KERALANEWSTop News

പറഞ്ഞതൊന്നും തിരിച്ചെടുക്കാത്ത നിലപാട്; മാനവ സ്നേഹം അടിത്തറയിട്ട പ്രത്യയശാസ്ത്രത്തോടുള്ള അടിയുറച്ച വിശ്വാസം; ജനക്ഷേമം മാത്രം മുന്നിൽ കാണുന്ന ഭരണാധികാരി; കേരളത്തിന്റെ ക്യാപ്റ്റൻ രണ്ടാമൂഴത്തിൽ അധികാരമേറാൻ ഇനി ദിനങ്ങൾ മാത്രം

തിരുവനന്തപുരം: ഇടതു മുന്നണിയിലെ ഘടകകക്ഷികളുടെ മന്ത്രിമാരെ ഇന്നും നാളെയുമായി തീരുമാനിക്കും. ഇന്ന് എകെജി സെന്ററിൽ നടക്കുന്ന എൽഡിഎഫ് യോ​ഗത്തിൽ ഘടകകക്ഷികൾക്ക് തീരുമാനിച്ചിട്ടുള്ള മന്ത്രിമാരുടെ എണ്ണം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചതിന് ശേഷമാകും മന്ത്രിമാരെ സംബന്ധിച്ച തീരുമാനങ്ങളിലേക്ക് ഓരോ പാർട്ടികളും കടക്കുക. ഓരോ പാർട്ടിയുടെയും മന്ത്രിമാർ സംബന്ധിച്ച് നിരവധി വാർത്തകളാണ് പുറത്ത് വരുന്നത്. ഈ സമയത്തും തർക്കമില്ലാത്തത് ഓരേയൊരു മനുഷ്യനെ കുറിച്ച് മാത്രമാണ്. ആരാണ് രണ്ടാം ഇടത് മന്ത്രിസഭയെ നയിക്കുക എന്ന ഒരു ചോദ്യം പോലും ഉയരാത്തതും ആ മനുഷ്യനിലുള്ള കേരള ജനതയുടെ വിശ്വാസം കൊണ്ടാണ്. അതെ- മുണ്ടയിൽ കോരന്റെ മകൻ പിണറായി വിജയനെന്ന കേരളത്തിന്റെ ക്യാപ്റ്റൻ. കമ്മ്യൂണിസ്റ്റുകാരുടെ പ്രിയ സഖാവ്. രണ്ടാം പിണറായി സർക്കാർ അധികാരമേൽക്കാൻ നാളുകൾ ശേഷിക്കവെ ഇടത് പ്രവർത്തകരുടെ ആകെ ആവേശവും പ്രതീക്ഷയുമായി മാറുകയാണ് ഈ മനുഷ്യൻ.

കാലവാധി അവസാനിക്കുന്ന സർക്കാരിന്റെ ജനകീയ പദ്ധതികളും അതിന് നേതൃത്വം നൽകിയ പിണറായി വിജയനെന്ന മുഖ്യമന്ത്രിയുടെ നിലപാടുകളുമാണ് ഇടത് മുന്നണിക്ക് തുടർഭരണം സാധ്യമാക്കിയത്. രണ്ടാം ഊഴത്തിലും മുഖ്യമന്ത്രി കസേരയിലേക്ക് നടന്നു കയറുന്ന പിണറായി വിജയൻ പിന്നിട്ടതത്രയും കനൽവഴികൾ തന്നെയായിരുന്നു.

നടുക്ക് വെച്ച് മുണ്ടുടുക്കുന്ന കേരള രാഷ്ട്രീയത്തിലെ ഏക നേതാവാണ് പിണറായി വിജയൻ. നിലപാടുകളും അതുപോലെ തന്നെ. ഒട്ടും ചാഞ്ചാട്ടമില്ലാതെ നേരെ നടുക്ക് കൂടി തന്നെ. നീട്ടിയും കറുക്കിയുമുള്ള പ്രത്യേക ശൈലിയിയിലുള്ള സംഭാഷണം. പറയുന്നതത്രയും അളന്ന് കുറിച്ച വാക്കുകൾ. പറഞ്ഞതൊന്നും പിൻവലിക്കാത്ത രാഷ്ട്രീയ നേതാവ്. പദ്ധതികളെ ജനകീയമാക്കുന്ന ഭരണാധികാരി. ഒന്നിന് മുന്നിലും ഭയക്കാത്ത ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്റെ ജീവിത കഥ അത്രയും സംഭവ ബഹുലമാണ്.

കണ്ണൂർ ജില്ലയിലെ പിണറായിയിൽ ചെത്തു തൊഴിലാളിയായ മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും ഇളയ മകനായി കെ. വിജയൻ 1944 മെയ്‌ 24-ന് ജനിച്ചത്. ഈ ദമ്പതികൾക്ക് 14 മക്കൾ ഉണ്ടായിരുന്നെങ്കിലും 11പേരും ശൈശവത്തിൽ തന്നെ മരിച്ചുപോവുകയായിരുന്നു. അന്നത്തെ തുഛമായ വരുമാനം വെച്ച് ആ കുടുംബത്തിന് നല്ല ഡോകടർമാരുടെ സേവനം നേടാനുള്ള അവസ്ഥയുണ്ടായിരുന്നില്ല. ആ നാട്ടിൽ തന്നെ വയറ്റാട്ടികളും വിഷവൈദ്യന്മാരുമല്ലാതെ നല്ല ഒരു ഡോക്ടർപോലും ഇല്ലായിരുന്നെന്ന് പിണറായി തന്നെ പിന്നീട് പറഞ്ഞിരുന്നു. ഓലമേഞ്ഞ ആ കുടിലിൽ കഞ്ഞിയും ചമ്മന്തിയുമായിരുന്നു പ്രിയ ഭക്ഷണം. കടുത്തക്ഷാമം നിലനിന്ന കാലത്ത് നല്ല ഒരു ഭക്ഷണവും കഴിക്കാനുള്ള അവസ്ഥ ആ നാട്ടിൽ തന്നെ ഇല്ലായിരുന്നു.

കമ്യൂണിസ്റ്റ് പാർട്ടി തീപ്പൊരിപോലെ മലബാറിൽ എങ്ങും പടന്ന് പന്തലിക്കുന്ന കാലത്തായിരുന്നു പിണറായിയുടെ ബാല്യ കൗമാരങ്ങൾ കടന്നുപോയത്. കമ്യണുസിറ്റ് പാർട്ടി പിറവിയെടുത്ത പിണറായിയിൽ പിന്നെ എന്തു സംഭവിക്കാൻ. ജ്യേഷ്ഠന്മാരായ കുമാരനും നാണുവും കമ്യൂണിസറ്റ് അനുഭാവികൾ ആയിരുന്നു. അവരിലുടെ വളരെ ചെറുപ്പത്തിലേ തന്നെ വിജയനും കമ്യൂണിസ്റ്റായി. വിജയൻ സ്‌കൂളിൽപോയി പഠിക്കണമെന്ന് തീരുമാനമെടത്തതും ഈ സഹോദരങ്ങൾ തന്നെയായിരുന്നു. ശാരദാവിലാസം ലോവർ പ്രൈമറി സ്‌കൂൾ, പെരളശ്ശേരി ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് വിജയകരമായി സ്‌കൂൾ വിദ്യാഭ്യാസം. പഠനത്തിൽ ശരാശരിമാത്രം വരുന്ന വിദ്യാർത്ഥിയായിരുന്നെങ്കിലും അക്കാലത്തുതന്നെ അസാധാരണമായ നേതൃഗുണവും തൻേറടവും പ്രകടിപ്പിച്ച വ്യക്തിയായിരുന്നു വിജയനെന്ന് അക്കാലത്ത് സുഹൃത്തുക്കൾ ഓർക്കാറുണ്ട്. സൃഹൃത്തുക്കൾ തമ്മിൽ ഒരു പ്രശനമുണ്ടായാലോ ഒരു അനീതി കണ്ടാലോ ഉടൻ പ്രതികരിക്കുന്ന സ്വഭാവമായിരുന്നു കുട്ടിയായ വിജയനും.

ദാരിദ്ര്യം അക്കാലത്തും കടുംബത്തെ വിട്ടുമാറിയിരുന്നില്ല. ചക്കര സ്റ്റോറിൽ ചക്കര തൂക്കിക്കൊടുത്തും ഓലമെടയലിൽ സഹായിച്ചുമൊക്കെ വിജയനും അക്കാലത്ത് ജോലിചെയ്യേണ്ടിവന്നു. പെരളശ്ശേരി ഹൈസ്‌കൂൾനിന്ന് എസ്എസ്എൽസി പാസായിട്ടും ഒരു വർഷത്തോളം അദ്ദേഹത്തിന് തുടർന്ന് പഠിക്കാൻ കഴിഞ്ഞില്ല. ഒരു വർഷം അമ്മാവന്റെ ബേക്കറിയിൽ സഹായിയായി കൂടി. പിന്നീട് നാട്ടിൽ തിരിച്ചെത്തി നെയ്ത്തു തൊഴിലിൽ ഏർപ്പെടുകയുണ്ടായി. കാരണം സാമ്പത്തിക പരാധീനകൾ തന്നെ. അക്കാലത്തും രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയിരുന്നു. ചെറുപ്പകാലത്തെ ഒരു അനുഭവം പിണറായി പിന്നീട് തുറന്നു പറഞ്ഞതും ഇങ്ങനെയാണ്. ‘ അക്കാലത്ത് മൃതദേഹങ്ങളും മറ്റും എനിക്ക് വലിയ പേടിയായിരുന്നു. ആ പേടി സ്വയം പരിഹരിച്ചു. അത്തരം സാഹചര്യങ്ങളിൽ പോയി സഹായിച്ചും മറ്റുമാണ് പേടി മാറ്റിയത്. തൂങ്ങി മരണം നടന്നിടത്തൊക്കെ മൃതദേഹം താഴെയിറക്കാൻ സഹായിച്ചും മറ്റും’.

പിന്നീട് ഇവനെ പഠിക്കാൻ വിടുന്നില്ലേ എന്ന് ഒരു അദ്ധ്യാപകൻ ചോദിച്ചതോടെയാണ് തലശ്ശേരി ബ്രണ്ണൻ കോളജിൽ ചേർക്കുന്നത്. അതിനുള്ള പണം കണ്ടെത്തിയതും ജേഷ്ഠന്മാരുടെ കഠിന അധ്വാനം ആയിരുന്നു. പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവിനെ രൂപപ്പെടുത്തിയത് സത്യത്തിൽ ബ്രണ്ണൻ കോളജ് ആയിരുന്നു.

ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കാത്ത മുഖ്യസ്ഥൻ

എവിടെനിന്നോ പൊട്ടിമുളച്ച ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത മുരടനായ ഒരു വ്യക്തിയായാണ് മാധ്യമങ്ങൾ ഒരുകാലത്ത് പിണറായി വിജയനെ ചിത്രീകരിച്ചിരുന്നത്. എന്നാൽ അങ്ങനെയല്ല കാര്യങ്ങളെന്ന് ബ്രണ്ണൻ കോളജിലെ ചുവരുകൾ പോലും പറയും. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമായ ബ്രണ്ണൻ കോളജിൽ അതിശക്തമായ സംഘടനാ സാന്നിധ്യമായിരുന്നു പിണറായി വിജയൻ. പ്രീ യൂണിവേഴ്സിറ്റിക്ക് ചേർന്ന അന്ന് തൊട്ട് തുടങ്ങിയ പ്രവർത്തനം അദ്ദേഹത്തെ എസ്.എഫ്.ഐയുടെ ആദ്യ രൂപമായ കേരളാ സ്റ്റുഡന്റ് ഫെഡറേഷന്റെ (കെ.എസ്.എഫ്) നേതൃ നിരയിലേക്ക് ഉയർത്തി. ആത്മസുഹൃത്തുമായിരുന്ന പ്രൊഫ. എൻ മുകുന്ദൻ ബ്രെണ്ണനൈറ്റ്സ് മാഗസിനിൽ പിണറായിയെക്കുറിച്ച് എഴുതിയ ലേഖനം ഇങ്ങനെയാണ്. ‘മുഖ്യസ്ഥനിൽനിന്ന് മുഖ്യമന്ത്രി പദത്തിലേക്ക്’. എല്ലാകാര്യങ്ങളിലും ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്നവർക്ക് കൊടുത്തിരുന്ന പേരായിരുന്നു മുഖ്യസ്ഥൻ.

തോണിക്കടത്തിനെതിരെ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് നടത്തിയ പ്രക്ഷോഭം അയിരുന്നു പിണറായി ആദ്യമായി നേരിട്ട് നയിച്ച ഒരു സമരം. അതോടെയാണ് മുഖ്യസ്ഥൻ എന്ന പേര് ഉറച്ചത്. ബ്രണ്ണൻ കോളജിൽ ആക്രമങ്ങളും പതിവായി നടന്ന കാലമായിരുന്നു അത്. കോൺഗ്രസ് നേതാവ് കെ സുധാകരൻ പറയുന്നത് തങ്ങളുടെ അടി കൊണ്ട് പിണറായി വിജയനൊക്കെ ഓടിയിട്ടുണ്ട് എന്നതാണ്. ശരിയായിരിക്കും. കിട്ടിയ തല്ലുകൾ തന്നെയായിരിക്കണം നിർഭയനായ ഒരു പോരാളിയാക്കി പിണറായി വളർത്തിയത്. അടിച്ചും കൊടുത്തും പ്രസംഗിച്ചും ചർച്ചചെയ്തും പിണറായിയെന്ന രാഷ്ട്രീയ നേതാവിനെ ബ്രണ്ണൻ കോളജ് രൂപപ്പെടുത്തി. ഒന്നാന്തരം ഒരു ബാഡ്മിന്റൻ കളിക്കാരൻ കൂടിയായിരുന്നു പിണറായി എന്ന അന്നത്തെ സുഹൃത്തുക്കൾ ഓർക്കുന്നു. സിനിമയിലും സാഹിത്യത്തിലും തൽപ്പരനായ, തമാശ നന്നായി ആസ്വദിക്കുന്ന വ്യക്തിയും.

ബ്രണ്ണനിൽ പഠിക്കുമ്പോൾ തന്നെ കെ.എസ്.വൈ.എഫിന്റെ ജില്ലാസെക്രട്ടറിയായി അദ്ദേഹം ഉയർന്നു. പിന്നീട് സംസ്ഥാന സെക്രട്ടറിയായി. ധനതത്വശാസ്ത്രത്തിൽ ബിഎ നേടി ബ്രണ്ണനിൽനിന്ന് പിണറായി പുറത്തുവരുമ്പോൾ കണ്ണൂർ ജില്ലയിലെ ഏറ്റവും അറിയപ്പെടുന്ന നേതാവായി അദ്ദേഹം വളർന്നിരുന്നു.

ഊരിപ്പിടച്ച കത്തികൾക്കിടയിലൂടെ നടന്ന കമ്മ്യൂണിസ്റ്റ്

ഇന്ന് ആർഎസ്എസിന്റെ ഊരിപ്പിടച്ച കത്തികൾക്കിടയിലൂടെ നടന്നുപോയതും, ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കാതെ ജീവിച്ചതുമെല്ലാം ഇന്നത്തെ തലമുറക്ക് വെറും തള്ളായി തോന്നാം. പക്ഷേ അത് ചരിത്രമാണ്. ​ഗണേഷ് ബീഡി സമരം തൊട്ട് തലശ്ശേരി കലാപംവരെയുള്ള എത്രയോ സംഭവങ്ങൾ. പ്രശ്‌ന കലുഷിതമായ തലശ്ശേരിയിൽ സിപിഎം മണ്ഡലം സെക്രട്ടറിയാവാൻ പിണറായി നിയോഗിക്കപ്പെട്ടത് വെറും ഇരുപത്തിമൂന്നാം വയസ്സിലാണ്. ജനസംഘവും ആർഎസ്എസ്സും സി.പിഎമ്മിന് കടുത്ത വെല്ലുവിളി ഉയർത്തിയ കാലം. ദിനേശ് ബീഡിയെ തകർക്കാൻ കർണാടകയിൽ നിന്ന് മാംഗ്ലൂർ ഗണേശ് ബീഡിക്കമ്പനി മുതലാളിമാർ ഇറക്കുമതി ചെയ്ത ക്രിമിനലുകൾ സൃഷ്ടിച്ച ഭീകരതയിൽ ഈ പ്രദേശം കിടിലം കൊണ്ടു. ഇതിനെതിരെ പ്രതിരോധം ഉയർത്തുന്നതിലും പിണറായി മുൻപന്തിയിൽ നിന്നു. കത്തിയും വടിയുമായി ആർഎസ്എസുകാർ കാത്തിരക്കുമ്പോഴും പിണറായി അക്ഷോഭ്യനായി നടന്നു. ഈ കൂസലില്ലായ്മ തന്നെയാണ് അദ്ദേഹത്തിന്റെ ജീവിത വിജയത്തിന്റെ അടിസ്ഥാനവും. മുതലാളിമാരോടും ഗുണ്ടകളോടും ഒരുപോലെ പടവെട്ടി കണ്ണൂരിൽ ദിനേശ് ബീഡി സഹകരണ സംഘത്തെ വേരുപിടിപ്പിച്ചതിലും വിജയന്റെ പങ്ക് വിസ്മരിക്കാൻ ആവില്ല.

നിയമസഭയിൽ എത്തിയത് 26മത്തെ വയസ്സിൽ

1970ൽ തന്റെ 26മത്തെ വയസ്സിൽ പിണറായി വിജയൻ കൂത്തുപറമ്പിൽനിന്ന് എംഎൽഎയായി നിയമസഭയിലെത്തി. പിണറായി വിജയൻ കേരളമനസാക്ഷിയുടെ നൊമ്പരമായി മാറിയത് ഒറ്റ നിയമസഭാ പ്രസംഗത്തിലൂടെയാണ്. അടിയന്തരാവസ്ഥക്കാലത്ത് താൻ നേരിട്ട ക്രൂരമർദനങ്ങളുശട സാക്ഷിപത്രമായി ചോര പുരണ്ട് ഷർട്ട് ഉയർത്തിക്കാട്ടിയ നിയമസഭാ പ്രസഗം ഇന്ന് ചരിത്രമാണ്. ആഭ്യന്തരമന്ത്രി കെ കരുണാകരനെ പ്രതിക്കൂട്ടിൽ നിർത്തിയ ആ പ്രസംഗം നിയമസഭാ രേഖകളിലെ തിളങ്ങുന്ന അധ്യായമാണ്. അടിയന്തിരാവസ്ഥയിൽ പൊലീസ് അദ്ദേഹത്തിന്റെ കാലു തല്ലിതകർക്കുകയും ദേഹമാസകലം ഉരുട്ടിപീഡിപ്പിക്കുകയും ചെയ്തതാണ്. നട്ടെല്ലിൽ ഏറ്റ പരിക്കുകൊണ്ട് ഇപ്പോഴും കടുത്ത വേദന അനുഭവിച്ചാണ് അദ്ദേഹം പൊതു മണ്ഡലത്തിൽ സജീവമായി ഇടപെടുന്നത്. ലോകപ്പ് മുറയിൽ പൊലീസുകാർ നിരന്നുനിന്ന് വീഴുംവരെ മർദിക്കയായിരുന്നു. എന്നിട്ടും അതിന് ഇടയാക്കിയ പൊലീസുകാരോട് അദ്ദേഹം വൈരാഗ്യം വെച്ചു പുലർത്തിയില്ല. ജയിലിൽവെന്ന് കണ്ടപ്പോൾ മർദിച്ച ഓഫീസറോട് ‘ഇനിയും നിങ്ങൾക്ക് മർദിക്കാം ഇതാ കാല് ശരിയായി എന്നാണ്’ അദ്ദേഹം പറഞ്ഞത്. പൊലീസുകാർ കരുണാകരന്റെ വെറും ഉപകരണങ്ങൾ മാത്രമാണെന്നാണ്, പിണറായി പ്രതികരിച്ചത്.

അന്നത്തെ നിയമസഭാ പ്രസംഗത്തിൽ പിണറായി ഇങ്ങനെ പറഞ്ഞു. ‘മിസ്റ്റർ കരുണാകരനോട് എനിക്കു ഒന്നു മാത്രമേ പറയാനുള്ളു. നമ്മൾ വളരെ ശക്തിയായി പലതും സംസാരിച്ചിട്ടുണ്ട്, പറഞ്ഞിട്ടുണ്ട്. ഇനിയും പലതും സംസാരിക്കും. ഞാൻ ശ്രീ അച്ചുതമേനോന് എഴുതിയ കത്തിൽ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. ഇതാർക്കും അടക്കി നിർത്താൻ കഴിയുകയില്ല. ഇത് രാഷ്ട്രീയമല്ലേ? കമ്യൂണിസ്ററ് പാർട്ടിയിൽ ആർക്കെല്ലാം എന്തെല്ലാം സഹിക്കേണ്ടിവന്നിട്ടുണ്ട്? പൊലീസ് ലോക്കപ്പിൽ വച്ച് മരിച്ചവരില്ലേ? പ്രക്ഷോഭണത്തിന്റെ മുന്നിൽ വെടിയേറ്റു മരിച്ചവരില്ലേ? ഗുണ്ടകളുടെ കത്തിക്കുത്തേറ്റും വെടിയുണ്ട കൊണ്ടും മരിച്ചവരില്ലേ? ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ പാർട്ടിയിൽ നിൽക്കുന്നത്. ഇതെല്ലാം ഏതെങ്കിലും ഘട്ടത്തിൽ സംഭവിച്ചേക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ടല്ലേ ഈ പാർട്ടിയിൽ നിൽക്കുന്നത്. അവരെയെല്ലാം പൊലീസ് ലോക്കപ്പിലിട്ട് നാലു പൊലീസുകാരെ ഏൽപ്പിച്ച് ഒരു സർക്കിൾ ഇൻസ്പെക്ടറെകൂടി നിർത്തി, തല്ലി ശരിപ്പെടുത്തി ഒന്ന് ഒതുക്കി കളയാമെന്നാണെങ്കിൽ അത് അപ്പോൾ ഒതുങ്ങും. പിന്നീട് കൂടുതൽ ശക്തിയോടുകൂടിതന്നെ രംഗത്തുവരും. ഇതുമാത്രമേ എനിക്ക് കരുണാകരനോട് പറയാനുള്ളു.’- ഈ പ്രസംഗം നടക്കുമ്പോൾ നിയമസഭ സ്തംബ്ധമായി നിൽക്കയായിരുന്നു.

അടിയന്തിരാവസ്ഥക്കാലത്തെ കൊടിയ മർദനത്തിനും ജയിൽവാസത്തിനും ശേഷമാണ് പിണറായി വിവാഹിതനാവുന്നത്. അന്ന് കൂത്തുപറമ്പ് എംഎൽഎയും കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥയിലെ മർദ്ദനങ്ങൾക്കുശേഷം വിവാഹത്തിനു മുമ്പ് പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നതായി ഭാര്യ കമല വിജയൻ ഓർക്കുന്നു. പാർട്ടി മൂൻകൈയെടുത്താണ് ഇരുകുടുംബങ്ങളെയും ഒന്നിപ്പിച്ചത്. അന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ പേരിലാണ് കല്യാണക്കുറി. ‘സ. പിണറായി വിജയനും തൈക്കണ്ടിയിൽ ആണ്ടിമാഷുടെ മകൾ ടി.കമലയും 1979 സെപ്റ്റംബർ 2ാം തീയതി തലശ്ശേരി ടൗൺ ഹാളിൽ വച്ച് നടക്കുന്നതാണ്. താങ്കളുടെ സാന്നിദ്ധ്യം അഭ്യർത്ഥിക്കുന്നു എന്നാണ്’ ലളിതമായ കല്യാണക്കത്തിലെ വാചകങ്ങൾ.

അടിയന്തരാവസ്ഥക്കുശേഷമുള്ള തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വലിയ തിരിച്ചടി കിട്ടിയെങ്കിലും 77ൽ പിണറായി കൂത്തുപറമ്പിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പിന്നെ 91ൽ കൂത്തുപറമ്പിൽനിന്നും 96ൽ പയ്യന്നൂരിൽ നിന്നും എംഎൽഎയായി. 96ൽ നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രി ആയതോടെയാണ് പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ രണ്ടാംഘട്ടം തുടങ്ങുന്നത്.

വൈദ്യുത മന്ത്രിയെന്ന നിലയിൽ മികച്ച പ്രകടനമാണ് പിണറായി കാഴ്ചവെച്ചത്. അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയും പ്രൊഫഷണലിസവും ഈ മേഖലയിൽ വലിയ മാറ്റമുണ്ടാക്കി. അക്കാലത്ത് ഇന്ത്യാടുഡെ നടത്തിയ സർവേയിൽ നായനാർ മന്ത്രിസഭയിലെ മികച്ച മന്ത്രിയായി തിരഞ്ഞെുടക്കപ്പെട്ടത് പിണറായി ആയിരുന്നു.

ജനപ്രീതി ഉയർത്താനെത്തിയ പ്രളയവും കോവിഡും

പോളിറ്റ് ബ്യൂറോ ബൂത്ത് പിടുത്തത്തിലൂടെ മുഖ്യമന്ത്രിയാക്കിയ വ്യക്തി എന്നായിരുന്നു പിണറായി വിജയൻ മുഖ്യമന്ത്രി ആയപ്പോൾ ഉയർന്ന പ്രധാന വിമർശനം. വി എസിനെ കാണിച്ച് തെരഞ്ഞെടുപ്പ് ജയിച്ച ശേഷം പിണറായി വിജയൻ മുഖ്യമന്ത്രി ആകുകയായിരുന്നു. മുഖ്യമന്ത്രി കസേരയിൽ ഇരിക്കുമ്പോഴും അത്രമേൽ ജനപ്രിയൻ ഒന്നുമായിരുന്നില്ല പിണറായി. പിണറായി നേരിട്ട് നയിച്ച് ഒരു തെരഞ്ഞെടുപ്പും വിജയിച്ചില്ലെന്നും അവർ ആരോപിച്ചു. പക്ഷേ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ ഗംഭീര വിജയം ഈ ധാരണകളെ മാറ്റിമറിച്ചു. പിന്നീട് വന്ന പ്രളയവും ഇപ്പോഴൂള്ള കോവിഡും അദ്ദേഹത്തിന്റെ ജനപ്രീതി ഉയർത്തി. അടുത്തവന്ന പല അഭിപ്രായ സർവേകളിലും പിണറായിയുടെ ജനപ്രീതി ഉയർന്നതായാണ് ചൂണ്ടിക്കാട്ടുന്നത്. അസുഖ ബാധിതനായിട്ടും മിനസോട്ടയിലെ മായോ ക്ലിനിക്കിലെ ചികിത്സതേടാൻ പോകേണ്ടിയിരുന്നു അദ്ദേഹം ആ യാത്രമാറ്റിവച്ചാണ് പ്രളയകാലത്ത് കേരളത്തിനൊപ്പം നിന്നത്. എല്ലാദിവസവും മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാത്ത മാധ്യമങ്ങളെ അകറ്റിനിർത്തുന്ന രാഷ്ട്രീയനേതാവ് എന്ന ആക്ഷേപത്തിന് സ്വന്തം പ്രവർത്തി കൊണ്ട് അദ്ദേഹം ഉചിതമായ മറുപടി നൽകി. സമാനമായ സംഭവങ്ങളാണ് കോവിഡ് കാലത്തും കണ്ടത്.

പിണറായിയുടെ രാഷ്ട്രീയ ജീവിതം ഒറ്റനോട്ടത്തിൽ

1964 ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്)യിൽ ചേർന്നു

1968 സി പി ഐ(എം)ന്റെ കണ്ണൂർ ജില്ലാ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1970 കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ നിന്നും പി എസ് പിയുടെ തായത്ത് രാഘവനെ പരാജയപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ ആദ്യ കേരള അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയിച്ചു.

1972 സി പി ഐ (എം) നു വേണ്ടി കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി

1977 ആർ എസ് പിയുടെ അബ്ദുൾഖാദറെ പരാജയപ്പെടുത്തിക്കൊണ്ട് രണ്ടാം തവണ കൂത്തുപറമ്പിൽ നിന്നും തിരഞ്ഞെടുപ്പ വിജയിച്ചു.

1978 സി പി ഐ (എം) കേരള സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1986 സി പി ഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

1988 സി പി ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി.

1991 ഐ എൻ സിയുടെ പി രാമകൃഷ്ണനെ പരാജയപ്പെടുത്തി കൂത്തുപറമ്പിൽ നിന്നും മൂന്നാം തവണ തിരഞ്ഞെടുപ്പിൽ വിജയിച്ചു.

1996 കേരളത്തിൽ വൈദ്യുതി മന്ത്രിയായും സഹകരണ മന്ത്രിയായും സേവനമനുഷ്ഠിച്ചു.

1996 ഐ എൻ സിയുടെ കെ എൻ കണ്ണോത്തിനെ പരാജയപ്പെടുത്തിക്കൊണ്ട് പയ്യന്നൂർ സീറ്റിൽ നിന്നും അസംബ്ലി തിരഞ്ഞെടുപ്പ് ജയിച്ചു.

1998 സി പി ഐ (എം)ന്റെ കേരള സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

2002 സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗമായി

2016 ധർമ്മടം നിയോജകമണ്ഡലത്തിൽ ഐ എൻ സിയുടെ മമ്പറം ദിവാകരനെ പരാജയപ്പെടുത്തിയതിനുശേഷം കേരള മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

2021: മുഖ്യമന്ത്രിയായിരിക്കെ ധർമ്മടത്ത് നിന്നും മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും വിജയം. ഇടത് സർക്കാരിന് ഭരണത്തുടർച്ച.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close