണിക്കൂറും എയര്‍ഫോഴ്സ് വണ്‍. വൈറ്റ് ഹൗസില്‍ നിന്ന് അറിയിപ്പ് ലഭിച്ചാല്‍ നിമിഷങ്ങള്‍ക്കകം പ്രസിഡന്റിനേയും വഹിച്ച് വിമാനം ആകാശത്തേക്ക് പറന്നുയരും. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്ന് വിമാനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതുകൂടാതെ അമേരിക്കന്‍ പതാകയും പ്രസിഡന്റിന്റെ സീലും ഇതിലുണ്ടാകും.
ഭൂമിയിലും ആകാശത്തുമുള്ള അക്രമണങ്ങളെ ഒരുപോലെ നേരിടാനും പ്രത്യാക്രമണം നടത്താനും ശേഷിയുള്ള സ്വയംനിയന്ത്രിത ആയുധങ്ങളും തോക്കുകളുമൊക്കെ ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. മണിക്കൂറില്‍ 1014 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഇവയ്ക്ക് 12.550 കിലോമീറ്റര്‍ ഉയരത്തില്‍ വരെ പറക്കാനാവും. ഏതു പ്രതികൂല കാലാവസ്ഥയിലും പറക്കാന്‍ സാധിക്കും.
എയര്‍ഫോഴ്സ് വണ്ണിന്റെ പിറവി
ജോണ്‍ എഫ് കെന്നഡ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്താണ് പ്രസിഡന്റിന് വേണ്ടി മാത്രമായി നിര്‍മിച്ച ഒരു വിമാനം ഉണ്ടാകുന്നത്. 1962 കെന്നഡി ഈ വിമാനത്തില്‍ ആദ്യമായി പറന്നു. ബോയിങ് 707 വിമാനം പ്രത്യേകമായി രൂപകല്പന ചെയ്തെടുത്തതായിരുന്നു അത്. പിന്നീട് പല വിമാന കമ്പനികളുടെ വിമാനങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ യാത്രകള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട്. നിലവിലെ രൂപത്തിലുള്ള എയര്‍ ഫോഴ്സ് വണ്‍ വിമാനം 1990 ല്‍ ജോര്‍ജ് എച്ച്. ഡബ്ളിയു ബുഷിന്റെ കാലത്താണ് അമേരിക്ക സ്വന്തമാക്കിയത്.
സവിശേഷതകള്‍
മറ്റ് ബോയിങ് യാത്രാവിമാനങ്ങളെ അപേക്ഷിച്ച് എയര്‍ ഫോഴ്സ് വണ്‍ വിമാനത്തിന് യാത്രക്കിടെ ഇന്ധനം നിറയ്ക്കാന്‍ സാധിക്കും. ഒറ്റപ്പറക്കലില്‍ ലോകത്തിന്റെ ഏത് കോണിലേക്കും വിമാനത്തിന് സഞ്ചരിക്കാന്‍ സാധിക്കും. വൈദ്യുത കാന്തിക സ്പന്ദനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളില്‍ നിന്ന് വിമനത്തെ സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഇതിലുണ്ട്. അമേരിക്കയ്ക്ക് നേരെ ആക്രമണമുണ്ടാവുകയാണെങ്കില്‍ ലോകത്തിന്റെ ഏത് കോണില്‍ നിന്നും സൈനിക നടപടികള്‍ നിയന്ത്രിക്കാനുള്ള സംവിധാനവും എയര്‍ഫോഴ്സ് വണ്ണിലുണ്ട്.
വിമാനത്തിനുള്ളില്‍
അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസിന് ഓവല്‍ ഓഫീസ് എന്നാണ് വിശേഷിപ്പിക്കുന്നത്. അത്തരത്തില്‍ പറക്കുന്ന ഓവല്‍ ഓഫീസെന്നാണ് എയര്‍ ഫോഴ്സ് വണ്ണിനെ വിളിക്കുന്നത്. 4,000 ചതുരശ്ര അടി വിസ്താരമാണ് വിമാനത്തിനുള്‍ഭാഗത്തിനുള്ളത്. പ്രസിഡന്റിനു പ്രത്യേകമായി ഒരു സ്യൂട്ട് മുറിയുള്ള ഇതിന് മൂന്നു നിലകളാണുള്ളത്. കിടപ്പറ, ഒരു ഡ്രസ്സിങ് റൂം, കുളിമുറി, ജിം പരിശീലന സ്ഥലം തുടങ്ങിയവ ഉള്‍പ്പെട്ടതാണ് പ്രസിഡന്റിന്റെ സ്വകാര്യമുറി. അത്യാധുനിക ആശയവിനിമയശൃംഖലക്കു പുറമെ 85 ടെലിഫോണ്‍, 19 എല്‍.സി.ഡി സ്ക്രീനുകള്‍ എന്നിവയും വിമാനത്തിന്റെ ഭാഗമായിട്ടുണ്ട്.
സാറ്റലൈറ്റ് സംവിധാനത്തിലൂടെ വിമാനയാത്രയില്‍ തന്നെ പ്രസിഡന്റിന് ഏതു ലോകനേതാവുമായും ആശയ വിനിമയം നടത്താനാവും.
പ്രസിഡന്റിന്റെ ഓഫീസ്, കോണ്‍ഫറന്‍സ് മുറി, പ്രസിഡന്റിന്റെ സഹായികളായ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പ്രത്യേക കാബിനുകള്‍, മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഇരിപ്പിടം, ജീവനക്കാര്‍ക്കുള്ള മുറികള്‍ തുടങ്ങിയവയാണ് മറ്റു സൗകര്യങ്ങള്‍. അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കുന്നതിന് വേണ്ടി ഓപ്പറേഷന് തീയേറ്റര്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി ചെറിയൊരു ആശുപത്രിയും ഇതിനുള്ളിലുണ്ടാകും. ഇതില്‍ ഒരു ഡോക്ടര്‍ പ്രസിഡന്റിന്റെ യാത്രയില്‍ വിമാനത്തിലുണ്ടായിരിക്കും. ഒരേസമയം 100 പേര്‍ക്ക് കഴിക്കാനുള്ള ഭക്ഷണം വിളമ്പാനുള്ള സ്ഥലവും ഇതിലുണ്ടാകും.
പ്രധാന ഉപദേശകര്‍, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, പിന്നെ പ്രസിഡന്റ് ക്ഷണിക്കുന്ന അതിഥികള്‍ എന്നിവരാകും ഔദ്യോഗിക യാത്രയില്‍ ഉണ്ടാകുക. വിദൂര സ്ഥലങ്ങളിലേക്കുള്ള ഔദ്യോഗിക യാത്രകളാണെങ്കില്‍ പ്രസിഡന്റ് എത്തുന്നതിന് മുമ്പ് ആവശ്യമായ സാധനസാമഗ്രികളുമായി മറ്റ് വിമാനങ്ങള്‍ അവിടെ എത്തിയിരിക്കും.
വൈറ്റ് ഹൗസിന്റെ മിലിട്ടറി ഓഫീസിന്റെ ഭാഗമായ പ്രസിഡന്‍ഷ്യല്‍ എയര്‍ലിഫ്റ്റ് ഗ്രുപ്പാണ് വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുക. രണ്ട് എയര്‍ഫോഴ്സ് വണ്‍ വിമാനങ്ങളാണ് ഉള്ളത്. ഇവ രണ്ടും മാറ്റി പുതിയത് വാങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.നിലവില്‍ ഉപയോഗിക്കുന്ന ബോയിങ് 747-200 വിമാനങ്ങള്‍ക്ക് പകരം 747-8 സീരിസിലുള്ള വിമാനങ്ങളാകും എയര്‍ഫോഴ്സ് വണ്ണിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ആക്രമണം, പ്രതിരോധം
ഒരു ഭീകരാക്രമണത്തിനും, എന്തിനേറെ ആണവായുധത്തിനു പോലും തകര്‍ക്കാന്‍ കഴിയാത്തതാണത്രേ എയര്‍ഫോഴ്സ് വണ്‍. ശത്രുവിന്റെ റഡാറുകളുടെ ദിശ മാറ്റാനും മിസൈലുകളെ തകര്‍ക്കാനും കഴിയുന്ന ഇലക്ട്രിക് ഡിഫന്‍സ് സിസ്റ്റം പോലുള്ള ഏറ്റവും മുന്തിയ പ്രതിരോധ സംവിധാനങ്ങളാണ് വിമാനത്തില്‍. ഇന്‍ഫ്രാ റെഡ് മിസൈല്‍ ദിശാസംവിധാനത്തെ കണ്ണഞ്ചിപ്പിച്ച് ശത്രുവിന്റെ മിസൈലുകളെ ആശയക്കുഴപ്പത്തിലാക്കി അക്രമണം തടയാന്‍ വിമാനത്തിലെ മിറര്‍ ബാള്‍ ഡിഫന്സിലൂടെ സാധിക്കും. ഭൂമിയും ആകാശത്തുമുള്ള അക്രമണങ്ങളെ ഒരുപോലെ നേരിടാനും പ്രത്യാക്രമണം നടത്താനും ശേഷിയുള്ള സ്വയംനിയന്ത്രിത ആയുധങ്ങളും തോക്കുകളുമൊക്കെ ഘടിപ്പിച്ചിട്ടുള്ളതാണ് എയര്‍ ഫോഴ്സ് വണ്‍. ആണവായുധം കൊണ്ടുള്ള അക്രമണം ചെറുക്കുക മാത്രമല്ല, അമേരിക്കന്‍ പ്രസിഡന്റിന് ആവശ്യമെങ്കില്‍ വിമാനത്തില്‍ ഇരുന്നു കൊണ്ട് ആണവ പ്രത്യാക്രമണം നടത്താം. ഇതിനായി ന്യൂക്ലിയര്‍ ബട്ടണ്‍ ഘടിപ്പിച്ച മിലിട്ടറി ബ്രീഫ് കേസും വിമാനത്തിലുണ്ട്. അക്രമണങ്ങളിലും യന്ത്രത്തകരാറൊന്നും സംഭവിക്കാത്ത വിമാനം ഏതു പ്രതികൂല കാലാവസ്ഥയിലും പറക്കുമെന്നതാണ് പ്രത്യേകത. മണിക്കൂറില്‍ ഒരു ലക്ഷം ഡോളറാണ് ഈ വിമാനത്തിനുള്ള ചെലവ്. ലോകരാജ്യങ്ങള്‍ ചുറ്റിക്കറങ്ങുന്ന അമേരിക്കന്‍ പ്രസിഡന്റിന്റേതു തന്നെയാണ് അക്ഷരാര്‍ഥത്തില്‍ ഏറ്റവും വലിയ ആഢംബരയാത്ര!